This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്മയാനന്ദസ്വാമി (1916 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്മയാനന്ദസ്വാമി (1916 - 93)

കേരളീയ യോഗിവര്യന്‍. ഗീതാപ്രഭാഷണയജ്ഞങ്ങളിലൂടെ ലോകപ്രശസ്തനായിത്തീര്‍ന്ന ഇദ്ദേഹം 1916 മേയ് 8-ന് തൃശൂരില്‍ ജനിച്ചു. കൊച്ചി സംസ്ഥാനത്തെ മുന്‍സിഫ് ആയിരുന്ന കുട്ടന്‍ മേനോന്‍ ആയിരുന്നു പിതാവ്; കൊച്ചി സംസ്ഥാനത്തെ ചീഫ് ജസ്റ്റിസായിരുന്ന ബാരിസ്റ്റര്‍ പി. നീലകണ്ഠമേനോന്റെ സഹോദരി മങ്കുഅമ്മ മാതാവും. ബാലകൃഷ്ണമേനോന്‍ എന്നായിരുന്നു മാതാപിതാക്കള്‍ ഇദ്ദേഹത്തിന് നല്കിയ പേര്.

തൃശൂര്‍ ശ്രീരാമവര്‍മ ബോയ്സ് സ്കൂളിലായിരുന്നു ബാലകൃഷ്ണമേനോന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എറണാകുളത്തും ലഖ്നൗവിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലഖ്നൗ സര്‍വകലാശാലയില്‍ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ., എല്‍.എല്‍.ബി. എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കിയത്. കുട്ടിക്കാലത്ത് ആഡംബരജീവിതത്തില്‍ തത്പരനായിരുന്ന ബാലകൃഷ്ണന്‍ കോളജില്‍ എത്തിയതോടെ എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന സ്വഭാവക്കാരനായി. കായികരംഗത്ത് പ്രത്യേക താത്പര്യം പുലര്‍ത്തിയിരുന്ന ഈ യുവാവ് ലഖ്നൗ സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് ടെന്നീസും കളിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ബാലകൃഷ്ണന്‍ കുറേക്കാലം പത്രപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ചു. നാഷണല്‍ ഹെറാള്‍ഡിലും മറ്റു പല പ്രസിദ്ധീകരണങ്ങളിലും മേനോന്‍ എഴുതിയ സംഭവകഥകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. ഭൗതിക ജീവിതത്തെ ഗ്രസിക്കുന്ന മോഹസഞ്ചയം അയഥാര്‍ഥമെന്ന് മനസ്സിലാക്കിയ മേനോന്‍ ആത്മീയതയിലേക്ക് തിരിഞ്ഞു. വേദാന്തഗ്രന്ഥങ്ങള്‍ നിരന്തരം പാരായണം ചെയ്തു.

സ്വാമി വിവേകാനന്ദന്‍, സ്വാമി ശിവാനന്ദ, ദയാനന്ദസരസ്വതി, സ്വാമി രാമതീര്‍ഥന്‍ തുടങ്ങിയ ആത്മീയാചാര്യന്മാരുടെ ആശയങ്ങളും പ്രഭാഷണങ്ങളും ഇക്കാലത്ത് ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഗുഹാന്തരങ്ങളിലിരുന്ന് തപസ്സുചെയ്യുന്ന സന്ന്യാസിമാരെക്കുറിച്ചറിയാന്‍ മേനോന് ആകാംക്ഷയായി. 1947-ല്‍ ബാലകൃഷ്ണമേനോന്‍ ഋഷികേശത്തിലേക്ക് യാത്രതിരിച്ചു. സ്വാമി ശിവാനന്ദ സരസ്വതിയുടെ ആശ്രമത്തിലാണിദ്ദേഹം ചെന്നത്തിയത്. സന്ന്യാസജീവിതത്തിലും ഋഷിമാരുടെ ജ്ഞാനത്തിലും ഇദ്ദേഹത്തിന് ആദരം ജനിച്ചു. മേനോന്റെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം സ്വാമി ശിവാനന്ദയുടെ സവിശേഷ ശ്രദ്ധയ്ക്ക് വിധേയമായി. ഇദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മാസികയുടെ എഡിറ്റിങ് ജോലി മേനോനാണ് നിര്‍വഹിച്ചത്. പിന്നീട് ഇദ്ദേഹം ദില്ലിയിലേക്ക് മടങ്ങി.

കുറേ കാലത്തിനുശേഷം സന്ന്യാസം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ബാലകൃഷ്ണമേനോന്‍ സ്വാമി ശിവാനന്ദയെ വീണ്ടും സമീപിച്ചു. 1949 ഫെ. 25-ന് മഹാശിവരാത്രി ദിവസം ഋഷികേശ് ശിവാനന്ദാശ്രമത്തില്‍വച്ച് ബാലകൃഷ്ണമേനോന്‍ സന്ന്യാസം സ്വീകരിച്ച് സ്വാമി ചിന്മയാനന്ദനായി മാറി.

സന്ന്യാസം സ്വീകരിച്ചതിനുശേഷം വേദാന്ത പഠനത്തിനായി സ്വാമി ചിന്മയാനന്ദന്‍, സ്വാമി തപോവനത്തിന്റെ ആശ്രമത്തിലെത്തി. അദ്ദേഹത്തില്‍നിന്നും ഗീതയും വേദോപനിഷത്തുകളും പഠിച്ചു. 1951 മുതല്‍ ഗീതാ യജ്ഞപരമ്പരകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഇദ്ദേഹം ജനമധ്യത്തിലേക്കിറങ്ങി. ആദ്യത്തെ യജ്ഞം പൂനയില്‍ വച്ചായിരുന്നു. 'നമുക്ക് ഹിന്ദുക്കളാകാം' എന്നായിരുന്നു പ്രഭാഷണ വിഷയം. കേനോപനിഷത്തിനെ അധികരിച്ചുള്ള ആദ്യത്തെ യജ്ഞത്തില്‍ 18 പേര്‍ മാത്രമേ സംബന്ധിച്ചുള്ളൂ. ക്രമേണ പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചു. ആംഗലഭാഷയില്‍ അനിതരസാധാരണമായ വാഗ്വൈഭവം സ്വായത്തമാക്കിയിട്ടുള്ള സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എന്നും ആയിരക്കണക്കിന് ആളുകള്‍ കൂടുക പതിവായിരുന്നു. ഡല്‍ഹിയില്‍വച്ച് നടന്ന പതിമൂന്നാമത്തെ യജ്ഞം മുതല്‍ ഭഗവദ്ഗീതയാണ് മുഖ്യ പ്രഭാഷണ വിഷയമാക്കിയത്.

പൂര്‍വര്‍ഷിമാരുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഒരു മിഷന്‍ സ്ഥാപിക്കണമെന്ന് ശിഷ്യഗണങ്ങള്‍ സ്വാമിയെ നിര്‍ബന്ധിച്ചിരുന്നു. അതിന്‍പ്രകാരം 1953-ല്‍ സ്വാമിജി ചിന്മയാമിഷന്‍ ആരംഭിച്ചു. രണ്ട് വര്‍ഷംകൊണ്ട് ചിന്മയാമിഷന് 100 ശാഖകള്‍ ഉണ്ടായി. യുവജനങ്ങള്‍ക്ക് സനാതനമൂല്യങ്ങളെക്കുറിച്ച് വെളിച്ചം പകരുന്നതിന് 1963-ല്‍ മുംബൈയില്‍ സാന്ദീപനി സാധനാലയം തുടങ്ങി. അവിടെ യുവതീയുവാക്കള്‍ക്ക് ശാസ്ത്രപഠനത്തിനും സാധനാനുഷ്ഠാനത്തിനുമുള്ള പരിശീലനം നല്കിവരുന്നു. ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ധാരാളംപേര്‍ ഇവിടെവന്ന് പരിശീലനം പൂര്‍ത്തിയാക്കി ആത്മമോക്ഷത്തിനായി ലോകസേവനം നടത്തിവരുന്നുണ്ട്. 1964-ല്‍ ഗീതാജ്ഞാനയജ്ഞത്തിനായി സ്വാമി വിദേശയാത്ര ആരംഭിച്ചു. തന്റെ അന്ത്യനിമിഷംവരെ ആ ആധ്യാത്മിക ജൈത്രയാത്ര തുടരുകയായിരുന്നു; വിശ്രമമില്ലാത്ത യജ്ഞങ്ങളില്‍നിന്നും യജ്ഞങ്ങളിലേക്കുള്ള തീര്‍ഥയാത്ര. 1993 ആഗ. 3-ന് യു.എസ്സിലെ സാന്‍ഡിയാഗോവിലുള്ള ഷാര്‍പ്പ് മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് 77-ാമത്തെ വയസ്സില്‍ ചിന്മയാനന്ദസ്വാമി സമാധിയായി. ആരെയും അതിയായി ആകര്‍ഷിക്കുന്ന ആകാരസൗഷ്ഠവവും ആംഗലേയഭാഷയിലുള്ള അത്യുജ്ജ്വലവാഗ്മിത്വവും വേദോപനിഷത്തുക്കളും ഗീതയും ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനുള്ള കഴിവുമാണ് സ്വാമിജിയെ ലോകാരാധ്യനാക്കി മാറ്റിയത്.

ജീവിതത്തിന്റെ നാനാതുറകളിലുംപെട്ടവര്‍ക്ക് ആത്മവികാസത്തിനായി വിവിധ പ്രസ്ഥാനങ്ങള്‍ക്ക് ചിന്മയാനന്ദസ്വാമി രൂപംനല്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ബാലവിഹാര്‍, യുവജനങ്ങള്‍ക്കുള്ള യുവകേന്ദ്രം, സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദേവീഗ്രൂപ്പ്, ശാസ്ത്രകുതുകികളായവര്‍ക്കുള്ള പഠനസംഘങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ആശ്രമങ്ങളും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഭാരതത്തില്‍ ഇപ്പോള്‍ 50-ല്‍ അധികം ചിന്മയാവിദ്യാലയങ്ങള്‍ ഉണ്ട്. കോളജുകള്‍, ആശുപത്രികള്‍, ഹരിഹര സ്കൂള്‍, ചിന്മയ ഡയനോസീസ് സെന്റര്‍, ആതുരാലയങ്ങള്‍ എന്നിവയും സ്വാമിജിയുടെ പേരില്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തില്‍ പിറവം എന്ന സ്ഥലത്ത് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിന്മയാമിഷന് 200-ല്‍ അധികം കേന്ദ്രങ്ങള്‍ ഉണ്ട്. ചിന്മയാമിഷന്റെ ഹെഡാഫീസ് മുംബൈയിലെ സെന്‍ട്രല്‍ ചിന്മയാമിഷന്‍ ട്രസ്റ്റാണ്. സ്വാമി തേജോമയാനന്ദനാണ് ചിന്മയാമിഷന്‍ ട്രസ്റ്റിന്റെ ഇപ്പോഴത്തെ പരമാചാര്യനും ചെയര്‍മാനും.

(സ്വാമി സത്യാനന്ദ; ആര്‍.വി. തമ്പി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍