This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നമ്മു അമ്മ പഴയന്നൂര്‍ (1900 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നമ്മു അമ്മ പഴയന്നൂര്‍ (1900 - 77)

നര്‍ത്തകി. ദീര്‍ഘകാലം കേരള കലാമണ്ഡലത്തിലെ മോഹിനിയാട്ടം വിഭാഗത്തില്‍ അധ്യാപിക (ആശാട്ടി) ആയിരുന്നു. 1900-ത്തില്‍ പഴയന്നൂരിലെ പ്രസിദ്ധമായൊരു കുടുംബത്തില്‍ ജനിച്ചു. കളമൊഴി കൃഷ്ണമേനോന്‍ എന്ന വിഖ്യാതനട്ടുവന്റെ ശിഷ്യയായി മോഹിനിയാട്ടത്തില്‍ പ്രാവീണ്യംനേടി.

1950-നോടടുപ്പിച്ച് വള്ളത്തോള്‍ മോഹിനിയാട്ട പുനരുദ്ധാരണത്തിനായുള്ള രണ്ടാംഘട്ട ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് ചിന്നമ്മു അമ്മ ശ്രദ്ധേയയായത്. അന്ന് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത് മ്ളേച്ഛമാണെന്ന് കരുതപ്പെട്ടിരുന്നതിനാല്‍ പഠിക്കാനോ പഠിപ്പിക്കാനോ ആരെയും കിട്ടിയിരുന്നില്ല. കൗമാരദശയില്‍ത്തന്നെ ഈ നൃത്തത്തില്‍ വൈദഗ്ധ്യം നേടിയെങ്കിലും പിന്നീട് അത് തുടരാതിരുന്ന ചിന്നമ്മു അമ്മ വളരെയധികം നിര്‍ബന്ധങ്ങള്‍ക്കും അഭ്യര്‍ഥനകള്‍ക്കും ശേഷമാണ് കലാമണ്ഡലത്തിലെ ആശാട്ടി സ്ഥാനം സ്വീകരിച്ചത്. അവിടെവച്ച് ഓര്‍മയുള്ളവ പഠിപ്പിച്ചും പുതിയ പദങ്ങള്‍ സംവിധാനം ചെയ്തും അവര്‍ ശ്രദ്ധേയയായി. വൈകാതെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി നിരവധി സ്ത്രീകള്‍ അവരുടെ ശിഷ്യത്വം സ്വീകരിച്ചു. സത്യഭാമ, ഹൈമവതി എന്നിവര്‍ അവരില്‍ ചിലരാണ്. 11 കൊല്ലം ചിന്നമ്മു അമ്മ അവിടത്തെ അധ്യാപികയായിരുന്നു. മന്ദമായ പദവിന്യാസങ്ങളോടും മൃദുലമായ അംഗചലനങ്ങളോടും സംസ്കാരസമ്പന്നമായ അഭിനയരീതികളോടുംകൂടിയ ശൈലിയായിരുന്നു ഇവരുടേത്. ഇതാണ് പിന്നീട് ചെറിയ വ്യത്യാസങ്ങളോടും പരിഷ്കാരങ്ങളോടുംകൂടി കലാമണ്ഡലം ശൈലിയായി മാറിയത്.

1972-ല്‍ സംഗീതനാടക അക്കാദമി ഇവരുടെ സേവനങ്ങളെ ആദരിച്ചു. 1977 ആഗ. 4-ന് ചിന്നമ്മു അമ്മ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍