This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്നക്കൊക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്നക്കൊക്ക്

Little Green Heron

കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ചെറുപക്ഷി. സിക്കോണി ഫോമിസ് (Ciconiformes) പക്ഷിഗോത്രത്തിലെ സിക്കോണിഡേ (Ciconiidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാസ്ത്രനാമം: ബുട്ടോറിഡെസ് സ്ട്രയേറ്റസ് (Butorides striatus). പക്ഷിക്ക് മൊത്തത്തില്‍ ചാരനിറമാണ്. മുകള്‍ഭാഗത്ത് നേരിയ ഒരു പച്ചഛായയും ചിറകുകളില്‍ മങ്ങിയ പച്ചവരകളും ഉണ്ട്. ശരീരത്തിന്റെ അടിഭാഗത്തിനു ചാരനിറമാണ്. കണ്ണിനു മുകളിലായി അമര്‍ന്നുകിടക്കുന്ന കറുപ്പുനിറത്തിലുള്ള ശിഖയും കാണപ്പെടുന്നു. വാല്‍ കുറുകിയതും കൊക്ക് നീണ്ടുകൂര്‍ത്തതുമാണ്.

ചിന്നക്കൊക്ക്

ജലാശയങ്ങള്‍ക്ക് സമീപത്താണ് ചിന്നക്കൊക്കിനെ സാധാരണ കാണാറുള്ളത്. ഇവ ഇര തേടുന്നതും വിശ്രമിക്കുന്നതും മിക്കവാറും ഒറ്റയ്ക്കാണ്. പറക്കുമ്പോള്‍ 'ക്ക്യോ' 'ക്ക്യോ' എന്ന് ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഒരു സ്ഥലത്ത് പറന്നുചെന്നിരിക്കുമ്പോള്‍ കുറുകിയ വാല്‍ പെട്ടെന്ന് നാലഞ്ചു പ്രാവശ്യം പൊക്കിത്താഴ്ത്തുന്ന പതിവും ഇവയ്ക്കുണ്ട്. ഇരപിടിക്കാനും തൂവലുകള്‍ വൃത്തിയാക്കാനും മാത്രമേ ഇവ കഴുത്ത് നീട്ടാറുള്ളൂ. ജലാശയങ്ങള്‍ക്ക് സമീപം വളരുന്ന കുറ്റിച്ചെടികളിലും മറ്റും ചിന്നക്കൊക്ക് ഇരയെക്കാത്ത് പതുങ്ങിയിരിക്കാറുണ്ട്. ചെറിയ ജലജന്തുക്കള്‍, ചെറുമത്സ്യങ്ങള്‍ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.

ചിന്നക്കൊക്കുകളുടെ സന്താനോത്പാദനകാലം മാര്‍ച്ച് മുതല്‍ മേയ് വരെയാണ്. ഉണങ്ങിയ സസ്യഭാഗങ്ങളും വള്ളികളും ചേര്‍ത്താണിവ കൂടുകെട്ടുന്നത്. മനുഷ്യശ്രദ്ധ അധികം പതിയാത്ത സ്ഥലങ്ങളിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലാണിവ കൂടുകെട്ടുക. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ചിന്നക്കൊക്കുകളെ സന്താനോത്പാദനഘട്ടത്തില്‍ മാത്രമേ ഇണകളായി കാണാറുള്ളൂ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തള്ളപ്പക്ഷി കൊക്കിനുള്ളില്‍ ശേഖരിച്ചുകൊണ്ടുവരുന്ന തീറ്റ നല്കിയാണ് വളര്‍ത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍