This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താമണ്‍ ദ്വാരക്നാഥ് ദേശ്മുഖ് (1896 - 1982)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താമണ്‍ ദ്വാരക്നാഥ് ദേശ്മുഖ് (1896 - 1982)

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. മഹാരാഷ്ട്രയില്‍ കൊളാബ ജില്ലയില്‍ നാട എന്ന സ്ഥലത്ത് 1896 ജനു. 14-ന് ജനിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ദേശ്മുഖ് 21 വര്‍ഷത്തെ സര്‍വീസിനുശേഷം 1941-ല്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ഗവണ്‍മെന്റിലും പുറത്തുമുള്ള ഉന്നതമായ പല പദവികളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 1943-49-ല്‍ റിസര്‍വ് ബാങ്കിന്റെ പ്രഥമ ഭാരതീയ ഗവര്‍ണറായി നിയമിതനായി. അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ അംബാസഡര്‍ ആയി പ്രവര്‍ത്തിച്ച ദേശ്മുഖ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യു.ജി.സി.യുടെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്ന ഇദ്ദേഹം ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടു. 1975-ല്‍ 'പദ്മവിഭൂഷണ്‍' ബഹുമതിക്ക് അര്‍ഹനായി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പല യൂണിവേഴ്സിറ്റികളും ഓണററി ഡോക്ടറേറ്റ് നല്കി ദേശ്മുഖിനെ ആദരിച്ചിട്ടുണ്ട്. പ്രസിദ്ധമായ രമോണ്‍ മഗ്സാസെ അവാര്‍ഡ് ലഭിച്ച ദേശ്മുഖ് ധനതത്ത്വശാസ്ത്രത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ദ കോഴ്സ് ഒഫ് മൈ ലൈഫ് (ആത്മകഥ), ഭഗവദ്ഗീതാ (വ്യാഖ്യാനം), ഇന്‍ ദ പോര്‍ട്ടല്‍സ് ഒഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 1982 ഒ. 2-ന് ഹൈദരാബാദില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍