This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താമണ്‍ കേല്‍ക്കര്‍, നരസിംഹ (1872 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താമണ്‍ കേല്‍ക്കര്‍, നരസിംഹ (1872 - 1947)

മറാത്തി സാഹിത്യകാരനും ചരിത്രകാരനും. 1872-ല്‍ ജനിച്ചു. നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, കവി, ജീവചരിത്രകാരന്‍, വിമര്‍ശകന്‍ എന്നീ നിലയില്‍ സമ്പന്നമായൊരു സാഹിത്യജീവിതം നയിച്ചിരുന്ന ഇദ്ദേഹം 'സാഹിത്യസമ്രാട്ട്' എന്ന ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്.

സരോജിന (1901), ചന്ദ്രഗുപ്തന്‍ (1913), വീര വിഡംബന്‍ (1919), സന്ത് ദാനദാസ് (1919), അന്തര്‍വാദ് (1928), ബലിദാന്‍ (1937), കവലാനി ധപി (1943) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ നാടകങ്ങള്‍. മഹാരാഷ്ട്രയിലെ സമുന്നതരായ കവികളിലൊരാളായിരുന്നു ഇദ്ദേഹം. കാവ്യോപഹാര്‍ (1927) ആണ് ശ്രദ്ധേയമായ കാവ്യസമാഹാരം. ഇംഗ്ലീഷില്‍ ഇദ്ദേഹം രചിച്ച ലോകമാന്യ തിലകന്റെ ജീവചരിത്രം സമഗ്രമായൊരു ജീവചരിത്രഗ്രന്ഥത്തിനുവേണ്ട സവിശേഷതകള്‍ ഒത്തിണങ്ങിയതാണ്. ഭാരതീയതത്ത്വജ്ഞാനം (1934), ജ്ഞാനേശ്വരീ സര്‍വസ്വം (1941) എന്നീ തത്ത്വചിന്താപരമായ കൃതികളും പാസിങ് ഫേസ് ഒഫ് പൊളിറ്റിക്സ് (1925) എന്ന രാഷ്ട്രീയഗ്രന്ഥവും ഇദ്ദേഹത്തിന്റെ ബഹുമുഖമായ പാണ്ഡിത്യത്തിന് നിദര്‍ശനമാണ്. മികച്ചൊരു പ്രഭാഷകനായിരുന്ന ഇദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ പ്ളെഷേഴ്സ് ആന്‍ഡ് പ്രിവിലേജസ് (1929) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതികളാണ് ഗതഗോഷ്ടി (1939), പത്രവ്യവഹാര്‍ (1941) എന്നിവ.

മറാത്തി സാഹിത്യത്തിലെ ഈ ബഹുമുഖപ്രതിഭയാണ് ലോകമാന്യ തിലകന്റെ മരണശേഷം കേസരി നടത്തിപ്പോന്നത്. 1947-ല്‍ ചിന്താമണ്‍ കേല്‍ക്കര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍