This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിന്താമണി, സി.വൈ. (1880 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിന്താമണി, സി.വൈ. (1880 - 1941)

ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും പത്രാധിപരും. 1880 ഏ. 11-ന് വിശാഖപട്ടണത്ത് ജനിച്ചു. എഫ്.എ. വരെ പഠിച്ചശേഷം ഇദ്ദേഹം പൊതുരംഗത്തേക്ക് തിരിഞ്ഞു. പത്രപ്രവര്‍ത്തനം ആണ് രാഷ്ട്രസേവനത്തിന് പറ്റിയ മാര്‍ഗമായി ഇദ്ദേഹം തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള ഇന്ത്യയിലെ മികച്ച പത്രാധിപന്മാരില്‍ ഒരാളായി ഗണിക്കപ്പെടുന്ന ചിന്താമണി 'ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ മാര്‍പ്പാപ്പ'യെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കോണ്‍ഗ്രസ്സുകാരനായിട്ടാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. അലഹബാദില്‍നിന്ന് പ്രസിദ്ധീകരിച്ചുവന്ന ദ് ഇന്ത്യന്‍ പീപ്പിള്‍ എന്ന ഇംഗ്ലീഷ് വാരികയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്കുകടന്ന ഇദ്ദേഹം പിന്നീട് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ആരംഭിച്ച (1909) ദ് ലീഡര്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ പത്രാധിപരായി. ലിബറല്‍ പാര്‍ട്ടിയുടെ മുഖപത്രമായി ദ ലീഡറെ ഉയര്‍ത്തിയത് ചിന്താമണിയുടെ പ്രവര്‍ത്തനമായിരുന്നു. ഇടയ്ക്ക് മൂന്നുവര്‍ഷം ഒഴികെ മരണംവരെ ഇദ്ദേഹം ദ ലീഡര്‍ എഡിറ്റുചെയ്തു. 17 വര്‍ഷം ഇദ്ദേഹം യു.പി. ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി (1916-23, 1926-36) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1930-ല്‍ ലണ്ടനില്‍നടന്ന വട്ടമേശസമ്മേളനത്തില്‍ ചിന്താമണിയും പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ നിയമനിഷേധപ്രസ്ഥാനത്തെ ഇദ്ദേഹം അനുകൂലിച്ചിരുന്നില്ല. എന്നാല്‍ നിസ്സഹരണപ്രസ്ഥാനത്തിന് വേണ്ടത്ര പിന്തുണ നല്കിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആക്കംകൂട്ടുന്നവയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയലേഖനങ്ങള്‍. 1941-ല്‍ ചിന്താമണി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍