This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദാനന്ദമൂര്‍ത്തി, എം. (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദാനന്ദമൂര്‍ത്തി, എം. (1931 - )

കന്നഡ ഭാഷാപാണ്ഡിതനും ഗ്രന്ഥകാരനും. 1931-ല്‍ ദാവണ്‍ഗെരെയില്‍ ജനിച്ചു. മൈസൂര്‍ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം 1953 മുതല്‍ 68 വരെ അവിടെ കന്നഡ ലക്ചററായി സേവനമനുഷ്ഠിച്ചു. 1968-ല്‍ ബാംഗ്ളൂര്‍ സര്‍വകലാശാലയില്‍ കന്നഡ പഠിപ്പിക്കുകയുണ്ടായി. സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രൊഫസര്‍ എന്ന നിലയിലും ചിദാനന്ദമൂര്‍ത്തി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുരാതന ലിഖിതങ്ങളുടെയും നാട്ടറിവുകളുടെയും പുനര്‍വായനയിലൂടെ നടത്തിയ സാംസ്കാരിക പഠനങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖ്യ സാഹിത്യസേവനം. അക്കൂട്ടത്തില്‍ ശിലാശാസനങ്ങളെ അവലംബമാക്കിയുള്ള ഭാഷാപഠനഗ്രന്ഥമായ കന്നഡ-ശാസനങ്കള്‍-സംസ്കൃതിക അധ്യയന എന്ന ഗ്രന്ഥം പ്രമുഖ സ്ഥാനം വഹിക്കുന്നു. ശൂന്യസമ്പദനെ എന്ന വിമര്‍ശനാത്മക ഗ്രന്ഥം മറ്റൊരു മികച്ച സംഭാവനയാണ്. ഭാഷാശാസ്ത്രതത്ത്വങ്ങള്‍ വിവരിക്കുന്ന ഒരു ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായുണ്ട്. ഇദ്ദേഹം നടത്തിയിട്ടുള്ള ഗഹനമായ ഗവേഷണങ്ങളുടെ സാക്ഷ്യങ്ങളായ 250-ലധികം പ്രബന്ധങ്ങളുണ്ട്. അവയില്‍ 22 ഗവേഷണ പ്രബന്ധങ്ങള്‍ വാഗര്‍ഥ എന്ന പേരില്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂര്‍ണസൂര്യഗ്രഹണ എന്ന സാംസ്കാരികാവലോകനമാണ് മറ്റൊരു കൃതി. ഇദ്ദേഹം രചിച്ചിട്ടുള്ള ജീവചരിത്രഗ്രന്ഥമായ ബസവണ്ണ കന്നഡ ജീവചരിത്രസാഹിത്യത്തിലെ മികച്ച മാതൃകയാണ്.

സമഗ്ര കന്നഡ സാഹിത്യചരിത്രത്തിന്റെ പത്രാധിപസമിതിയംഗം, കന്നഡ വിജ്ഞാനകോശത്തിന്റെ ഉപദേശകസമിതിയംഗം എന്നീ നിലകളിലും ചിദാനന്ദമൂര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍