This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരവാധ്യാര്‍, കെ. (1860 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരവാധ്യാര്‍, കെ. (1860 - 1940)

മലയാള വിവര്‍ത്തകനും ഗദ്യകാരനും. തിരുവനന്തപുരത്ത് കരമനയില്‍ കൃഷ്ണവാധ്യാരുടെയും വള്ളിയമ്മാളുടെയും മകനായി 1860-ല്‍ ജനിച്ചു. 19-ാം വയസ്സില്‍ സംസ്കൃതത്തില്‍ ബിരുദംനേടി. നിരവധി സര്‍ക്കാര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഹജൂര്‍ക്കച്ചേരിയിലെ ഹെഡ് ട്രാന്‍സ്ലേറ്റര്‍ ആയിരുന്നു.

കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ചാള്‍സ് ലാംബ് സംഗ്രഹിച്ചെഴുതിയ ആസ് യു ലൈക്ക് ഇറ്റ് എന്ന ഷെയ്ക്സ്പിയര്‍ നാടകം കാമാക്ഷീചരിതം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ഇദ്ദേഹം ഷെയ്ക്സ്പിയറുടെ വിന്റേഴ്സ് ടെയ്ല്‍, വര്‍ഷകാലകഥ എന്ന പേരിലും സിംബെലിന്‍, സിംഹളനാഥന്‍ എന്ന പേരിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. റിച്ചാര്‍ഡ് തൃതീയന്‍, മാക്ബത്ത്, റോമിയോവും ജൂലിയറ്റും തുടങ്ങിയവയാണ് മറ്റു ഷെയ്ക്സ്പിയര്‍ വിവര്‍ത്തനങ്ങള്‍. കണ്ണിങ്ഹാമിന്റെ സാനിറ്ററി ഡിന്നര്‍, ജെ.ടി. ഫൗളറുടെ ഡിസിപ്ലിന്‍ ആന്‍ഡ് ഇന്‍സ്ട്രക്ഷന്‍ എന്നിവ യഥാക്രമം ശരീരരക്ഷ, വ്യവസ്ഥിതിയും ബോധനവും എന്നീ പേരുകളില്‍ ഭാഷാന്തരീകരിച്ചിട്ടുണ്ട്. മികച്ച ഗദ്യ വിവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ മുഖ്യസംഭാവന ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വ്യാഖ്യാനസഹിതമുള്ള വിവര്‍ത്തനമാണ്.

പുനം നമ്പൂതിരിയുടെ രാമായണം ചമ്പുവിലെ 'രാവണോദ്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാവിവാഹം, വിച്ഛിന്നാഭിഷേകം, ബാലിവധം എന്നീ ഭാഗങ്ങള്‍ ആദ്യമായി സംശോധനം ചെയ്തു പ്രകാശിപ്പിച്ചത് ഇദ്ദേഹമാണ്. സ്വാതിതിരുനാള്‍ കൃതികള്‍ ആദ്യമായി സമാഹരിച്ചു പ്രസിദ്ധീകരിച്ചതും ചിദംബരവാധ്യാരാണ്.

കേരളവര്‍മയുടെ അധ്യക്ഷതയില്‍ രൂപവത്കൃതമായ പാഠപുസ്തകക്കമ്മിറ്റിയില്‍ വളരെക്കാലം അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മൗലികകൃതിയാണ് ക്ഷേത്രവ്യവഹാരം.

1940-ല്‍ ചിദംബരവാധ്യാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍