This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരം ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രം. തമിഴ്നാട്ടിലെ തെക്കന്‍ ആര്‍ക്കോട്ട് ജില്ലയിലുള്ള ചിദംബരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ശൈവമത വിശ്വാസികളുടെ കേന്ദ്രമാണിവിടം. 'ചിത്', 'അംബരം' എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നാണ് ചിദംബരം എന്ന പേര് ഉണ്ടായിട്ടുള്ളത്. ബുദ്ധിയുടെ അന്തരീക്ഷം എന്നാണ് ഇതിനര്‍ഥം. ശൈവമതത്തിനുണ്ടായിട്ടുള്ള വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും പ്രതീകംകൂടിയാണ് ഈ ക്ഷേത്രം. ഏഴാം ശതകത്തിലെ ശൈവമതാചാര്യന്മാരില്‍ സുപ്രസിദ്ധരായ അപ്പര്‍, സുന്ദരര്‍, ജ്ഞാനസംബന്ധര്‍, മണിക്കവാചകര്‍ എന്നീ 'നാല്‍വര്‍' ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അവരുടെ ഭക്തിപ്രധാനങ്ങളായ തേവാരങ്ങളും തിരുവാചകവും മറ്റുമാണ് ഇന്നും ശൈവഭക്തന്മാരുടെ അമൂല്യങ്ങളായ തിരുമന്ത്രങ്ങള്‍. തന്റെ പാദസ്പര്‍ശംകൊണ്ട് ക്ഷേത്രം മലിനമാകുമെന്ന് ഭയപ്പെട്ട് ശയനപ്രദക്ഷിണം ചെയ്താണ് അപ്പര്‍ ഇവിടെ ദര്‍ശനം നടത്തിയത്. ചരിത്രപ്രാധാന്യമുള്ള അനേകം ശിലാശാസനങ്ങള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്.

പല്ലവ, ചോള, പാണ്ഡ്യ ചേരരാജാക്കന്മാര്‍ ക്ഷേത്രനിര്‍മാണത്തില്‍ പങ്കുവഹിച്ചിരുന്നതായി രേഖകള്‍ ഉണ്ട്. പല്ലവരാജാവായ സിംഹവര്‍മന്‍ കക (550-575) ചര്‍മരോഗം (പാണ്ട്) നിമിത്തം ബുദ്ധിമുട്ടുകയായിരുന്നു. ചിദംബരം ക്ഷേത്രത്തില്‍വന്ന് ശിവഗംഗയില്‍ സ്നാനം ചെയ്തപ്പോള്‍ ഇദ്ദേഹം രോഗവിമുക്തനായെന്നും തുടര്‍ന്ന് ക്ഷേത്രത്തില്‍ പല മരാമത്തുപണികളും നടത്തിയെന്നും വിശ്വാസം ഉണ്ട്. രാജേന്ദ്രചോഴനും (1013-44) കുലോത്തുംഗന്‍ I-ഉം (1070-1122) ഈ ക്ഷേത്രത്തിന് പല സഹായങ്ങളും നല്കിയിട്ടുള്ളതായി ശിലാശാസനങ്ങളില്‍ കാണുന്നു. കുലോത്തുംഗന്‍ II (1143-50) ആണ് കിഴക്കേ ഗോപുരം നിര്‍മിച്ചത്. ചിദംബരത്തു കാണുന്ന ശിലാശാസനങ്ങളില്‍ അധികവും കുലോത്തുംഗന്‍ III-ന്റെ കാലത്ത് (1178-1216) ഉള്ളവയാണ്. പെരിയപുരാണത്തിന്റെ അരങ്ങേറ്റത്തിനായി ഇദ്ദേഹമാണ് ആയിരംകാല്‍മണ്ഡപം നിര്‍മിച്ചത്. പാണ്ഡ്യരാജാവായ ജടാവര്‍മ സുന്ദരപാണ്ഡ്യന്‍ പടിഞ്ഞാറേ ഗോപുരം നിര്‍മിക്കുകയും നടരാജന് പൊന്നമ്പലം പണിയിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ ഇദ്ദേഹത്തിന് 'കോവിലില്‍ പൊന്നേന്തിയ പെരുമാള്‍' എന്ന സ്ഥാനവും സിദ്ധിച്ചു. വിജയനഗര രാജാവായ കൃഷ്ണദേവരായര്‍ (1506-30) വടക്കേ ഗോപുരം പണിയിച്ചു. 1576-77 കാലത്ത് കൊച്ചി രാജാവ് ഈ ക്ഷേത്രം സന്ദര്‍ശിച്ച് 32 തളികകള്‍ ദാനം ചെയ്തു; 1593-ല്‍ അഞ്ച് ഗ്രാമങ്ങളും.

രൂപം, രൂപാരൂപം, അരൂപം എന്ന് മൂന്നുവിധം ദര്‍ശനങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ട്. ആനന്ദതാണ്ഡവത്തില്‍ മുഴുകിയ നടരാജന്‍ രൂപത്തോടുകൂടിയ മൂര്‍ത്തിയാണ്. രണ്ടു മകരങ്ങളുടെ വായില്‍നിന്ന് പുറപ്പെടുന്ന വൃത്താകാരമായ ഒരു പ്രഭാമണ്ഡലത്തിന്റെ മധ്യത്തിലായി പാദവും ശിരസ്സും പ്രഭാമണ്ഡലത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള നൃത്തരൂപമാണിത്. തലമുടി മുകളില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ശിരസ്സില്‍ ഗംഗാദേവിയും അതിനു മുകളില്‍ ചന്ദ്രക്കലയും. സംഹാരരൂപത്തെ കുറിക്കുന്ന നാഗവും ശിരസ്സിലുണ്ട്. കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ് നാഗം എന്നും വിശ്വാസം ഉണ്ട്. മുക്കണ്ണനാണ് ഭഗവാന്‍. ഈ മൂന്ന് നയനങ്ങളും സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവയെയും ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെയും കുറിക്കുന്നതായി വിശ്വസിക്കുന്നു. മൂന്നാമത്തെ കണ്ണ് ജ്ഞാനക്കണ്ണാണ്. ഇത് ജ്ഞാനികള്‍ക്കുനേരെ മാത്രമേ തുറക്കാറുള്ളൂ. ആ ദൃഷ്ടി തുറപ്പിക്കുവാനാണ് ഭക്തന്മാര്‍ പ്രാര്‍ഥിക്കുന്നതും ഭഗവാന്റെ പ്രസാദം (ചന്ദനം, കുങ്കുമം മുതലായവ) ആ ഭാഗത്ത് അണിയിക്കുന്നതും. അര്‍ധനാരീശ്വരനായ ഭഗവാന്റെ വലതുകര്‍ണത്തില്‍ മകരകുണ്ഡലവും ഇടത്തേതില്‍ തോടയുമാണ്. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും തലയോടുകളാണത്രേ കണ്ഠാഭരണം. ലോകത്തിന്റെ സൃഷ്ടിയും സംഹാരവും ഭഗവാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ടെന്നുള്ളതിനെ ഇത് സൂചിപ്പിക്കുന്നു. സര്‍വസംഹാരാനന്തരം ഭസ്മം ഭഗവാന്റെ ദേഹത്തില്‍ അണിയുന്നു. ലോകത്തോടുള്ള കാമത്തെ ത്യജിച്ചാലേ ഭവഗത് സാന്നിധ്യം സാധ്യമാകൂ എന്ന് സൂചിപ്പിക്കുന്നതിനായി ശൈവ ഭക്തന്മാരും ദേഹത്തില്‍ ഭസ്മം പൂശാറുണ്ട്. രൂപാരൂപമൂര്‍ത്തിയാണ് ലിംഗസ്വരൂപി. അരൂപമൂര്‍ത്തി 'രഹസ്യ' സന്നിധിയില്‍ സ്ഥിതിചെയ്യുന്നു. സഗുണബ്രഹ്മത്തില്‍നിന്ന് നിര്‍ഗുണ ബ്രഹ്മത്തിലേക്ക് ഭക്തമനസ്സിനെ ആനയിക്കുകയാണ് ഈ മൂന്നുതരം ദര്‍ശനങ്ങളും ലക്ഷ്യമാക്കുന്നത്.

ചിത്സഭയിലാണ് നടരാജമൂര്‍ത്തി കുടികൊള്ളുന്നത്. ഈ സഭയ്ക്ക് അഞ്ചുപടികള്‍ ഉണ്ട്. അവ പഞ്ചാക്ഷരങ്ങളെ സൂചിപ്പിക്കുന്നു. ചിത്സഭയുടെ മുമ്പില്‍ കാണുന്ന പൊന്നമ്പലത്തിലാണ് കനകസഭ. സ്ഫടികലിംഗത്തിനും രത്നസഭാപതിക്കും ദിവസേന അഭിഷേകം നടത്തുന്നത് ഇവിടെ വച്ചാണ്. ഉത്സവവിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലമാണ് ദേവസഭ.

18-ാം ശതകത്തില്‍ ക്ഷേത്രത്തിന് ധാരാളം കഷ്ടനഷ്ടങ്ങള്‍ ഉണ്ടായി. 1749-ല്‍ ക്യാപ്റ്റന്‍ കോപ്പിന്റെ സൈന്യം ഈ ക്ഷേത്രത്തില്‍ അഭയംതേടി. 1750-ല്‍ മുരാരിറാവുവിന്റെയും മുസാഫറുടെയും സൈന്യങ്ങള്‍ ഇവിടെവച്ച് ഏറ്റുമുട്ടി. 1753-ല്‍ ക്ഷേത്രം ഫ്രഞ്ചുകാര്‍ കൈവശപ്പെടുത്തി. 1780-ല്‍ രണ്ടാം മൈസൂര്‍യുദ്ധം ആരംഭിച്ചപ്പോള്‍ ക്ഷേത്രം വീണ്ടും യുദ്ധരംഗമായി. 1781-ല്‍ ഹൈദര്‍ ഈ ക്ഷേത്രത്തില്‍ ഒരു പടയെ വിന്യസിച്ചു. ഇതേ വര്‍ഷംതന്നെ സര്‍ ഐര്‍ക്കൂട്ട് ഈ ക്ഷേത്രം ആക്രമിച്ചു. ഈ ഏറ്റുമുട്ടലുകളുടെയും ആക്രമണങ്ങളുടെയും അടയാളങ്ങള്‍ ഇപ്പോഴും ക്ഷേത്രത്തില്‍ ദൃശ്യമാണ്. ഈ കാലഘട്ടത്തില്‍ നടരാജന്റെയും ശിവകാമിയുടെയും വിഗ്രഹങ്ങള്‍ തിരുവാരൂരില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിരുന്നെന്നും 1773-ല്‍ ആണ് തിരികെ കൊണ്ടുവന്ന് ചിദംബരം ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠിച്ചതെന്നും ശിലാശാസനരേഖകള്‍ ഉണ്ട്. 1955-ല്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ രത്നസഭാപതിപ്പിള്ള എന്നൊരാള്‍ വമ്പിച്ച സാമ്പത്തിക സഹായങ്ങള്‍ നല്കുകയുണ്ടായി.

'തില്ലൈ മൂവ്വായിരവര്‍' എന്നു പ്രാചീനകാലം മുതല്‍ പറഞ്ഞുവരുന്ന 3000 ദീക്ഷിതരാണ് അന്നും ഇന്നും ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത്. ഇപ്പോള്‍ ഇവരുടെ സംഖ്യ ഏതാണ്ട് 200-ല്‍ത്താഴെ മാത്രമാണ്. അവിവാഹിതര്‍ക്കും ഭാര്യ മരിച്ചവര്‍ക്കും ഭരണത്തില്‍ പങ്കില്ല. ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരായ അവര്‍ കൂടെക്കൂടെ ദേവസഭയില്‍ യോഗങ്ങള്‍ ചേര്‍ന്നു ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ക്ഷേത്രത്തിന് ഇപ്പോള്‍ ഭൂസ്വത്തുക്കള്‍ ഒന്നുംതന്നെയില്ല. മിഥുനമാസത്തിലും ധനുമാസത്തിലെ തിരുവാതിരയ്ക്കുമാണ് പ്രധാന ഉത്സവങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍