This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരം, പി. (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരം, പി. (1945 - )

പി. ചിദംബരം

ഇന്ത്യയിലെ രാഷ്ട്രീയ നേതാവ്. പല തവണ കേന്ദ്രമന്ത്രിയായിരുന്നു. 1945 സെപ്. 16-ന് പളനിയപ്പ ചെട്ടിയാരുടെ മകനായി തമിഴ്നാട്ടില്‍ പസുംപൊന്‍തേവര്‍ തിരുമഗന്‍ ജില്ലയിലെ കനദുകാതന്‍ എന്ന സ്ഥലത്ത് ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജിലും ലാ കോളജിലും ഹാര്‍വാഡ് സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചിദംബരം മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചിദംബരം 1972-ല്‍ എ.ഐ.സി.സി. അംഗമായി. 1973 മുതല്‍ 76 വരെ തമിഴ്നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും 1976 മുതല്‍ 77 വരെ തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1985-ല്‍ എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറിയായി. 1984-ലും 89-ലും 91-ലും ഇദ്ദേഹം ലോകസഭാംഗമായിരുന്നു. 1996-ലെയും 98-ലെയും തിരഞ്ഞെടുപ്പില്‍ തമിഴ് മാനില കോണ്‍ഗ്രസ് പാര്‍ട്ടിയംഗമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രഗവണ്‍മെന്റില്‍ വാണിജ്യം, ടെക്സ്റ്റൈല്‍സ്, പെഴ്സണല്‍, ഭരണപരിഷ്കാരം, ട്രെയിനിങ്, പെന്‍ഷന്‍, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നിട്ടുണ്ട്.

പുതിയ സാമ്പത്തികനയത്തിന്റെ സൃഷ്ടാക്കളിലൊരാളായി അറിയപ്പെടുന്ന ചിദംബരം രാജീവ്ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഓഹരി അപവാദത്തെത്തുടര്‍ന്ന് 1992-ല്‍ മന്ത്രിസ്ഥാനമൊഴിയേണ്ടിവന്ന ചിദംബരം 95-ല്‍ വീണ്ടും മന്ത്രിയായി. കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് ഇദ്ദേഹം 96 ഏപ്രിലില്‍ ജി.കെ. മൂപ്പനാരോടൊപ്പം തമിഴ് മാനില കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1996 ജൂണില്‍ അധികാരമേറ്റ ദേവഗൗഡ ഐക്യമുന്നണിമന്ത്രിസഭയിലെ ധനകാര്യം, നിയമം, നീതിന്യായം, കമ്പനികാര്യങ്ങള്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായി. 1997 ഏപ്രിലില്‍ നിലവില്‍വന്ന ഗുജ്റാള്‍ മന്ത്രിസഭയിലും ധനകാര്യമന്ത്രിയായിരുന്നു ചിദംബരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍