This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരം

തമിഴ്നാട്ടിലെ തെക്കന്‍ ആര്‍ക്കോട്ട് ജില്ലയിലുള്ള ഒരു താലൂക്കും അതിന്റെ ആസ്ഥാനവും. ചെന്നൈയില്‍നിന്ന് 240 കി.മീ. തെക്കുമാറി സ്ഥിതിചെയ്യുന്ന ഈ പട്ടണം തഞ്ചാവൂരില്‍നിന്ന് 120 കി.മീ. അകലത്തിലാണ്. വെള്ളാര്‍, കാവേരി, കാവേരിയുടെ കൈവഴിയായ കോളറൂണ്‍ എന്നീ നദീമുഖങ്ങള്‍ക്കു കിഴക്കായി, കടല്‍ത്തീരത്തുനിന്ന് അല്പം വിട്ടുമാറി, മദ്രാസ്-മായൂരം റെയില്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. സ്ഥാനം അ. 11° 30' വടക്ക്, രേ. 79° 48' കിഴക്ക്. ദ്രാവിഡസംസ്കാരത്തിന്റെ മാസ്മരികത ശില്പകലകളില്‍ കാണാന്‍ കഴിയുന്ന പ്രസിദ്ധ തെന്നിന്ത്യന്‍ നടരാജക്ഷേത്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. തമിഴ്നാട്ടിലെ പ്രസിദ്ധമായ അണ്ണാമല സര്‍വകലാശാലയുടെ ആസ്ഥാനവും ചിദംബരത്തിനടുത്തുതന്നെ. 1924-ല്‍ സ്ഥാപിതമായ മീനാക്ഷി കോളജാണ് അഞ്ചുവര്‍ഷംകൊണ്ട് അണ്ണാമല സര്‍വകലാശാലയായിത്തീര്‍ന്നത്.

കടല്‍ത്തീരത്തെ തൊട്ടുരുമ്മിക്കിടക്കുന്ന ചിദംബരം താലൂക്ക് കടല്‍നിരപ്പില്‍നിന്ന് അല്പം ഉയര്‍ന്നുനില്ക്കുന്ന സമതല പ്രദേശമാണ്. ചിദംബരം താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ജലസമൃദ്ധമായതിനാല്‍ ഇവിടെ നെല്ലും വാഴയും വെറ്റിലയും സുലഭമായി കൃഷിചെയ്യുന്നു. ജലദൗര്‍ലഭ്യം നേരിടുന്ന പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിലക്കടലയാണ് മുഖ്യ കാര്‍ഷികവിള.

ക്ഷേത്രങ്ങളുടെ നാടായ തമിഴ്നാട്ടില്‍, ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങളെന്നതിനെക്കാള്‍ ദ്രാവിഡ സംസ്കാരത്തിന്റെയും കലയുടെയും പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ ദ്രാവിഡക്ഷേത്രങ്ങള്‍ക്ക് ഇന്ത്യയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ലഭിച്ചിട്ടുള്ളതും. ചിദംബരംക്ഷേത്രം ഒരു ശൈവാരാധനാ കേന്ദ്രമാണ്. നോ. ചിദംബരം ക്ഷേത്രം

ചിദംബരത്തില്‍നിന്ന് 20 കി.മീ. അകലെയാണ് പ്രകൃതിരമണീയമായ പിച്ചാവരം വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ കായലില്‍ക്കൂടി ബോട്ടുയാത്രചെയ്ത് പ്രകൃതി സൗന്ദര്യം നുകരുവാന്‍ ധാരാളം വിനോദസഞ്ചാരികള്‍ ഓരോ വര്‍ഷവും എത്താറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A6%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍