This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രാപൗര്‍ണമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രാപൗര്‍ണമി

ചൈത്ര(ചിത്തിര)മാസത്തിലെ വെളുത്തവാവ്. ചിത്തിര നക്ഷത്രത്തോടൊപ്പം പൗര്‍ണമി (പൂര്‍ണചന്ദ്രന്‍) വരുന്ന മാസമാണ് ചൈത്രം. വസന്തം ചൈത്രമാസത്തിലാണ് ആരംഭിക്കുന്നത്. വസന്തോത്സവമായ ചിത്രാപൗര്‍ണമി മലയാളരീതിക്ക് മേടമാസത്തിലാണ് ആഘോഷിക്കുന്നത്.

പ്രകൃതിയിലെ ഏറ്റവും മനോഹരമായ ദിവസമാണ് ചിത്രാപൗര്‍ണമി എന്നാണ് കവിസങ്കല്പം. ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുണ്ട് ചിത്രാപൗര്‍ണമിക്ക്. ബുദ്ധന്റെ ജനനം, ബോധോദയം, നിര്‍വാണപദപ്രാപ്തി-ഈ മൂന്ന് കാര്യങ്ങളും ചിത്രാപൗര്‍ണമി നാളിലാണ് സംഭവിച്ചത്. മഹാകവി കുമാരനാശാന്റെ ചിത്രാപൗര്‍ണമി വര്‍ണന (ശ്രീബുദ്ധചരിതം) അതീവ മനോഹരമാണ്.

'സത്വരം ലോകമനോഹരമായുള്ള

ചിത്തിരമാസമണിഞ്ഞിതുഭംഗിയില്‍

ആഞ്ഞു തേന്മാവിന്റെ കൊമ്പുകുലകളാല്‍

ചാഞ്ഞു പഴങ്ങള്‍ ചുവന്നു ചമഞ്ഞിതു.

........................................................................

നല്ലൊരിലഞ്ഞികള്‍ പൂത്തു മണംപേറി

മെല്ലെന്നു കാറ്റു ചരിച്ചിതു നീളവേ

........................................................................

നല്ല തങ്കത്താലിമാലപോല്‍ തൂങ്ങീതു

ഫുല്ലമാം പൂങ്കുല കൊന്നമരങ്ങളില്‍

........................................................................

ദേവാലയങ്ങളിലുത്സവാഘോഷമായ്

ഭൂവുണങ്ങിപ്പൊടിപാറി സുരഭിയായ്

ഇമ്മട്ടെഴുമസ്സമയത്തില്‍ വന്നെത്തി

രമ്യമായപ്പുണ്യ പൂര്‍ണമാം പൗര്‍ണമി.

മഹാകവി കുമാരനാശാന്‍ ജനിച്ചതും മേടമാസത്തിലെ ചിത്രാ പൗര്‍ണമിനാളിലാണ് (1873).

വൃത്രഹത്യാബാധ തീരുന്നതിനായി ദേവേന്ദ്രന്‍ മഹാദേവനെ ഭജിക്കുകയും അദ്ദേഹം പ്രസാദിച്ചതിന്റെ ഫലമായി ബാധ ഒഴിയുകയും ചെയ്തതിന്റെ അനുസ്മരണമാണ് ചിത്രാപൗര്‍ണമി എന്ന് ഒരു സങ്കല്പമുണ്ട്. ഗ്രീഷ്മകാലത്ത് മഴ ഇപ്പോള്‍ പെയ്യും എന്നു തോന്നിപ്പിക്കുകയും എന്നാല്‍ പെയ്യാതിരുന്നു മനുഷ്യരെ നിരാശരാക്കുകയും ചെയ്യുന്ന കറുത്തിരുണ്ട മേഘങ്ങളെ അസുരനായി സങ്കല്പിച്ച് 'വൃത്ര' എന്നുവിളിച്ചിരുന്നു. വൃത്രന്‍ വേനല്‍ക്കാലത്ത് ജലം സ്വരൂപിച്ച് തുള്ളിപോലും വിട്ടുകൊടുക്കാതെ തന്റെ അധീനതയില്‍വച്ചുകൊണ്ടിരിക്കും. ദേവേന്ദ്രന്‍ വജ്രായുധം ഇളക്കി പ്രഹരിക്കുമ്പോള്‍ മാത്രം ജലം വിട്ടുകൊടുക്കുകയും അത് മഴയായി ഭൂമിയില്‍ വീഴുകയും ചെയ്യും എന്നാണ് വിശ്വാസം. 'ഋഗ്വേദ'ത്തില്‍ വൃത്രനെപ്പറ്റി പരാമര്‍ശമുണ്ട്.

കാലന്റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്തനെ പ്രസാദിപ്പിക്കുന്നതിനായി ചിത്രാപൗര്‍ണമി നാളില്‍ ചിത്രഗുപ്ത പൂജ നടത്തുന്നരീതി ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. തമിഴ്നാട്ടിലെ കാഞ്ചിയില്‍ ഒരു ചിത്രഗുപ്ത ക്ഷേത്രമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍