This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രാക്ഷര രചന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രാക്ഷര രചന

Calligraphy

കലാപരമായ കൈയെഴുത്ത്. അക്ഷരങ്ങള്‍ ആഡംബരപൂര്‍വം എഴുതുന്ന കൈയെഴുത്തുകല ഇംഗ്ളീഷില്‍ കാലിഗ്രാഫി എന്നറിയപ്പെടുന്നു. സാധാരണ ഗതിയില്‍ പ്രയോജനം മുന്‍നിര്‍ത്തിയാണ് അക്ഷരങ്ങള്‍ എഴുതാറ്. എന്നാല്‍ കാലിഗ്രാഫിയിലാകട്ടെ സൗന്ദര്യമാനദണ്ഡങ്ങളിലൂന്നിക്കൊണ്ടുള്ള ആഡംബരപൂര്‍ണമായ ലേഖനവിദ്യയാണ് പ്രയോഗിക്കുന്നത്. പേനയോ ബ്രഷോ കൊണ്ട് ജീര്‍ണിച്ചുപോകുന്ന പ്രതലങ്ങളില്‍ നടത്തുന്ന കലാപരമായ അക്ഷരലേഖനമാണ് ഇത്. യന്ത്രങ്ങളുടെ സഹായത്തോടെയാകുമ്പോള്‍ ഗ്രാഫിക് ആര്‍ട്ടും ശിലകള്‍ തുടങ്ങിയ ഉറപ്പുള്ള പ്രതലങ്ങളിലാകുമ്പോള്‍ എപ്പിഗ്രാഫിയുമാകും.

ചിത്രാക്ഷരങ്ങള്‍.1562-ല്‍ സൂറിച്ചില്‍ പ്രസിദ്ധീകരിച്ച് ഗ്രന്ഥത്തില്‍ നിന്ന്

പകര്‍ത്തിയെഴുത്തുകാരുടെ നിരന്തരമായ അന്വേഷണങ്ങളില്‍ നിന്നാണ് ഇത് വികാസം നേടിയത്. ചിത്രകല ഇതിന് വളരെയേറെ സഹായം ചെയ്യുകയുമുണ്ടായി. വികസിത രൂപത്തിലെത്തിയ കാലിഗ്രാഫിയെ ഒരു കലാപ്രവര്‍ത്തനം ആയിട്ടാണ് ഇന്ന് അധികവും പരിഗണിക്കുന്നത്. വില്യം മോറീസ് (1834-96) ആണ് ഇതിനെ കരകൗശലവിദ്യ എന്ന പദവിയിലേക്കുയര്‍ത്തിയത്. ചിത്രകലയില്‍നിന്നും താഴെയല്ലാത്ത ഒരു സ്ഥാനം ഇതിന് ലഭിക്കുകയും ചെയ്തു.

കാലിഗ്രാഫിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വളരെ പണ്ട് മുതല്‍തന്നെ ലോകത്തിലെ മിക്ക സംസ്കാരങ്ങളും എഴുത്തിന്റെ സൗന്ദര്യാംശത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു. ബി.സി. 2000-ത്തില്‍ ഈജിപ്തിലെ അഖ്തോയ് എന്ന പ്രതിഭാശാലി മകനെഴുതിയ കുറിപ്പില്‍ അമ്മയെക്കാളേറെ താന്‍ അക്ഷരങ്ങളുടെ സൗന്ദര്യമാര്‍ന്ന രൂപങ്ങളെ സ്നേഹിക്കുന്നു എന്നു രേഖപ്പെടുത്തിയത് ഈ പരമ്പരാഗതമായ താത്പര്യത്തിന് നിദര്‍ശനമാണ്. നവോത്ഥാന കാലത്താണ് കാലിഗ്രാഫി പ്രചുരപ്രചാരം നേടിയത്. പാരമ്പര്യത്തിന്റെ ഈടുവയ്പുകളായ ഹസ്തലിഖിത ഗ്രന്ഥങ്ങളുടെയും കുറിപ്പുകളുടെയും സമാഹരണവും സംരക്ഷണവും വ്യാപകമാക്കിയ രാഷ്ട്രീയ കാലാവസ്ഥ കലാപരമായ കൈയെഴുത്തിനും പുതിയ പ്രസക്തിയുണ്ടാക്കിക്കൊടുത്തു. പുരാതനകാലം മുതല്‍തന്നെ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ കൈയെഴുത്തു കലാകാരന്മാര്‍ക്ക് ആദരണീയമായ സ്ഥാനം നല്കിയിരുന്നു. രണ്ടാംലോകയുദ്ധത്തിനുശേഷം ഈ രംഗത്ത് നിര്‍ണായകമായ കുതിച്ചുകയറ്റംതന്നെ ഉണ്ടായി.

ആദ്യകാല ചിത്രാക്ഷര കലാകാരന്മാരുടെയിടയില്‍ ഏറ്റവും പ്രസിദ്ധന്‍ ഫ്രാന്‍സിലെ ജെഫ്രി ടോറി (1480-1530) ആയിരുന്നു. ഇദ്ദേഹം അക്കാലത്തെ ഒന്നാംകിട ടൈപ്പ് ഡിസൈനറും ബൈന്‍ഡറും കൂടിയായിരുന്നു. അതിനു മുമ്പുതന്നെ ഫെലിസ് ഫെലിസിയാനോ റോമന്‍ അക്ഷരമാലയെക്കുറിച്ചുള്ള ഗ്രന്ഥത്തിലൂടെ ഈ വിദ്യയ്ക്ക് പ്രത്യേക പ്രായോഗിക പഠനശാഖ എന്ന പദവി നല്കിയിരുന്നു. എഡ്വേഡ് ജോണ്‍സ്റ്റണ്‍ (1872-1944) ആണ് ആധുനിക കാലിഗ്രാഫിയുടെ ആചാര്യന്‍. കാലിഗ്രാഫി സംബന്ധിയായി ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥമായി വാഴ്ത്തപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ റൈറ്റിങ് ആന്‍ഡ് ഇല്യൂമിനേറ്റിങ് ആന്‍ഡ് ലെറ്ററിങ് (1906) എന്ന കൃതിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍