This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്തരഞ്ജന്‍ ദാസ് (1870-1925)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്തരഞ്ജന്‍ ദാസ് (1870-1925)

സ്വാതന്ത്യസമരാനുഭാവിയായ കവി. ദേശബന്ധു ചിത്തരഞ്ജന്‍ദാസ്, സി. ആര്‍. ദാസ് എന്നീ പേരുകളിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. 1870 ന. 5-ന്. കൊല്‍ക്കത്തയില്‍ ജനിച്ചു. പിതാവ് ഭുബന്‍ മോഹന്‍, മാതാവ് നിസ്തരിണീദേവി. 1890-ല്‍ ഇംഗ്ലണ്ടില്‍പോയി ഐ.സി.എസ്സിനു പഠിച്ചു. 1893-ല്‍ ബാരിസ്റ്റര്‍ ബിരുദമെടുത്തശേഷം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി. അഭിഭാഷകനെന്ന നിലയിലും ധീരദേശാഭിമാനിയായ സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിലും ശ്രദ്ധേയനായി.

സ്വരാജ്യസേവനത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും തിരക്കുകള്‍ക്കിടയിലും ജന്മസിദ്ധമായ കവിത്വശേഷി കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചു എന്നത് ഇദ്ദേഹത്തിന്റെ സവിശേഷതയാണ്. മാലഞ്ച എന്ന ഭാവഗാന സമാഹാരമായിരുന്നു ആദ്യകവിതാ സമാഹാരം. മാല, സാഗര്‍ സംഗീത്, അന്തര്യാമി, കിശോര്‍കിശോരി എന്നിവയാണ് ഇതര കവിതാ സമാഹാരങ്ങള്‍. ഏറ്റവും പ്രസിദ്ധമായ കാവ്യസമാഹാരം സാഗര്‍ സംഗീത് ആണ്. ഇത് ശ്രീ അരബിന്ദൊ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്ന ഇദ്ദേഹം വൈഷ്ണവമതഭക്തനായിത്തീര്‍ന്നു. അകളങ്കമായ ഈ ഭക്തിയുടെ പ്രകാശത്തിനായാണ് ദാസ് തന്റെ കവിതകളെ ഉപയോഗിച്ചത്. അതോടൊപ്പംതന്നെ സമുദായത്തിലെ പതിതരുടെ കഥയും കാവ്യവിഷയമാക്കി. വേശ്യ എന്ന രചന ബ്രാഹ്മണസമൂഹത്തിനിടയില്‍ അസ്വസ്ഥതയുയര്‍ത്തി.

സാഹിത്യപരവും രാജ്യസേവനപരവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹം 1914-ല്‍ നാരായണ എന്ന മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. 1922-ല്‍ ഒരു ബംഗാളിവാരികയും അടുത്ത വര്‍ഷത്തില്‍ ഫോര്‍വേഡ്സ് എന്ന ദിനപത്രവും സമാരംഭിച്ചു.

തന്റെ സമ്പാദ്യമെല്ലാം രാജ്യത്തിന് സംഭാവന ചെയ്തതാണ് ഇദ്ദേഹത്തിന്റെ മഹനീയത. മഹാത്മാഗാന്ധി ഉദാത്തമായ ത്യാഗം എന്ന് ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. 1925-ല്‍ ഇദ്ദേഹം അന്തരിച്ചു. ഈ ധീരദേശാഭിമാനിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഇദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് ചിത്തരഞ്ജന്‍ സേവാസദന്‍ എന്നൊരു ആതുരാലയം സ്ഥാപിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍