This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിചേറിന്‍, ബോറിസ് നികലയവിച്ച് (1828-1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിചേറിന്‍, ബോറിസ് നികലയവിച്ച് (1828-1904)

Chicherin, Boris Nikolayevich

റഷ്യന്‍ തത്ത്വചിന്തകനും ചരിത്രകാരനും. 1828 മേയ് 26-ന് താംബോവിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. 1849-ല്‍ മോസ്കോ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. 1850-കളുടെ മധ്യം മുതല്‍ പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ചിരുന്ന റഷ്യന്‍ സാമൂഹിക പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ ഒരാളായിത്തീര്‍ന്നു. ചിചേറിന്‍ അവതരിപ്പിച്ച 'ഉദാരവത്കരണ നടപടികളും ശക്തമായ നിയമവും' liberal measures and strong rule ) എന്ന ആശയത്തിനു ഭരണാധികാരികളുടെ പിന്തുണ ലഭിച്ചിരുന്നു. ക്രമാനുഗതമായ നിയമപരിഷ്കരണ നടപടികള്‍വഴി ഏകാധിപത്യത്തില്‍ നിന്നു ഭരണഘടനാനുസൃതമായ രാജവാഴ്ചയിലേക്കുള്ള മാറ്റത്തെയാണ് ചിചേറിന്‍ ഇതില്‍ പ്രതിപാദിച്ചിരുന്നത്.

1861-ല്‍ റഷ്യന്‍ നിയമത്തിന്റെ പ്രൊഫസര്‍ ആയി മോസ്കോ സര്‍വകലാശാലയില്‍ ചിചേറിന്‍ നിയമിതനായി. 1868-ല്‍ ചില സഹഅധ്യാപകരോടൊപ്പം സര്‍വകലാശാലയില്‍നിന്നും രാജിവച്ചു; അധികൃതര്‍ സര്‍വകലാശാലാ നിയമം ലംഘിച്ചിതിനെതിരെയുള്ള പ്രതിഷേധ പ്രകടനമായിരുന്നു അത്. രാജകുടുംബത്തിന്റെ അധ്യാപകനായും കുറേക്കാലം സേവനം അനുഷ്ഠിച്ചിരുന്നു. 1882-83 -ല്‍ മോസ്കോ നഗരത്തിന്റെ മേയര്‍ പദവി അലങ്കരിച്ചു; ഭരണവര്‍ഗത്തിന്റെ അപ്രീതിക്ക് പാത്രമായതിനാല്‍ അലക്സാണ്ടര്‍ III ചക്രവര്‍ത്തിയുടെ കല്പന അനുസരിച്ച് മേയര്‍ സ്ഥാനം രാജിവച്ചു. രാഷ്ട്രീയത്തില്‍ ചിചേറിനു താത്പര്യം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് നിരീശ്വരവാദിയായിരുന്നെങ്കിലും പിന്നീട് റഷ്യന്‍ യാഥാസ്ഥിതിക മതവിശ്വാസിയായി മാറി.

ഒരു തത്ത്വചിന്തകന്‍ എന്നതിലുപരി ഒരു തത്ത്വചിന്താ നിരൂപകന്‍ എന്ന നിലയിലാണ് ചിചേറിന്‍ കൂടുതല്‍ പ്രശസ്തന്‍. അഗസ്തേ കോമ്തേ, വ്ലഡീമിര്‍ സൊളോവ് എന്നിവരെക്കുറിച്ച് സാരവത്തായ നിരൂപണം ഇദ്ദേഹം എഴുതിയിട്ടുണ്ട്. കാന്റിനോട് സാദൃശ്യം പുലര്‍ത്തുന്നതായിരുന്നു. ചിചേറിന്റെ ധാര്‍മികസ്വതന്ത്രവാദം (ethical individualism) ചരിത്രചിന്ത, തര്‍ക്കശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഹെഗലിന്റേതിനു സമാനമായ യാഥാസ്ഥിതിക ചിന്താഗതിക്കാരനായിരുന്നു ചിചേറിന്‍. വിവിധ ചിന്തകന്മാരുടെ ചിന്തകളില്‍ ഉള്‍ക്കൊണ്ടിരുന്ന ആശയങ്ങള്‍ ചിചേറിന്റെ ചിന്തകള്‍ക്ക് കൂടുതല്‍ പിരിമുറുക്കവും ചാഞ്ചാട്ടവും സൃഷ്ടിച്ചിരിന്നു.

വലിയ മനുഷ്യര്‍ പ്രപഞ്ചസത്തയുടെ അഥവാ പ്രപഞ്ചാത്മാവിന്റെ ഉപകരണം മാത്രമാണെന്നും ചില അവസരങ്ങളില്‍ ഒരു വ്യക്തി ഒരു രാജ്യത്തിന്റെ പ്രതീകമായി മാറാറുണ്ടെന്നും ചിചേറിന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇതിനു വിപരീതമായിട്ടുള്ള അഭിപ്രായവും ചിചേറിന്‍ പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം പ്രഖ്യാപിച്ചു: 'യുക്തിചിന്തയുടെ ഉറവിടമായ മനുഷ്യന്‍ പ്രപഞ്ചസത്ത തന്നെയാണ്; മനുഷ്യന്റെ അസ്തിത്വം മനുഷ്യനില്‍ത്തന്നെയാണ് നിലകൊള്ളുന്നത്, മനുഷ്യന്‍ ആരുടെയും ഉപകരണമായി മാറുകയില്ല'. ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും വികാരങ്ങള്‍ അനുഭവിച്ചറിയുന്നതും വ്യക്തിയാണ്, സമൂഹമല്ല. വ്യക്തിയുടെ മൌലിക സ്വാതന്ത്ര്യങ്ങളില്‍ സാമൂഹികവും രാഷ്ട്രീവുമായ ശക്തികള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ചിചേറിന്‍ മുന്നറിയിപ്പു നല്കിയിരുന്നു. സാമൂഹികഘടനയുടെ അടിസ്ഥാനശില വ്യക്തിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 1904-ല്‍ ചിചേറിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍