This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാല്‍മൂഗ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാല്‍മൂഗ്ര

ഫ്ളക്കോര്‍ഷ്യേസി (Flacourtiaceae) സസ്യകുലത്തില്‍പ്പെടുന്ന ഒരു നിത്യഹരിത വൃക്ഷം. ശാ.നാ. തരക്ടോജെനോസ് കുര്‍സി (Taraktogenos kurzii). ഈ ചെടിക്ക് ചാല്‍മൂഗ്ര ഓഡോറേറ്റ എന്ന ഓഷധിയുമായി നല്ല സാമ്യമുണ്ട്. എന്നാല്‍ രണ്ടു ചെടികളുടെയും വിത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ടുതാനും.

സിക്കിം, മ്യാന്മര്‍, പെറു എന്നിവിടങ്ങളില്‍ ചാല്‍മൂഗ്ര ധാരാളമായി വളരുന്നു. ചിറ്റഗോങ്ഗ്, ബംഗാള്‍, അസം വനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇവ സുലഭമായി വളരുന്നുണ്ട്. 12-15 മീ. ഉയരം വയ്ക്കും. ഇലകള്‍ക്കും പുഷ്പമഞ്ജരിക്കും മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. 18-25 സെ.മീ. നീളമുള്ള ഇലകള്‍ പ്രാസാകാരത്തിലുള്ളതും കനംകുറഞ്ഞവയുമാണ്. സിരാവിതാനം വളരെ വ്യക്തമായി കാണാം. പുഷ്പങ്ങള്‍ക്കു നാലു ബാഹ്യദളങ്ങളും എട്ടു ദളങ്ങളുമുണ്ട്. ദളങ്ങള്‍ക്ക് അണ്ഡാകാരമാണ്. ചെറിയ സീലിയകളുള്ള മൃദുവായ ചെറിയൊരു ഗ്രന്ഥി ദളങ്ങളുടെ അടിഭാഗത്തുണ്ട്. 24 കേസരങ്ങളുണ്ട്. കേസരതന്തുക്കള്‍ ലോലമാണ്. ഇതിന്റെ ഫലത്തിന് ഓറഞ്ചിന്റെ അത്ര വലുപ്പം വരും. വിത്തുകള്‍ ഫലങ്ങളുടെ പള്‍പ്പിനകത്തായിട്ടാണ് കാണപ്പെടുന്നത്. വിത്തുകള്‍ പൊടിച്ച് എണ്ണയെടുക്കുന്നു. വിത്തിനും എണ്ണയ്ക്കും വാണിജ്യ പ്രാധാന്യമുണ്ട്. ഇതിന്റെ എണ്ണ പെട്രോളിയം ബേസുമായി കൂട്ടിക്കലര്‍ത്തി എക്സീമ, സന്ധികളിലെ വേദന, ത്വഗ്രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കു പ്രതിവിധിയായി പുരട്ടാറുണ്ട്. ആല്‍മണ്ടും പാലും വിത്തിലെ എണ്ണയും ചേര്‍ത്തു കഴിച്ചാല്‍ പനി കുറയും. സിഫിലിസ്, കുഷ്ഠം, വാതം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കും ഇതിന്റെ എണ്ണ മരുന്നായി ഉപയോഗിച്ചുവരുന്നു. വൃക്ഷത്തിന്റെ തൊലിയില്‍ ടാനിന്‍ അടങ്ങിയിരിക്കുന്നു. സിക്കിം നിവാസികള്‍ മത്സ്യത്തെ കൊല്ലാന്‍ ഇതിന്റെ എണ്ണ ഉപയോഗിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍