This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലിഹ, ബി.പി. (1912 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാലിഹ, ബി.പി. (1912 - 71)

അസമിലെ മുന്‍ മുഖ്യമന്ത്രി. പൂര്‍ണനാമധേയം ബിമലപ്രസാദ് ചാലിഹ. ഇദ്ദേഹം 1912 മാ. 26-ന് അസമിലെ സിബ് സാഗറില്‍ കാളിപ്രസാദ് ചാലിഹയുടെ പുത്രനായി ജനിച്ചു. സിബ്സാഗര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പാസായശേഷം കൊല്‍ക്കത്ത സിറ്റി കോളജില്‍ ഉപരിവിദ്യാഭ്യാസത്തിനു ചേര്‍ന്നു. അവിടെവച്ച് ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ അറസ്റ്റുചെയ്ത് ആറുമാസം തടവിനു ശിക്ഷിച്ചു. ജയില്‍ വിമുക്തനായശേഷം മഹാത്മാഗാന്ധിയുടെ സഹചാരിയായി പ്രവര്‍ത്തിച്ചു. ഗാന്ധിജി ഇദ്ദേഹത്തെ ഖാദി സംബന്ധമായ പരിശീലനത്തിനായി ബിഹാറിലെ മധുരദാസ് പുരുഷോത്തമന്റെ അടുത്തേക്ക് അയച്ചു. 1942-ല്‍ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. ജോര്‍ഹാട്ട് ജയിലില്‍ നിന്ന് 1944-ല്‍ മോചിതനായി. പിന്നീട് ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1946-ല്‍ ശിവസാഗറില്‍ നിന്നും അസം അസംബ്ലി അംഗമായി. 1950-ല്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും 1952-ലെ ഉപതെരഞ്ഞെടുപ്പില്‍ ലോകസഭാംഗവുമായി.

നിയമസഭാംഗമല്ലാതിരിക്കെ 1957 ഡി.-ല്‍ ചാലിഹ അസം മുഖ്യമന്ത്രിയായി, തുടര്‍ന്ന് ഭദ്രാപ്പൂരില്‍ നിന്നും നിയമസഭാംഗമായി. 1962-ലും 67-ലും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യത്തെത്തുടര്‍ന്ന് 1970 ഒ.-ല്‍ ഇദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്നും വിരമിച്ചു. 1971-ല്‍ ഇദ്ദേഹത്തിന് 'പദ്മഭൂഷണ്‍' ബഹുമതി ലഭിച്ചു. അസം കോ-ഓപ്പറേറ്റീവ് അപെക്സ് ബാങ്കിന്റെയും അസം കോ-ഓപ്പറേറ്റീവ് ഇന്‍ഡസ്റ്റ്രീസ് അസോസിയേഷന്റെയും ചെയര്‍മാനായിരുന്നിട്ടുണ്ട്. 1971 ഫെ. 25-ന് ഷില്ലോങ്ങില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍