This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലഞ്ചര്‍ പര്യവേക്ഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാലഞ്ചര്‍ പര്യവേക്ഷണം

ആധുനിക സമുദ്രവിജ്ഞാനീയത്തിന് തുടക്കം കുറിച്ച പ്രഥമ സമുദ്ര പര്യവേക്ഷണം.

സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസറും പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്ന സര്‍ ചാള്‍സ് വിവില്‍ തോംസണ്‍ (1830-82)-ന്റെ നേതൃത്വത്തിലായിരുന്നു ഈ സമുദ്രയാത്ര നടന്നത്. 1872 ഡി. 21-ന്, 'എച്ച്.എം.എസ്. ചാലഞ്ചര്‍' എന്ന ആവിക്കപ്പലില്‍ (2,306 ടണ്‍), ഇംഗ്ലണ്ടില്‍ നിന്നാരംഭിച്ച ഗവേഷണയാത്രയില്‍ ഇദ്ദേഹത്തോടൊപ്പം സഹായിയായി പ്രമുഖ ഭൌമശാസ്ത്രജ്ഞനായ ജോണ്‍ മുറെയും ഉണ്ടായിരുന്നു. സര്‍ ജോര്‍ജ് സ്ട്രോങ്നറെസ് (1831-1915) ആയിരുന്നു കപ്പല്‍ നിയന്ത്രിച്ചിരുന്നത്. 1872 മേയ് 24-ന് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ എച്ച്.എം.എസ്. ചാലഞ്ചര്‍ അപ്പോഴേക്കും ഇന്ത്യന്‍ മഹാസമുദ്രം, അത്ലാന്തിക്-പസിഫിക്-അന്റാര്‍ട്ടിക് സമുദ്രങ്ങള്‍ എന്നിവ പിന്നിട്ട് 1,10,840 കി.മീ. സഞ്ചരിച്ചിട്ടുണ്ടായിരുന്നു അന്റാര്‍ട്ടിക് വൃത്തംകടന്ന ആദ്യത്തെ ആവിക്കപ്പലും ചാലഞ്ചര്‍ ആയിരുന്നു.

ചാലഞ്ചര്‍ പര്യവേക്ഷണത്തിന് മുന്‍പ് പല സമുദ്ര പര്യവേക്ഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും സമുദ്ര വിജ്ഞാനീയത്തെ പരിപോഷിപ്പിക്കുന്നവയായിരുന്നില്ല. 15-ാം ശ.-ത്തിന്റെ തുടക്കത്തില്‍ ചൈനക്കാരും, അതേ നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ യൂറോപ്യരും നടത്തിയ സമുദ്രപര്യവേക്ഷണങ്ങളെല്ലാം മുഖ്യമായും ശ്രദ്ധപതിപ്പിച്ചിരുന്നത് ഭൂവിജ്ഞാനീയത്തിലായിരുന്നു. എന്നാല്‍, ചാലഞ്ചര്‍ പര്യവേക്ഷണത്തിന്റെ കണ്ടെത്തലുകളെ ത്തുടര്‍ന്നാണ് സമുദ്രശാസ്ത്രം ഒരു ശാസ്ത്രശാഖയായി അംഗീകരിക്കപ്പെടുന്നത്. സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്ന നാലായിരത്തിലധികം പുതിയ സ്പീഷീസ് ഉള്‍പ്പെടെ അപൂര്‍വ ജൈവശേഖരം കണ്ടെത്താനായത് ഈ പര്യവേക്ഷണത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. കൂടാതെ, സമുദ്രജല രാസഘടന, ആഴം, ഒഴുക്ക്, താപനില, അധഃസ്ഥലനിക്ഷേപം എന്നിവയെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്കാനായതായിരുന്നു ഈ ദൗത്യത്തിന്റെ മറ്റൊരു സംഭാവന. ഇത്തരം അന്വേഷണങ്ങളും കണ്ടെത്തലുകളും സമുദ്രജീവശാസ്ത്രം, സമുദ്രാന്തരഭൂവിജ്ഞാനീയം, സമുദ്രജല രസതന്ത്രം, ഭൌതിക സമുദ്രവിജ്ഞാനീയം തുടങ്ങിയ നൂതന ശാസ്ത്ര ശാഖകളുടെ രൂപീകരണത്തിനും വികാസത്തിനും വഴിവച്ചു.

പര്യവേക്ഷണം 1876-ല്‍ അവസാനിച്ചെങ്കിലും തുടര്‍ന്ന് 20 വര്‍ഷത്തോളം അതേക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും തുടര്‍ന്നു. ഗവേഷണയാത്രയെപ്പറ്റി 40 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച വിവരണഗ്രന്ഥം ഇന്നും സമുദ്രജീവശാസ്ത്രജ്ഞര്‍ അടിസ്ഥാനഗ്രന്ഥമായി ഉപയോഗിക്കുന്നു. വിവല്‍ തോംസണ്‍ തന്റെ പ്രാഥമിക പര്യവേക്ഷണ വിശദാംശങ്ങള്‍ അടങ്ങുന്ന ദ വൊയേജ് ഒഫ് ദ ചാലഞ്ചര്‍ ആന്‍ഡ് ദ അത്ലാന്തിക് (The Voyage of the Challenger and the Atlantic) എന്ന ഗ്രന്ഥം രണ്ട് ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തി (1877). ഇതിന് മുന്‍പ് (1873) ഇദ്ദേഹം രചിച്ച ദ ഡെപ്ത് ഒഫ് ദ സി (The Depth of the Sea) മറ്റൊരു സമുദ്രശാസ്ത്ര ഗ്രന്ഥമാണ്. 1882-ല്‍ വിവല്‍ തോംസണിന്റെ മരണത്തോടെ പര്യവേക്ഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ചുമതല ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന ജോണ്‍ മുറെ ഏറ്റെടുക്കുകയും 50 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തു (1880-1952). സമുദ്ര വിജ്ഞാനീയത്തെ സംബന്ധിച്ച ക്രമാനുഗതമായ ആദ്യ ഗ്രന്ഥമാണിത്.

ഇതിനുശേഷം നടന്ന പര്യവേക്ഷണങ്ങള്‍ എല്ലാം ചാലഞ്ചര്‍ പര്യവേക്ഷണ നിരീക്ഷണങ്ങളെ അംഗീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍