This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാറ്റര്‍ട്ടണ്‍, തോമസ് (1752 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാറ്റര്‍ട്ടണ്‍, തോമസ് (1752 - 70)

Chatterton, Thomas

ഇംഗ്ലീഷ് കവി. 1752 ന. 20-ന് ദരിദ്രനായ സ്കൂള്‍ അധ്യാപകന്റെ മകനായി ബ്രിസ്റ്റളില്‍ ജനിച്ചു. ചാറ്റര്‍ട്ടണിന്റെ ജനനത്തിനു മുന്‍പു തന്നെ അച്ഛന്‍ മരിച്ചുപോയിരുന്നു. അമ്മയ്ക്കു ലഭിച്ചിരുന്ന ചെറിയ വരുമാനംകൊണ്ടാണ് കുടുംബം പുലര്‍ത്തിപ്പോന്നത്. സെന്റ് മേരി റെഡ്ക്ളിഫ് പള്ളിക്കു സമീപമാണ് ബാല്യകാലം ചെലവഴിച്ചത്.

ബ്രിസ്റ്റള്‍നഗരത്തിന്റെ മുന്‍കാലചരിത്രമായിരുന്നു ഇദ്ദേഹത്തിന്റെ രചനകള്‍ക്കാധാരം. അവിടത്തെ മേയറും ആധികാരിക പ്രമാണങ്ങളുടെ അധികാരിയുമായിരുന്ന വില്യം കാനിങ് എന്ന ചരിത്രപുരുഷനെക്കുറിച്ച് അറിയുകയും അദ്ദേഹത്തെക്കുറിച്ച് കഥകളെഴുതുകയും ചെയ്തു. മധ്യകാലത്തു ജീവിച്ചിരുന്ന പുരോഹിതന്മാര്‍ക്കുണ്ടായിരുന്ന ഗുണഗണങ്ങളുടെ മാതൃകയായി തോമസ് റോലി എന്ന പുരോഹിത കഥാപാത്രത്തെ സൃഷ്ടിക്കുകയും ആ സാങ്കല്പിക കഥാപാത്രത്തെക്കുറിച്ച് കവിതകളെഴുതുകയും ചെയ്തു. അവ റോലി കവിതകള്‍ എന്നറിയപ്പെടുന്നു.

കുരിശുമോഷ്ടാവായ ഒരു വികാരിയെ പരിഹസിച്ചെഴുതിയ എലിനോര്‍ ആന്‍ഡ് ജുഗാ ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ കവിത. ഇത് 12-ാം വയസ്സിലാണ് രചിച്ചത്. 14-ാം വയസ്സില്‍ ബ്രിസ്റ്റളില്‍ ഒരു നിയമജ്ഞന്റെ കീഴില്‍ പകര്‍ത്തെഴുത്തുകാരനായി ജോലി നോക്കി. ഇക്കാലത്ത് രാജവംശാവലി വര്‍ണന, അതിഭൌതികശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, വൈദ്യശാസ്ത്രം, പുരാണം എന്നിവ പഠിച്ചു. ഇതിനു പുറമേ സംഗീതവും അഭ്യസിച്ചു. 15-ാം വയസ്സില്‍ ബ്രസ്റ്റളില്‍ നിര്‍മിച്ച ഒരു പാലത്തെക്കുറിച്ച് പത്രത്തിലെഴുതിയത് പ്രക്ഷോഭത്തിനു കാരണമായി. 12-ാം ശ.-ത്തില്‍ ഉണ്ടായ സമാനമായ സംഭവത്തെ അനുകരിച്ച് എഴുതിയതാണ് അതെന്ന് പലരും കണ്ടുപിടിച്ചു. ബ്രിസ്റ്റളിലെ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നവര്‍ക്ക് ചില കൃത്രിമപ്രമാണങ്ങള്‍ ചാറ്റര്‍ട്ടണ്‍ അയച്ചുകൊടുത്തു. 1769-ല്‍ ഇദ്ദേഹം ഹൊറേസ് വാല്‍പോളിന് ഒരു റോലികവിത അയച്ചുകൊടുത്തു. അതിന്റെ സ്വാഭാവികതയില്‍ സംശയം തോന്നിയ വാല്‍പോള്‍ കവിത നിരസിക്കുകയുണ്ടായി.

1770 ഏ.-ല്‍ ചാറ്റര്‍ട്ടണ്‍ ലണ്ടനിലേക്കുപോയി, സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതുന്നതിലേക്കു ശ്രദ്ധതിരിച്ചു. ലണ്ടനില്‍ വളരെ ജനസ്വാധീനമുണ്ടായിരുന്ന ലോഡ് മേയറായിരുന്ന വില്യം ബെക്ഫോഡുമായി പരിചയപ്പെട്ടു. കൂടാതെ, ചില പത്രാധിപന്മാരുമായുള്ള ബന്ധവും ഇദ്ദേഹത്തിന് ലേഖനങ്ങളെഴുതി പ്രസിദ്ധീകരിക്കുവാന്‍ അനുകൂലഘടകങ്ങളായി മാറി. ഉപന്യാസങ്ങള്‍, രാഷ്ട്രീയ ആക്ഷേപഹാസ്യലേഖനങ്ങള്‍ എന്നിവ എഴുതിത്തുടങ്ങുകയും ചെയ്തു. തുടക്കത്തില്‍ വിജയമായിരുന്നെങ്കിലും, ബെക്ഫോഡിന്റെ പെട്ടെന്നുണ്ടായ മരണത്തോടുകൂടി രാഷ്ട്രീയാന്തരീക്ഷം മാറി. തുടര്‍ന്ന് പല പ്രസിദ്ധീകരണങ്ങളും നിര്‍ത്തിവച്ചു. തന്റെ ലേഖനങ്ങളുടെ പ്രസിദ്ധീകരണം നടക്കാതെ വരികയും അതിന്റെ ഫലമായി സാമ്പത്തികനില അങ്ങേയറ്റം മോശമായിത്തീരുകയും ചെയ്തു. തീര്‍ത്തും നിരാശനായ ചാറ്റര്‍ട്ടണ്‍ 1770 ആഗ. 23-ന് ലേഖനങ്ങളെല്ലാം നശിപ്പിക്കുകയും വിഷം കഴിച്ച് ആത്മഹത്യചെയ്യുകയും ചെയ്തു.

ബ്രിസ്റ്റോവ് ട്രാജഡി, എയ്ല്ലാ, എക്സലന്റ് ബാലഡ് ഒഫ് ചാരിറ്റി എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ചാറ്റര്‍ട്ടണിന്റെ കവിതകള്‍ ആധികാരികവും പ്രതിഭാസമ്പന്നവുമാണെന്നും, അതല്ല, കൃത്രിമവും അനുകരണവുമാണെന്നുമുള്ള തര്‍ക്കം നിലവിലുണ്ട്. ഏതായാലും ആധുനിക കാല്പനിക കവിതയുടെ പുനരുദ്ധാരകന്മാരിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു.

കോള്‍റിജ്, ഷെല്ലി, കീറ്റ്സ്, വേഡ്സ്വര്‍ത്ത് എന്നിവര്‍ ചാറ്റര്‍ട്ടനെ ഒരു ഉജ്ജ്വലപ്രതിഭയായി പ്രകീര്‍ത്തിക്കുന്നു. കവിതയിലെ താളാത്മകതയും 18-ാം ശ.-ത്തില്‍ നിന്നുള്ള വേറിട്ടുനില്ക്കലും ഈ കവിതകളുടെ പ്രത്യേകതയാണ്. 'സാഹിത്യലോകത്ത് ബാല്യത്തിലേ കൊഴിഞ്ഞുപോയ ഒരു അദ്ഭുതം!' എന്നാണ് ഇദ്ദേഹത്തെ എഡ്മണ്ട് ഗോസ്സ് വിശേഷിപ്പിച്ചിട്ടുള്ളത്. കോള്‍റിജ്, ഷെല്ലി, കീറ്റ്സ്, ബൈറണ്‍ എന്നിവര്‍ ചാറ്റര്‍ട്ടണിനെക്കുറിച്ച് കവിതകളെഴുതുകയും ഇദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍