This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍ട്ടേഡ് കമ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:58, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാര്‍ട്ടേഡ് കമ്പനി

ഒരു രാജകീയശാസനം അല്ലെങ്കില്‍ അധികാരപത്രംവഴി ലഭിച്ച അവകാശങ്ങളോ അധികാരങ്ങളോ ഭോഗങ്ങളോ അനുഭവിക്കുന്ന കമ്പനി. ചാര്‍ട്ടറില്‍ കമ്പനിയുടെ ഉത്തരവാദിത്തങ്ങളും വ്യക്തമാക്കപ്പെട്ടിരിക്കും. സാധാരണഗതിയില്‍ ചാര്‍ട്ടര്‍ പ്രകാരം കമ്പനിക്ക് അതിന്റെ അധികാരമേഖലയിലും പ്രവര്‍ത്തനങ്ങളിലും ഒരു കുത്തകതന്നെ ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലണ്ടില്‍ ഒരു ചാര്‍ട്ടറിലൂടെ എത്രപേരെ വേണമെങ്കിലും ചേര്‍ത്ത് ഒരു കമ്പനി ഉണ്ടാക്കാനുള്ള അധികാരം രാജാവിനുണ്ട്.

മധ്യകാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ വ്യാപാരത്തിന്റെ സിംഹഭാഗവും വിദേശവണിക്കുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഡെന്മാര്‍ക്ക്, ലൂബ്ചെക്ക്, ബ്രൂണ്‍സ്വിക്ക് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്ക് 1257-ല്‍ ഹെന്റി മൂന്നാമനില്‍ നിന്നും ഒരു ചാര്‍ട്ടര്‍ നേടാന്‍ കഴിഞ്ഞു. ആദ്യകാല ഇംഗ്ലീഷ് ചാര്‍ട്ടര്‍ കമ്പനികള്‍ ബ്രിട്ടീഷ് അഡ്വന്‍ചറേഴ്സ്, മര്‍ച്ചന്റ് സ്റ്റേപ്ളേഴ്സ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ജര്‍മനി, നെതര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാര മത്സരത്തെ ചെറുക്കുവാനുള്ള കഴിവു നേടാന്‍ പില്ക്കാലത്ത് മര്‍ച്ചന്റ് അഡ്വന്‍ചറേഴ്സിനു സാധിച്ചു. വ്യാപാര ഗില്‍ഡുകളില്‍ നിന്നും സംഘടനാതത്ത്വങ്ങള്‍ സ്വീകരിച്ചിരുന്ന റെഗുലേറ്റഡ് കമ്പനികളാണ് ആദ്യകാല കമ്പനികള്‍. ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ വ്യാപാരമേഖല വിപുലീകരിക്കുവാന്‍ തയ്യാറായതോടെ 16-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ചാര്‍ട്ടേഡ് കമ്പനികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും വമ്പിച്ച പുരോഗതിയുണ്ടായി. കമ്പനികളുടെ ഘടനയിലും വ്യതിയാനങ്ങള്‍ വരുത്തി. സ്ഥിരത മുഖമുദ്രയായുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് റെഗുലേറ്റഡ് കമ്പനികള്‍ അനുയോജ്യമായിരുന്നെങ്കിലും രാഷ്ട്രീയ വ്യാപാര കാര്യങ്ങളില്‍ അപകട സാധ്യതയുള്ള വിദൂരസ്ഥ ദേശങ്ങളുമായുള്ള വ്യാപാരത്തിന് പ്രത്യേക സംവിധാനം ആവശ്യമായിത്തീര്‍ന്നു. പുതിയ വ്യാപാര നിബന്ധനകള്‍ നേരിടുന്നതിന് ജോയിന്റ് സ്റ്റോക്ക് സംവിധാനമാണ് മെച്ചമെന്ന് തെളിഞ്ഞു. ഇത്തരം സംവിധാനത്തില്‍ ഓഹരി ഉടമകളില്‍നിന്നും മൂലധനം ശേഖരിക്കുകയും ലാഭമുണ്ടായാല്‍ അതിന്റെ വിഹിതം ഓഹരി ഉടമകള്‍ക്ക് നല്കുകയും ചെയ്തു. എല്ലാ ചാര്‍ട്ടറുകളിലും കമ്പനിയുടെ 'സത്ഭരണ'ത്തിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള വ്യവസ്ഥകള്‍ ഉണ്ടായിരുന്നു.

ഈസ്റ്റ് ഇന്‍ഡീസുമായി കുത്തകവ്യാപാരം നടത്താനുള്ള അധികാരത്തോടുകൂടിയ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി, ഈസ്റ്റ് ഇന്ത്യാകമ്പനി എന്ന പേരില്‍ 1600-ല്‍ സ്ഥാപിക്കപ്പെട്ടു. ഈ കമ്പനിയുടെ രാഷ്ട്രീയ നേട്ടങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. വളരെയേറെ സാമ്പത്തികശക്തി ആര്‍ജിക്കാന്‍ കഴിഞ്ഞ ഈ കമ്പനി ബ്രിട്ടീഷ് ദേശീയവരുമാനത്തില്‍ സാരമായ തോതില്‍ സംഭാവന ചെയ്തിരുന്നു. 17-ാം ശ.-ത്തിലെ സാമ്പത്തിക വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി ഈസ്റ്റ് ഇന്ത്യാക്കമ്പനി മാറുകയും ചെയ്തു.

വടക്കേ അമേരിക്കയില്‍ ചാര്‍ട്ടേഡ് കമ്പനികളുടെ പ്രാധാന്യം വ്യാപാര രംഗത്തായിരുന്നില്ല, മറിച്ച് കോളനി രൂപവത്കരണത്തിലായിരുന്നു ദൃശ്യമായിരുന്നത്. ഇതിനൊരപവാദം കാനഡയുമായി വ്യാപാരബന്ധത്തിലേര്‍പ്പെടാനായി 1670-ല്‍ സ്ഥാപിച്ച ഹഡ്സണ്‍സ് ബേ കമ്പനിയാണ്. പല ബ്രിട്ടീഷ് അമേരിക്കന്‍ കോളനികളും സ്ഥാപിച്ചത് ചാര്‍ട്ടേഡ് കമ്പനികളിലൂടെയായിരുന്നു. രണ്ടു വിഭാഗത്തില്‍പ്പെട്ട ചാര്‍ട്ടേഡ് കമ്പനികളാണ് അമേരിക്കന്‍ കോളനികളിലുണ്ടായിരുന്നത്. ഇതില്‍ ആദ്യത്തേത് സ്വകാര്യ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കോളനിയുടെ ആരംഭഘട്ടത്തില്‍ നല്കിയ അധികാരത്തിന്റെ ബലത്തോടുകൂടി സ്ഥാപിക്കപ്പെട്ടവയാണ്. പില്ക്കാലത്ത് ഇവയെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും, ഗവണ്‍മെന്റിന്റെ നയങ്ങളും നിയന്ത്രണങ്ങളും അവയ്ക്ക് ബാധകമാക്കുകയും ചെയ്തു.

രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട ചാര്‍ട്ടറുകള്‍ കുടിയേറി പാര്‍ത്തവരുടെ ഭരണസംവിധാനത്തിന് സാധുത നല്കുന്നതിനുവേണ്ടിയുള്ളവയായിരുന്നു. മാസച്ചുസെറ്റ്സ് ബേ കമ്പനി ഈ ഇനത്തില്‍പ്പെട്ട ചാര്‍ട്ടര്‍ കമ്പനികള്‍ക്കുള്ള ഒരു ഉദാഹരണമാണ്. 17-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി കോളനിപ്രദേശങ്ങളില്‍ ലെജിസ്ളേറ്റീവ് അസംബ്ലികള്‍ രൂപവത്കൃതമാവുകയും ഇതിനെത്തുടര്‍ന്ന് ചാര്‍ട്ടറുകള്‍ ഭേദഗതി ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയുമോ ചെയ്യുകയുമുണ്ടായി.

യൂറോപ്പിലും ചാര്‍ട്ടേഡ് കമ്പനികളുടെ രൂപവത്കരണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടായി. 1599-നും 1789-നും ഇടയ്ക്ക് ഫ്രാന്‍സില്‍ മാത്രം 70 കമ്പനികള്‍ രൂപംകൊണ്ടു. 1664-ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനി നിലവില്‍വന്നു. ഫ്രഞ്ച് രാജാവിനുതന്നെ സാമ്പത്തിക ഇടപാടുകളുള്ള ചാര്‍ട്ടര്‍ കമ്പനികളിലേക്ക് ഇന്ത്യന്‍ വ്യാപാരം മാറ്റപ്പെട്ടു. 18-ാം ശ.-ത്തിന്റെ തുടക്കത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി സാമ്പത്തിക കാര്യങ്ങളില്‍ പൊതുജനങ്ങളുടെ വിശ്വാസം നഷ്ടമാക്കാന്‍ ഇടയാക്കിയെങ്കിലും 1769 വരെ കമ്പനി ഒഫ് ഇന്‍ഡീസ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനി നിലവിലുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ നെതര്‍ലന്‍ഡില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനിയും വെസ്റ്റ് ഇന്ത്യാക്കമ്പനിയും വ്യാപാര കാര്യങ്ങളിലേര്‍പ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

19-ാം ശ.-ത്തിന്റെ തുടക്കത്തോടെ ചാര്‍ട്ടേഡ് കമ്പനികളുടെ പ്രാമുഖ്യം കുറയുകയും അവയുടെ രാഷ്ട്രീയ ചുമതലകള്‍ ഗവണ്‍മെന്റുകള്‍ തന്നെ നേരിട്ട് ഏറ്റെടുത്തു നടത്തുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ വികസനോന്മുഖമായ ചാര്‍ട്ടേഡ് കമ്പനികള്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ അവയ്ക്ക് കുത്തക സ്വഭാവമുണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു. വിദേശശക്തികളുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് ചാര്‍ട്ടറുകളില്‍ വിശദമായ ഒരു നിയന്ത്രണസംഹിതതന്നെ ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി, റൊഡേഷ്യയുടെ വികസനത്തിനുള്ള ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കന്‍ കമ്പനി എന്നിവയ്ക്കു ചാര്‍ട്ടറുകള്‍ നല്കപ്പെട്ടത്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി. 1600-ല്‍ എലിസബത്ത് രാജ്ഞി നല്കിയ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി സ്ഥാപിതമായത്. കമ്പനിയുടെ ചാര്‍ട്ടര്‍ പില്ക്കാലത്ത് പല പ്രാവശ്യം പുതുക്കുകയുണ്ടായി. കൊല്‍ക്കത്താ ഗവര്‍ണറായിരുന്ന വാറന്‍ ഹേസ്റ്റിങ്സ് 1772-ല്‍ ബംഗാളിന്റെ ഭരണം നേരിട്ട് ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യാക്കമ്പനി ഇന്ത്യയില്‍ വലിയൊരു പ്രദേശത്തിന്റെ ഭരണം കൈയടക്കി. തുടര്‍ന്ന് 1773-ല്‍ കമ്പനിയുടെ ഇന്ത്യാഭരണത്തില്‍ ചില മാറ്റങ്ങളും ക്രമീകരണങ്ങളും വരുത്തിക്കൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് ഒരു നിയമം പാസാക്കി. ഈ നിയമത്തിലെ ഒരു വ്യവസ്ഥയനുസരിച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ചാര്‍ട്ടര്‍ ഇരുപതു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. ഓരോ ഇരുപതു വര്‍ഷം കഴിയുമ്പോഴും ചാര്‍ട്ടര്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതനുസരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് 1793, 1813, 1833, 1853 എന്നീ വര്‍ഷങ്ങളിലെ ചാര്‍ട്ടര്‍ നിയമങ്ങള്‍ പാസാക്കുകയുണ്ടായി. 1857-ലെ പട്ടാള വിപ്ലവത്തെത്തുടര്‍ന്ന് ഇന്ത്യാഭരണം ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ട് ഏറ്റെടുക്കുകയും ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ പ്രവര്‍ത്തനം ഔപചാരികമായി അവസാനിപ്പിക്കുകയും ചെയ്തു. ഓരോ ചാര്‍ട്ടര്‍ നിയമം പാസാക്കുമ്പോഴും കമ്പനിയുടെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു കഴിഞ്ഞു. 1853-ലെ അവസാനത്തെ ചാര്‍ട്ടര്‍ നിയമം ഇന്ത്യാഭരണം യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലാക്കിക്കഴിഞ്ഞിരുന്നു. 1858-ല്‍ ഇന്ത്യയുടെ സദ്ഭരണത്തിനുവേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി ഒരു വിളംബരംമൂലം ഏറ്റെടുത്തത് കേവലം ഔപചാരികമായ ഒരു നടപടി മാത്രമായിരുന്നു.

ആധുനിക ലിമിറ്റിഡ് കമ്പനികളുടെ ആവിര്‍ഭാവവും അവയെ നിയന്ത്രിക്കുന്ന കമ്പനി ആക്റ്റുകളും ചാര്‍ട്ടേഡ് കമ്പനികളുടെ പ്രാധാന്യം കുറയ്ക്കുവാന്‍ വഴിതെളിച്ചു. എങ്കിലും ഒരു പ്രത്യേക കാലഘട്ടത്തില്‍ ആഭ്യന്തര വ്യാപാരം, വ്യവസായം എന്നിവ വികസിപ്പിച്ചെടുക്കുന്നതിനും വിദേശത്തുള്ള പ്രദേശങ്ങളില്‍ മേല്‍ക്കോയ്മ സ്ഥാപിച്ച് അവയെ വികസിപ്പിക്കുന്നതിനും ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ് തുടങ്ങിയ വാണിജ്യപ്രധാന രാഷ്ട്രങ്ങള്‍ക്കു ചാര്‍ട്ടേഡ് കമ്പനികള്‍ സഹായകമായി വര്‍ത്തിച്ചു എന്നതിനു സംശയമില്ല.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍