This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചായങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:12, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചായങ്ങള്‍

വസ്ത്രങ്ങള്‍, മഷി, വര്‍ണചിത്രങ്ങള്‍, മുടി, കടലാസ്, പ്ലാസ്റ്റിക്, റബ്ബര്‍, തുകല്‍, പെയിന്റുകള്‍, ആഹാരപദാര്‍ഥങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയ വൈവിധ്യമേറിയ ഉത്പന്നങ്ങള്‍ നിറംപിടിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍. മിക്കവാറും എല്ലാ ചായങ്ങളും കാര്‍ബണിക യൗഗികങ്ങളാണ്. ഒരുത്പന്നത്തില്‍ ചായം പിടിപ്പിക്കുമ്പോള്‍ ആ ഉത്പന്നത്തിനും ചായത്തിനുമിടയ്ക്ക് ആകര്‍ഷണശക്തി രൂപംകൊള്ളുന്നു. ഈ ആകര്‍ഷണശക്തി കൂടുന്തോറും ചായം പ്രതലത്തില്‍ കൂടുതല്‍ ദൃഢമായി ഉറച്ചിരിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

ചരിത്രം. ഒട്ടനവധി ഇനം ചായങ്ങളുണ്ട്. മാത്രമല്ല, അവയുടെ രാസഘടന, പ്രയോഗരീതി തുടങ്ങിയവ വളരെ വ്യത്യസ്തങ്ങളുമാണ്. ചായങ്ങളെ മൊത്തത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. പ്രകൃതിജന്യ ചായങ്ങളും സംശ്ലേഷിതചായങ്ങളും. ചരിത്രാതീതകാലം മുതല്‍ 18-ാം ശ.-ത്തിന്റെ പകുതിവരെ പ്രകൃതിജന്യചായങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരാതന ഈജുപ്തുകാര്‍ കുസുംഭപ്പൂവില്‍ നിന്നുണ്ടാക്കിയ മഞ്ഞച്ചായവും ചില ശലഭങ്ങളെ പിഴിഞ്ഞെടുത്തുണ്ടാക്കിയ ചുവപ്പുചായവും ഉപയോഗിച്ചിരുന്നു. മഞ്ജിഷ്ഠവേരില്‍ നിന്നെടുത്ത ചായവും അമരിനീലവും ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് പ്രാചീനഭാരതത്തിലാണ്. മയിലാഞ്ചി, കുങ്കുമം എന്നിവയാണ് പുരാതനകാലത്ത് പ്രചാരത്തിലിരുന്ന മറ്റു രണ്ടുചായങ്ങള്‍. ഒരുതരം കക്കാപ്രാണികളില്‍നിന്നുകിട്ടുന്ന കടുംചുവപ്പുനിറമുള്ള 'ടൈറിയന്‍ പര്‍പ്പിള്‍' എന്നചായം മധ്യകാല യൂറോപ്പില്‍ വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഏറ്റവും വിലയേറിയൊരു ചായവസ്തുവാണിത്. തെക്കേഅമേരിക്കയിലെ ആദിവാസികളില്‍ നിന്നാണ് യൂറോപ്യര്‍ ഈ ചായത്തെക്കുറിച്ചു മനസ്സിലാക്കിയത്. 'കോച്ചിനീല്‍' എന്ന ശഭലത്തില്‍നിന്നു കിട്ടുന്ന അരുണവര്‍ണമായ ചായം, 'വോഡ്' എന്ന പേരുള്ള നീലച്ചായം, പേര്‍ഷ്യന്‍ ബറികളില്‍ നിന്നുകിട്ടുന്ന ചായം, മഞ്ഞള്‍ എന്നിവയും പ്രാചീനകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു.

ക്രിസ്തുവര്‍ഷം 1856-ല്‍ സര്‍ വില്യം ഹെന്റി നിര്‍മിച്ച മോവേയിന്‍ (Mauveine) എന്ന യൗഗികമാണ് ആദ്യത്തെ സംശ്ലേഷിതചായം.

ചിത്രം:Pg 798 scr01.png

കാര്‍ബണിക രാസവ്യവസായത്തിനു തുടക്കംകുറിച്ചത് മോവേയിനിന്റെ ഉത്പാദനപ്രക്രിയയാണ്. കൂടുതല്‍ ഗുണമേന്മയുള്ള ചായങ്ങള്‍ വിപണിയിലെത്തിയതുകാരണം വെറും പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ മോവേയിന് വാണിജ്യപ്രാധാന്യമില്ലാതായി. മോവേയിനു പിന്നാലെ രംഗത്തെത്തിയ മാജെന്റെ എന്ന ചായം ഇന്നും പ്രചാരത്തിലുണ്ട്. മാജെന്റെ കണ്ടുപിടിക്കപ്പെട്ട അതേകാലത്തുതന്നെ പീറ്റര്‍ ഗ്രീസ് എന്നൊരാള്‍ ബിസ്മാര്‍ക്ക് ബ്രൗണ്‍ എന്ന ചായം കണ്ടുപിടിച്ചു. ആദ്യത്തെ ആസോ ചായമാണിത്. അമ്ലഗുണമുള്ള ആദ്യത്തെ സംശ്ലേഷിതചായം 1962-ലേ നിര്‍മിക്കാന്‍ കഴിഞ്ഞുള്ളൂ.

മഞ്ജിഷ്ഠവേരില്‍ നിന്നു കിട്ടുന്ന ചായത്തിന്റെ പേര് അലിസാരിന്‍ എന്നാണ്. 1865-ല്‍ ഗ്രേബ്, ലീബര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് ഇതു കൃത്രിമമായി നിര്‍മിച്ചു. കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞ ആദ്യത്തെ പ്രകൃതിജന്യചായമാണിത്. സംശ്ലേഷിത അലിസാരിന്‍കൊണ്ട് നിറം പിടിപ്പിക്കുന്നതാണ് എളുപ്പം എന്നു മനസ്സിലാക്കിയതോടെ മഞ്ജിഷ്ഠ ചെടിയുടെ കൃഷിനിലച്ചു. ലീബര്‍മാന്‍ സള്‍ഫ്യൂരിക് അമ്ലത്തെയും അലിസാരിനെയും സംയോജിപ്പിച്ച് കമ്പിളിക്ക് നിറം പിടിപ്പിക്കാന്‍ അനുയോജ്യമായ അലിസാരിന്‍ റെഡ് എന്ന ചായമുണ്ടാക്കി. 1871-ല്‍ ഫോണ്‍ബെയര്‍ എന്ന ശാസ്ത്രജ്ഞന്‍ ഫ്ളൂറസിന്‍ കണ്ടുപിടിച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം അതില്‍നിന്ന് റോഡമീനുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ചായങ്ങളുണ്ടാക്കി. സള്‍ഫര്‍ ചായങ്ങള്‍ കമ്പോളത്തിലെത്തിയത് 1873-ലാണ്. ഇവയെ ക്ഷാരസോഡിയം സള്‍ഫൈഡുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ കിട്ടുന്ന ലായനി പരുത്തിവസ്ത്രങ്ങള്‍ നിറം പിടിപ്പിക്കാന്‍ അനുയോജ്യമാണ്. തുണി അലക്കിയാല്‍ ഈ നിറം ഇളകിപ്പോവുകയില്ല. 1884-ല്‍ ബോട്ടിഗര്‍ കണ്ടുപിടിച്ച കോംഗോ റെഡ് എന്ന ആസോ ചായം പരുത്തിയില്‍ നേരിട്ടുപിടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ലൊരു ചായമാണ്. സൂര്യപ്രകാശമേല്‍ക്കുമ്പോഴും അലക്കുമ്പോഴും വേഗത്തില്‍ മങ്ങിപ്പോകുന്ന ഈ ചായം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തുടര്‍ന്നു നടത്തിയ പരിശ്രമങ്ങള്‍ വിജയപ്രാപ്തിയിലെത്തി. ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വിഭാഗം ചായങ്ങള്‍ കോംഗോ റെഡ്ഡിന്റെ വ്യുത്പന്നങ്ങളാണ്.

1868-ല്‍ ഫോണ്‍ബെയര്‍ അമരിനീലം സംശ്ലേഷണം ചെയ്യാന്‍ പരിശ്രമിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. ഈ ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് 1880 മുതല്‍ നീണ്ട പതിനേഴുവര്‍ഷം ബാദിഷെ കമ്പനിക്കാര്‍ ഗവേഷണങ്ങള്‍ നടത്തി. പത്തുലക്ഷം പൗണ്ട് ഇതിനുവേണ്ടി ചെലവാക്കേണ്ടിവന്നുവെങ്കിലും അവര്‍ക്കു നീലം സംശ്ലേഷണം ചെയ്യാന്‍ കഴിഞ്ഞു. താമസിയാതെ സംശ്ലേഷിത നീലം കമ്പോളം കൈയടക്കുകയും നീലം കൃഷിക്കാര്‍ കഷ്ടത്തിലാവുകയും ചെയ്തു. 1901-ല്‍ നിര്‍മിക്കപ്പെട്ട 'ഇന്‍ഡാത്രോണ്‍' ആണ് ആദ്യത്തെ സംശ്ലേഷിത 'വാറ്റ്' ചായം. പരുത്തിയില്‍ ദൃഢമായി പിടിച്ചിരിക്കുന്നവയും വര്‍ണ ഭംഗിയുള്ളവയുമായ ഒട്ടനവധി സംശ്ലേഷിത ചായങ്ങളുടെ രംഗപ്രവേശത്തോടെ പ്രകൃതിജന്യചായങ്ങള്‍ കമ്പോളത്തില്‍ നിന്ന് പൂര്‍ണമായി ബഹിഷ്കൃതമായി.

20-ാം ശ.-ത്തിന്റെ ആദ്യദശകത്തില്‍ കമ്പിളി ഏറ്റവും ഭംഗിയായി നിറം പിടിപ്പിക്കാനുപയോഗിക്കുന്ന 'മെറ്റാക്രോം' പ്രക്രിയ പ്രചാരത്തില്‍വന്നു. ഈ പ്രക്രിയ ഉപയോഗിച്ച് തുണികളില്‍ പിടിപ്പിക്കുന്ന ചായങ്ങള്‍ വെളിച്ചത്തില്‍ മങ്ങുകയോ അലക്കുമ്പോള്‍ ഇളകുകയോ ഇല്ല. അമ്ലഗുണമോ ക്ഷാരഗുണമോ ഇല്ലാത്തതുകാരണം കമ്പിളിയെ ഒരു വിധത്തിലും ദോഷകരമായി ബാധിക്കാത്ത ഈ വിഭാഗത്തില്‍പ്പെടുന്ന നല്ലതരം ചായങ്ങള്‍ 1949 മുതല്‍ വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

നീലം വെള്ളത്തില്‍ ലയിക്കുകയില്ല. എന്നാല്‍ അതിന്റെ ല്യൂക്കോ സള്‍ഫ്യൂരിക് എസ്റ്റര്‍ (ഇന്‍ഡിഗോസോള്‍) ജലത്തില്‍ ലയിക്കുമെന്നും ആ ലായനിയെ കമ്പിളിയും പരുത്തിയും വളരെവേഗം അവശോഷണം ചെയ്യുമെന്നും 1922-ല്‍ ബേഡര്‍, സുന്‍ഡര്‍ എന്നിവര്‍ മനസ്സിലാക്കി. ഈ തത്ത്വമുപയോഗിച്ചു തുടങ്ങിയതോടെ നീലം ഉപയോഗിച്ചുള്ള ചായംമുക്കല്‍ വ്യാപകമായി. 1925-ല്‍ ഡയസോണിയം യൗഗികങ്ങള്‍ അന്തരീക്ഷതാപനിലയില്‍ വിഘടിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗം കണ്ടെത്തി. അതോടെ ആസോയിക് ചായങ്ങള്‍ കൊണ്ടുള്ള നിറംപിടിപ്പിക്കല്‍ കൂടുതല്‍ ലളിതമായി.

സംശ്ലേഷിതനാരുകള്‍ രംഗപ്രവേശം ചെയ്തതോടെ ചായം മുക്കല്‍രംഗത്ത് പല പുതിയ പ്രശ്നങ്ങളും ഉണ്ടായി. ഇതിനു പരിഹാരമായി പല പുതിയ ചായങ്ങളും സംശ്ലേഷണം ചെയ്യപ്പെട്ടു. 1923-ല്‍ ആന്ത്രാക്വനോണ്‍ യൗഗികങ്ങളുപയോഗിച്ച് അസറ്റേറ്റ് വസ്ത്രനാരുകള്‍ക്ക് നിറംപിടിപ്പിക്കാനാരംഭിച്ചു. നവീന ശ്ലേഷ്മലചായങ്ങളുടെ മുന്‍ഗാമികളാണിവ. 1928-ല്‍ ഡാന്‍ഡ്രഡ്ജ്, ഡ്രെഷര്‍, തോമസ് തുടങ്ങിയവര്‍ പ്താലോസയനിന്‍ വിഭാഗത്തില്‍പ്പെട്ട ചായങ്ങള്‍ കണ്ടുപിടിച്ചു. പ്താലോസയനിന്റെ ലോഹകോംപ്ലെക്സുകളാണ് ചായങ്ങളായി ഉപയോഗിക്കുന്നത്. തുണിനാരും ചായവും തമ്മില്‍ ഏറ്റവും ദാര്‍ഢ്യമുള്ള രാസബന്ധമുണ്ടാകുന്നത് 'പ്രോഡിയണ്‍സ്' എന്ന വിഭാഗം ചായങ്ങളുപയോഗിക്കുമ്പോഴാണ്. 1956-ലാണ് ഇവ സംശ്ലേഷണം ചെയ്യപ്പെട്ടത്.

നിറവും ഘടനയും തമ്മിലുള്ള ബന്ധം. ഒരു വസ്തുവില്‍ പതിക്കുന്ന സൂര്യപ്രകാശത്തിലെ എല്ലാ വര്‍ണങ്ങളും ഒരേ അനുപാതത്തില്‍ പ്രതിപതിച്ചാല്‍ ആ വസ്തു വെളുത്തതായും മുഴുവന്‍ ആഗിരണം ചെയ്താല്‍ ആ വസ്തു കറുത്തതായും അനുഭവപ്പെടും. ദൃശ്യപ്രകാശത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമേ വസ്തു ആഗിരണം ചെയ്യുന്നുള്ളുവെങ്കില്‍ പ്രതിപതിക്കുന്ന പ്രകാശത്തിന്റെ നിറമായിരിക്കും വസ്തുവിന്. ദൃശ്യപ്രകാശത്തിന്റെ പരിധിക്കുപുറത്തുവരുന്ന വൈദ്യുത കാന്തിക തരംഗങ്ങളെ ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ക്ക് നിറമൊന്നും ദൃശ്യമാകുകയില്ല. വൈദ്യുത കാന്തിക തരംഗങ്ങളെ ആഗിരണം ചെയ്യാനുള്ള ഒരു വസ്തുവിന്റെ കഴിവ് അതിന്റെ രാസഘടനയെ ആശ്രയിച്ചിരിക്കുന്നു. ദ്വിബന്ധനങ്ങളുള്ള ഗ്രൂപ്പുകളടങ്ങിയ യൗഗികങ്ങള്‍ക്ക് നിറമുള്ളതായി 1876-ല്‍ വിറ്റ് എന്ന ഗവേഷകന്‍ കണ്ടുപിടിച്ചു. ഇത്തരം ഗ്രൂപ്പുകളെ ക്രോമോഫോറുകള്‍ എന്നാണദ്ദേഹം വിളിച്ചത്. ഉദാ. –NO2, –NO. N = N തുടങ്ങിയ ഗ്രൂപ്പുകള്‍. മറ്റു ചില ഗ്രൂപ്പുകള്‍ സ്വന്തം നിലയ്ക്ക് ക്രോമോഫോറുകളല്ലെങ്കിലും അവയുടെ സാന്നിധ്യം വസ്തുക്കളുടെ നിറത്തെ കൂടുതല്‍ സാന്ദ്രമാക്കിത്തീര്‍ക്കുന്നു. അത്തരം ഗ്രൂപ്പുകളെ ഓക്സോക്രോമുകള്‍ (ബാത്തോക്രോമുകള്‍) എന്നു വിളിക്കുന്നു. ഉദാ. OH, –NH2, –Cl, –COOH തുടങ്ങിയവ. വര്‍ണസാന്ദ്രത കുറയ്ക്കാന്‍ കഴിവുള്ള ഗ്രൂപ്പുകളാണ് ഹിപ്സോക്രോമുകള്‍. ക്രോമോഫോറുകളുടെയും ഓക്സോക്രോമുകളുടെയും ഹിപ്സോക്രോമുകളുടെയും സമഞ്ജസസമ്മേളനത്തിലൂടെയാണ് തന്മാത്രകള്‍ക്ക് ഇത്ര വൈവിധ്യമേറിയ വര്‍ണഭംഗി ലഭ്യമാകുന്നത്.

ചായങ്ങളുടെ നാമകരണം. ചായങ്ങള്‍ക്ക് വ്യവസ്ഥാപിതമായൊരു നാമകരണപദ്ധതി ഇല്ല. പല ചായങ്ങള്‍ക്ക് ഉത്പാദകര്‍ നല്കിയിട്ടുള്ള പേരുകളാണ് പ്രചാരത്തിലുള്ളത്. ഒരേ ചായത്തിനു തന്നെ ഒന്നിലധികം പേരുകളുണ്ടാകുന്നതും അപൂര്‍വമല്ല. എന്നിരിക്കിലും മിക്ക ചായങ്ങളും ഒരൊറ്റ വാണിജ്യനാമത്തില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. പേരിന്റെ അവസാനം വര്‍ണസൂചിയായി ഒരു റോമന്‍ അക്ഷരം ചേര്‍ക്കുന്നു. മഞ്ഞയ്ക്ക് Y, ഓറഞ്ചു നിറത്തിന് O, ചുവപ്പിന് R, നീലയ്ക്ക് B എന്നിവയാണ് ഉപയോഗിക്കാറുള്ളത്. ചിലപ്പോള്‍ ഇങ്ങനെ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ക്ക് മറ്റു ചില അര്‍ഥങ്ങളും ഉണ്ടാകാറുള്ളതുകൊണ്ട് പല സങ്കീര്‍ണതകളും വന്നുചേരാറുണ്ട്. അതൊഴിവാക്കാന്‍ ചായംമുക്കല്‍ വിദഗ്ധരുടെ അന്തര്‍ദേശീയ സംഘടന ഒരു വര്‍ണസൂചി ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഓരോ നിറത്തെയും സൂചിപ്പിക്കാന്‍ ഓരോ സംഖ്യ (കളര്‍ ഇന്‍ഡക്സ് നമ്പര്‍) ഉപയോഗിക്കുന്നു.

നിര്‍വചനവും വര്‍ഗീകരണവും. താഴെപ്പറയുന്ന ഗണങ്ങളുള്ള യൗഗികങ്ങളെ മാത്രമേ ചായങ്ങളെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

1.അനുയോജ്യമായ നിറം

2.സ്വയമോ മറ്റേതെങ്കിലുമൊരു വസ്തുവിന്റെ സഹായത്തോടെയോ തുണിയില്‍ ദൃഢമായി പിടിച്ചിരിക്കാനുള്ള കഴിവ്.

3.പ്രകാശം, ജലം, നേര്‍ത്ത അമ്ളം, നേര്‍ത്ത ക്ഷാരം, ജൈവലായകങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാലും മങ്ങിപ്പോകാതിരിക്കാനും ഇളകിപ്പോകാതിരിക്കാനുമുള്ള കഴിവ്.

പ്രകൃതിജന്യ തുണിനാരുകള്‍, തുകല്‍ തുടങ്ങിയവയുടെ ഉപരിതലത്തിലാണ് ചായം പിടിപ്പിക്കുന്നത്. എന്നാല്‍ സംശ്ലേഷിത നാരുകള്‍, പ്ലാസ്റ്റിക്കുകള്‍, റബ്ബര്‍ എന്നിവ നിര്‍മിക്കുമ്പോള്‍ ദ്രാവകാവസ്ഥയിലിരിക്കെ ചായവസ്തു ആവശ്യമായ അളവില്‍ ചേര്‍ക്കുകയാണ് കൂടുതല്‍ അഭികാമ്യം.

രാസഘടന, ഉപയോഗം എന്നിവ ആസ്പദമാക്കി ചായങ്ങളെ വര്‍ഗീകരിക്കാം. രാസഘടനയെ ആധാരമാക്കിയുള്ള വര്‍ഗീകരണത്തിന് താത്ത്വിക പ്രധാന്യമേ ഉള്ളൂ. മാത്രമല്ല, ചായങ്ങളുടെ രാസഘടനയിലുള്ള വൈവിധ്യം കാരണം ഈ വര്‍ഗീകരണരീതി ബുദ്ധിമുട്ടുള്ളതാണ്. ചിലപ്പോള്‍ ഒരു ചായത്തെത്തന്നെ പല വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായി വരികയും ചെയ്യും. താഴെപ്പറയുന്നവയാണ് ചായങ്ങളുടെ പ്രധാന രാസവിഭാഗങ്ങള്‍. നൈട്രോസോ, നൈട്രോഅസോ (മോണോസോ, ഡയാസോ മുതലായവ), ആസോയിക്, സ്റ്റില്‍ബീന്‍, ഡൈ അറൈല്‍ മീതേന്‍, ട്രൈ അറൈല്‍ മീതേന്‍, ക്സാന്തെന്‍, ക്വിനൊളിന്‍, മീതൈന്‍, അക്രിഡിന്‍, സള്‍ഫര്‍ തയാസോള്‍, തയാസിന്‍, ഇന്‍ഡമീന്‍, ആസൈന്‍, ഓക്സാസൈന്‍, ലാക്ടോണ്‍, ആന്ത്രാരക്വിനോണ്‍, ഇന്‍ഡിഗോയിഡ് പ്താലോസയിനിന്‍.

ചായങ്ങളുടെ പ്രയോഗരീതിയെ ആസ്പദമാക്കിയുള്ള വര്‍ഗീകരണമാണ് കൂടുതല്‍ ഉപയോഗപ്രദം. ചായത്തിന്റെയും അതു പ്രയോഗിക്കേണ്ട നാരിന്റെയും സ്വഭാവത്തിനനുയോജ്യമായ ചായം മുക്കല്‍ രീതിയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രകൃതിജന്യനാരുകള്‍ തന്നെ രണ്ടുതരമുണ്ട്. പരുത്തി, ലിനന്‍, ചണം തുടങ്ങിയവ സെല്ലുലോസ് കൊണ്ടുണ്ടാക്കിയ നാരുകളും കമ്പിളി, പട്ട്, തുകല്‍, രോമം തുടങ്ങിയവ പ്രോട്ടീന്‍ കൊണ്ടുണ്ടാക്കിയവയുമാണ്. സംശ്ലേഷിത നാരുകള്‍ വൈവിധ്യമേറിയ ഏകകങ്ങളടങ്ങിയ പോളിമറുമാണ്. വ്യത്യസ്തമായ രാസസ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണ് പോളിഅമൈഡുകള്‍, പോളിഎസ്റ്ററുകള്‍, പോളി അക്രിലോനൈട്രൈന്‍ തുടങ്ങിയ സംശ്ലേഷിതനാരുകള്‍. നാരിന്റെ സ്വഭാവത്തെക്കൂടാതെ ചായം മുക്കലിനു മുന്‍പ് നാരിനെ വിധേയമാക്കേണ്ടിവരുന്ന പ്രക്രിയകളും പ്രധാനമാണ്. ചുളിവു വീഴാതിരിക്കാനും ചുരുങ്ങിപ്പോകാതിരിക്കാനും മറ്റും നാരുകളില്‍ നടത്തുന്ന ഉപചരണങ്ങള്‍ അതിന്റെ രാസസ്വഭാവത്തില്‍ സാരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നു.

ചായത്തിന്റെ ജലലായനി ഉപയോഗിച്ചാണ് സാധാരണമായി ചായംമുക്കല്‍ നടത്തുന്നത്. എന്നാല്‍ 1, 1, 1- ട്രൈക്ലോറോ ഈതേന്‍ തുടങ്ങിയ ലായകങ്ങളും ചായംമുക്കലിന് ഉപയോഗിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. ചായങ്ങളുടെ രാസസ്വഭാവം വളരെ വൈവിധ്യമേറിയതാണെങ്കിലും പ്രയോഗരീതിയെ ആസ്പദമാക്കി ചിന്തിച്ചാല്‍ അവ നാലു വിധത്തിലുള്ള ബന്ധനങ്ങള്‍ ഉപയോഗിച്ചാണ് തുണിനാരുകളുമായി സംയോജിക്കുന്നതെന്നു കാണാന്‍ കഴിയും. കോവാലന്റ് ബന്ധനങ്ങള്‍, അയോണിക് ബന്ധനങ്ങള്‍, ഹൈഡ്രജന്‍ ബന്ധനങ്ങള്‍, വാന്‍ഡെര്‍വാല്‍സ് ബന്ധനങ്ങള്‍ എന്നിവയില്‍ ഏതാണ് ചായത്തെ നാരുമായി ബന്ധിക്കാന്‍ ഉപയോഗിക്കുന്നതെന്നത് ഏറിയകൂറും നാരിന്റെ രാസസ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. പ്രയോഗരീതിയെ ആസ്പദമാക്കി പ്രധാനമായും ഒമ്പതു വിഭാഗം ചായങ്ങളാണുള്ളത്.

1. അമ്ലചായങ്ങളും ക്ഷാരചായങ്ങളും. സള്‍ഫോണിക് അമ്ലങ്ങളുടെയും കാര്‍ബോക്സിലിക് അമ്ലങ്ങളുടെയും സോഡിയം ലവണങ്ങളാണ് അമ്ലചായങ്ങള്‍. ഇവ കമ്പിളി, പട്ടുനൂല്‍, പോളിഅമൈഡുകള്‍, അക്രിലിക്കുകള്‍ എന്നിവ നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. നിറമുള്ള ക്ഷാരങ്ങളുടെ ലവണങ്ങളാണ് ക്ഷാരചായങ്ങള്‍.

2. ആസോയിക് ചായങ്ങള്‍ (ഇന്‍ഗ്രെയിന്‍ ചായങ്ങള്‍). ജലത്തില്‍ അലേയങ്ങളായ ആസോചായങ്ങളാണിവ. തുണിനാരിന്റെ ഉപരിതലത്തില്‍വച്ച് ഉത്പാദിപ്പിക്കപ്പെടുന്ന ഈ ചായങ്ങള്‍ സെല്ലുലോസ് നാരുകളില്‍ ചായം പിടിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

3. മോര്‍ഡന്റ് ചായങ്ങള്‍. നേരിട്ട് തുണിയില്‍ പിടിക്കാന്‍ കഴിവില്ലാത്ത ചായങ്ങളെ മോര്‍ഡന്റുകളുപയോഗിച്ചാണ് തുണിയില്‍ പിടിപ്പിക്കുന്നത്. അമ്ലഗുണമുള്ള ചായവസ്തുക്കള്‍ക്ക് ലോഹഹൈഡ്രോക്സൈഡുകളും ക്ഷാരഗുണമുള്ളവയ്ക്ക് ടാനിക് അമ്ലവും മോര്‍ഡന്റുകളായി ഉപയോഗിക്കുന്നു.

4. ലോഹകോംപ്ലക്സ് ചായങ്ങള്‍. മോര്‍ഡന്റു ചായങ്ങള്‍ തുണിയുടെ പ്രതലത്തില്‍വച്ച് മോര്‍ഡന്റുമായി സംയോജിച്ച് കോംപ്ലക്സ് യൗഗികങ്ങളായി മാറുന്നു. എന്നാല്‍ കോംപ്ലക്സ് യൗഗികം നിര്‍മിച്ചെടുത്തശേഷം തുണിയില്‍ പിടിപ്പിക്കുകയാണെങ്കില്‍ അതിനെ ലോഹകോംപ്ലക്സ് ചായം എന്നു വിളിക്കുന്നു.

5. വാറ്റ് ചായങ്ങള്‍. നിരോക്സീകൃതാവസ്ഥയില്‍ (ല്യൂക്കോ യൗഗികങ്ങളായി) തുണിയില്‍ പിടിപ്പിക്കപ്പെടുന്ന ഈ യൗഗികങ്ങള്‍ ഓക്സീകരിച്ച് ചായമായി മാറുന്നു. പരുത്തിത്തുണികള്‍ നിറം പിടിപ്പിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

6. സള്‍ഫര്‍ ചായങ്ങള്‍. പ്രധാനമായും സെല്ലുലോസ് നാരുകള്‍ നിറം പിടിപ്പിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

7. ശ്ലേഷ്മല ചായങ്ങള്‍. ജലത്തില്‍ ലയിക്കാത്ത ഇത്തരം ചായങ്ങള്‍ അനുയോജ്യങ്ങളായ അഭികര്‍മങ്ങളുപയോഗിച്ച് ശ്ലേഷ്മല (disperse) രൂപത്തിലാക്കി സംശ്ലേഷിതനാരുകളെ നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

8. പ്രതിപ്രവര്‍ത്തനക്ഷമ ചായങ്ങള്‍. ഇവയിലുള്ള രാസപ്രവര്‍ത്തനക്ഷമമായ ഗ്രൂപ്പുകള്‍ നേരിട്ട് സെല്ലുലോസുമായി സംയോജിക്കുന്നു.

9. കാര്‍ബണിക വര്‍ണവസ്തുക്കള്‍. ജലത്തില്‍ ലയിക്കാത്ത ഈ യൗഗികങ്ങള്‍ പെയിന്റുകള്‍ക്കും മറ്റും നിറംകൊടുക്കാനാണുപയോഗിക്കുന്നത്.

പ്രധാനപ്പെട്ട ചായങ്ങള്‍. പ്രമുഖ ചായങ്ങളെക്കുറിച്ചൊരു ലഘുവിവരണം താഴെ ചേര്‍ക്കുന്നു.

ആസോചായങ്ങള്‍. സംശ്ലേഷിത ചായങ്ങളുടെ ഏറ്റവും വലിയൊരു വിഭാഗമാണിത്. ആസോഗ്രൂപ്പിനോട് ഘടിപ്പിച്ചിട്ടുള്ളൊരു ആരോമാറ്റിക് വലയമാണ് ഇവയിലെ ക്രോമോഫോര്‍. NH2, NR2, OH തുടങ്ങിയവയാണ് ഇവയില്‍ സാധാരണ കണ്ടുവരുന്ന ഓക്സോക്രോമുകള്‍. ചായതന്മാത്രയിലുള്ള ആസോഗ്രൂപ്പുകളുടെ എണ്ണത്തെ ആസ്പദമാക്കി ആസോചായങ്ങളെ മോണാസോ, ഡയാസോ ട്രൈആസോ തുടങ്ങിയ വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഇവയില്‍ ഓരോ വിഭാഗത്തെയും അമ്ലചായങ്ങളെന്നും ക്ഷാരചായങ്ങളെന്നുമുള്ള രണ്ടു ഉപവിഭാഗങ്ങളായി തിരിക്കാവുന്നതാണ്.

മോണാസോ ക്ഷാരചായങ്ങള്‍. ഉദാ. ക്രൈസോയിഡിന്‍, പേപ്പര്‍, തുകല്‍, ചണം എന്നിവ നിറം പിടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു.

മോണോസോ അമ്ലചായങ്ങള്‍. ഉദാ. മീതൈല്‍ ഓറഞ്ച്. ഇതൊരു സൂചകവസ്തു (indicator) ആയി ഉപയോഗിക്കുന്നു. ക്ഷാരലായനിയില്‍ ഇതിന് ഓറഞ്ച് നിറവും അമ്ലലായനിയില്‍ ചുവപ്പുനിറവുമാണുള്ളത്.

ആസോയിക് ചായങ്ങള്‍ (ഇന്‍ഗ്രെയിന്‍ ആസോചായങ്ങള്‍). ഉദാ. പാരാറെഡ്, നാഫ്തോള്‍ A. S. തുടങ്ങിയവ.

മോര്‍ഡന്റ് ആസോചായങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട മോര്‍ഡന്റ് ലോഹം ക്രോമിയമാണ്.

ശ്ലേഷ്മല ആസോചായങ്ങള്‍. സംശ്ലേഷിതനാരുകള്‍ക്ക് നിറം പിടിപ്പിക്കാനുപയോഗിക്കുന്ന നിരവധി ശ്ലേഷ്മല ചായങ്ങളുണ്ട്. ഉദാ. മഞ്ഞനിറമുള്ളൊരു പൈറസോളോണ്‍ വ്യുത്പന്നം.

ഡയാസോ ചായങ്ങള്‍. ഉദാ. കോംഗോ റെഡ്. ക്ഷാരലായനിയില്‍ ചുവപ്പുനിറമുള്ള ഈ ചായത്തിന്റെ സോഡിയം ലവണം പരുത്തിത്തുണികളില്‍ ചുവപ്പുനിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

ട്രൈ അരൈല്‍ മീതേന്‍ ചായങ്ങള്‍. ഉദാ. മാലക്കൈറ്റ് ഗ്രീന്‍, മാജെന്റ, ക്രിസ്റ്റല്‍ വയലറ്റ് തുടങ്ങിയവ

ചിത്രം:Malgrt.png

ക്സാന്തെന്‍ ചായങ്ങള്‍. ഡൈബെന്‍സോ-1, 4-പിറാനിന്റെ വ്യുത്പന്നങ്ങളാണീ ചായങ്ങള്‍. ഉദാ. പൈറോണിന്‍ G

ടാനിന്‍ മോര്‍ഡന്റായി ഉപയോഗിച്ച് പട്ടുനൂല്‍, പരുത്തി എന്നിവയെ ഈ ചായംകൊണ്ട് നിറം പിടിപ്പിച്ചാല്‍ നല്ല ചുവപ്പുനിറം കിട്ടും.

റോഡമീന്‍ ചായങ്ങള്‍.


ക്വിനൊളിന്‍ ചായങ്ങള്‍. ഇവ ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്നു. ഉദാ. ഈതൈന്‍ റെഡ്.


ആസൈല്‍ ചായങ്ങള്‍. ആദ്യമായി സംശ്ലേഷണം ചെയ്യപ്പെട്ട അനിലീന്‍ പര്‍പ്പിള്‍ (മോവേയിന്‍) ഈ വിഭാഗത്തില്‍പ്പെട്ട ചായമാണ്.

വാറ്റ്ചായങ്ങള്‍. ഇന്‍ഡിഗോട്ടിന്‍ (അമരിനീലം) ആണ് ഈ വിഭാഗത്തിലെ പ്രമുഖചായം. വോഡ് എന്ന ചായത്തിലുള്ളത് ഇന്‍ഡിഗോട്ടിനിന്റെ ഒരസംസ്കൃതരൂപമാണ്. ഇന്‍ഡിഗോഫെറാ വിഭാഗത്തില്‍പ്പെട്ട ചെടികളില്‍ നിന്നാണ് ഇന്‍ഡിഗോട്ടിന്‍ ലഭിക്കുന്നത്.

ജലത്തില്‍ ലയിക്കാത്ത കടുംനീലനിറമുള്ളൊരു പൊടിയാണ് ഇന്‍ഡിഗോട്ടിന്‍. ഇതിനെ ക്ഷാര സോഡിയം ഹൈപ്പോസള്‍ഫൈറ്റ് ലായനിയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഇതിന്റെ ജലത്തില്‍ ലയിക്കുന്ന ല്യൂക്കോവ്യുത്പന്നം ലഭിക്കും. തുണി ഈ ലായനിയില്‍ മുക്കി എടുത്ത് ഉണക്കുമ്പോള്‍ ല്യൂക്കോവ്യുത്പന്നം പഴയപോലെ ഇന്‍ഡിഗോട്ടിനിനായി മാറും.

ചിത്രം:Pg801 sct1.png

ആന്ത്രാക്വിനോയിഡ് ചായങ്ങള്‍. മഞ്ജിഷ്ഠച്ചെടിയില്‍ നിന്നു കിട്ടുന്ന ചായത്തിലെ പ്രധാന ഘടകമായ അലിസാരിന്‍ ഈ വിഭാഗത്തില്‍പ്പെട്ടൊരു പ്രമുഖ ചായമാണ്.

ചിത്രം:Pg 801 sct3.png

പ്താലോസയനിന്‍ ചായങ്ങള്‍. ഈ ചായങ്ങള്‍ പെയിന്റുകള്‍, അച്ചടിമഷികള്‍, പ്ലാസ്റ്റിക്കുകള്‍, റബ്ബര്‍, തുണിനാരുകള്‍ എന്നിവ നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാ. മൊണാസ്ട്രല്‍ ഫാസ്റ്റ് ബ്ളൂ B S. ഇത് കോപ്പര്‍ പ്താലോസയനിനാണ്.

ചിത്രം:Pg802 sct1.png

വെണ്മ വര്‍ധിപ്പിക്കുന്ന വസ്തുക്കള്‍. പല പ്രാവശ്യം കഴുകിക്കഴിയുമ്പോള്‍ തുണികള്‍ക്കുണ്ടാകുന്ന മഞ്ഞനിറം മാറ്റി വെണ്മ വര്‍ധിപ്പിക്കുന്ന വസ്തുക്കളാണിവ.

ചിത്രം:Pg802 sct2.png

ഉദാ. ടിനോപാല്‍ B.V

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍