This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചായംമുക്കലും മുദ്രണവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:01, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചായംമുക്കലും മുദ്രണവും

പര്യാപ്തമായ രേഖകളുടെ അഭാവം നിമിത്തം ചായംമുക്കലിന്റെ പ്രാചീനചരിത്രം ഇപ്പോഴും വിസ്മൃതമായിക്കിടക്കുകയാണ്. എന്നിരിക്കലും ഗ്രീസ്, മെസപ്പൊട്ടേമിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കിട്ടിയ ചില ലിഖിതങ്ങളും ഈജിപ്തിലെ ശവകുടീരങ്ങളില്‍ വരച്ചിട്ടുള്ള വിവിധവര്‍ണത്തിലുള്ള വസ്ത്രങ്ങളുടെ ചിത്രങ്ങളും നല്കുന്ന സൂചന അയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ചായംമുക്കലും മുദ്രണവും ഒരു കുടില്‍വ്യവസായമായി വളര്‍ന്നു കഴിഞ്ഞിരുന്നു എന്നാണ്. പ്രാചീനകാലം മുതല്‍ വ്യാവസായികവിപ്ലവത്തിന്റെ ആരംഭദശവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തിനിടയ്ക്ക് ചായംമുക്കലിന്റെ സാങ്കേതികവിദ്യയില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നു പറയാനാവില്ല. വ്യാവസായിക വിപ്ലവകാലത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ ചായംമുക്കലിന്റെയും മുദ്രണത്തിന്റെയും രംഗങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തി. വെറുമൊരു കുടില്‍ വ്യവസായമെന്ന നിലയില്‍ നിന്ന് വന്‍പിച്ചൊരു വ്യവസായശൃംഖലയായി ഇതു വളര്‍ന്നു. നോ: ചായങ്ങള്‍

ആദ്യത്തെ സംശ്ലേഷിതചായമായ 'മോവ്' (1856) കണ്ടുപിടിച്ച പെര്‍ക്കിന്‍ എന്ന രസതന്ത്രജ്ഞനാണ് ചായംമുക്കല്‍ രംഗത്തെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അക്കാലത്തെ ചായം മുക്കല്‍ വിദഗ്ധര്‍ക്ക് ഈ പുതിയ ചായത്തിന്റെ പ്രയോഗ സാധ്യതയെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. പരുത്തിവസ്ത്രങ്ങളില്‍ ഈ ചായം പിടിക്കുകയില്ലെന്നും പട്ടുവസ്ത്രത്തില്‍ ഇതു പിടിക്കുമെങ്കിലും നിറത്തിന് ഏകതാനത ഉണ്ടായിരിക്കുകയില്ലെന്നും പെര്‍ക്കിനു മനസ്സിലായി. അദ്ദേഹം മോവ് ചായത്തെ സോപ്പുലായനിയില്‍ കലക്കി വീണ്ടും പരീക്ഷിച്ചുനോക്കി. പട്ടുവസ്ത്രങ്ങള്‍ ഈ ലായനി ഉപയോഗിച്ച് തൃപ്തികരമായി നിറം പിടിപ്പിക്കാന്‍ കഴിയുമെന്നു മനസ്സിലായി. ക്ഷാരഗുണമുള്ള ചായങ്ങള്‍ പരുത്തിയില്‍ പിടിപ്പിക്കാനുള്ള ആധുനികമാര്‍ഗം വികസിപ്പിച്ചെടുത്തതും പെര്‍ക്കിനാണ്. കോംഗോറെഡ് പോലെ പരുത്തിയില്‍ നേരിട്ടുപിടിക്കുന്ന ചായങ്ങളുടെ കണ്ടുപിടിത്തത്തോടെ ചായംമുക്കല്‍ വളരെ എളുപ്പമായി. മുന്‍കാലങ്ങളില്‍ ഒരു തുണിയില്‍ ചായം പിടിപ്പിക്കാന്‍ മൂന്നാഴ്ചയോളം വേണ്ടിവന്നിരുന്നു. നേരിട്ടുപിടിക്കുന്ന ചായങ്ങളുടെ വരവോടെ ചായംമുക്കല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ടു തീരുന്ന ലളിതമായൊരു പ്രക്രിയ ആയിത്തീര്‍ന്നു. തുണിയുടെ ഉപരിതലത്തില്‍ വച്ച് ചായം നിര്‍മിക്കുന്ന പുരാതനമായ രീതി ആധുനികകാലത്ത് വളരെ സമര്‍ഥമായൊരു ചായംമുക്കല്‍രീതിയായി വളര്‍ന്നുവന്നു. ശ്ലേഷ്മലചായങ്ങളുടെ കണ്ടുപിടിത്തവും നൂല്പുലായനിയില്‍ ചായം കലക്കുന്ന രീതിയുടെ ആവിര്‍ഭാവവും സംശ്ലേഷിതനാരുകളുടെ നിറംപിടിപ്പിക്കല്‍ പ്രക്രിയ എളുപ്പമാക്കിത്തീര്‍ത്തു.

ചായംമുക്കല്‍ രീതികളിലുള്ള പരിഷ്കാരങ്ങളോടൊപ്പം ചായം മുക്കാനുപയോഗിക്കുന്ന യന്ത്രസാമഗ്രികളിലും പരിവര്‍ത്തനങ്ങങ്ങളുണ്ടായി. തടികൊണ്ടുണ്ടാക്കിയ യന്ത്രങ്ങളുടെ സ്ഥാനം ലോഹയന്ത്രങ്ങള്‍ കൈയടക്കി. കൈകൊണ്ടു തിരിക്കുന്നവയുടെ സ്ഥാനത്ത് സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ നിലവില്‍വന്നു. ഉരുകിയ ലോഹം വച്ചിരിക്കുന്ന പാത്രത്തിലൂടെ ചായം മുക്കിയ വസ്ത്രം കടത്തിവിട്ട് തുണിയില്‍ നന്നായി ചായം ഉറപ്പിക്കുന്ന പ്രക്രിയ 1950-ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. ബാഷ്പീകരിച്ച ചായംകൊണ്ട് നിറംപിടിപ്പിക്കുന്ന സാങ്കേതികവിദ്യ നിലവില്‍വന്നതു പിന്നെയും കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

പ്രാഥമിക ഉപചരണങ്ങള്‍. തുണിനാരായാലും നെയ്തെടുത്ത വസ്ത്രമായാലും ചായം മുക്കുന്നതിനുമുന്‍പ് ചില പ്രക്രിയകള്‍ക്കു വിധേയമാക്കേണ്ടിവരും. തുണിയുടെ ഈടുനില്പുവര്‍ധിപ്പിക്കാനും ചായം ആഗിരണം ചെയ്യാനുള്ള ശേഷി നിയന്ത്രിക്കാനും ഇവ ആവശ്യമാണ്. ഉദാഹരണത്തിന് കമ്പിളിയെ ചായംമുക്കലിനുമുന്‍പ് സോഡ, സോപ്പ് എന്നിവ കലര്‍ന്ന ലായനിയുടെ ധാരയില്‍ കഴുകി അഴുക്കുകളും മെഴുക്കും നീക്കിക്കളയണം. മറ്റുചിലതരം അഴുക്കുകള്‍ കളയാന്‍ കമ്പിളിനാരിനെ നേര്‍ത്ത അമ്ലലായനിയില്‍ കഴുകി ഉണക്കിയശേഷം 110oC വരെ ചൂടാക്കേണ്ടിവരും. ഈ പ്രക്രിയയെ കാര്‍ബൊണൈസിങ് എന്നാണു വിളിക്കുന്നത്. ഇതിനു ശേഷം ബ്ലീച്ചിങ് കൂടി നടത്തിയാലേ കമ്പിളി ചായംമുക്കലിനു തയ്യാറാവുകയുള്ളു.

അസംസ്കൃത പരുത്തിയില്‍ മെഴുകുകള്‍പോലെ സെല്ലുലോസല്ലാതെ പല വസ്തുക്കളും ഉണ്ടായിരിക്കും. ഇവ നീക്കം ചെയ്യാന്‍ പരുത്തിയെ കാരം, സോപ്പ് എന്നിവ കലര്‍ന്ന നേര്‍ത്ത ലായനിയില്‍ ഉയര്‍ന്ന മര്‍ദത്തില്‍ തിളപ്പിക്കണം. നെയ്ത്തുകഴിഞ്ഞ പരുത്തിയാണെങ്കില്‍ പശയായിട്ടുപയോഗിച്ച സ്റ്റാര്‍ച്ച് അതിലുണ്ടായിരിക്കും. അത് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ഫെര്‍മെന്റേഷന്‍ നടത്തി നീക്കം ചെയ്യണം. സോഡിയം ഹൈപ്പോക്ലോറൈഡും അമ്ലവുമുപയോഗിച്ചുള്ള ബ്ലീച്ചിങ്ങും പൊന്തിയിരിക്കുന്ന നാരുകള്‍ നീക്കം ചെയ്യാന്‍വേണ്ടി നടത്തുന്ന സിന്‍ജിങ്ങും (singeing) കൂടി കഴിഞ്ഞാല്‍ പരുത്തി ചായംമുക്കലിനു തയ്യാറായിക്കഴിഞ്ഞു.

വിസ്കോസ് റയോണ്‍ നാരുകള്‍ക്ക് ചായംമുക്കലിന് മുന്‍പ് ഉപചരണങ്ങള്‍ ആവശ്യമില്ല. എന്നാല്‍ വിസ്കോസ് തുണി ചായംമുക്കുന്നതിനു മുന്‍പായി നെയ്തപ്പോള്‍ ചേര്‍ത്ത ജെലാറ്റിന്‍ പശ സോപ്പിന്റെ അമോണിയ ലായനി ഉപയോഗിച്ചു കഴുകിക്കളയണം. അസറ്റേറ്റ് റയോണ്‍നാരും തുണിയും ചായം മുക്കുന്നതിനു മുന്‍പ് സോപ്പിന്റെ അമോണിയ ലായനി ഉപയോഗിച്ച് കഴുകേണ്ടതാണ്. സംശ്ലേഷിത നാരുകള്‍ക്ക് സാധാരണമായി ഇത്തരം ഉപചരണത്തിന്റെയൊന്നും ആവശ്യമില്ല. അസംസ്കൃത പട്ടുനൂലിലുള്ള സെറിന്‍ എന്ന പശ നീക്കം ചെയ്യാന്‍ നാരുകളെ നേര്‍ത്ത സോപ്പുലായനിയില്‍ രണ്ടുമണിക്കൂറിലധികം ചൂടാക്കണം. പട്ടിന്റെ തിളക്കവും മേനിയും വര്‍ധിപ്പിക്കുന്നതിനുവേണ്ടി ചായം മുക്കുന്നതിനുമുന്‍പ് ടിന്‍ലവണങ്ങള്‍ പൂശാറുണ്ട്.

ചായംമുക്കല്‍ യന്ത്രങ്ങളും പ്രക്രിയകളും. കുടില്‍ വ്യവസായരംഗത്ത് ചായംമുക്കല്‍ കൈകൊണ്ടു നടത്തുന്നൊരു പ്രക്രിയയാണ്. എന്നാല്‍ വന്‍ വ്യവസായശാലകളില്‍ യന്ത്രങ്ങളാണ് ചായംമുക്കല്‍ പ്രക്രിയ മുഴുവന്‍ കൈകാര്യം ചെയ്യുന്നത്. രണ്ടു തരം യന്ത്രങ്ങളുണ്ട്. ഒന്ന് ചായം മുക്കേണ്ട തുണിയെ ചായലായനിയില്‍ക്കൂടി ചലിപ്പിക്കുന്ന തരത്തിലുള്ളതാണ്; മറ്റേത് ചായം മുക്കേണ്ട തുണിയില്‍ക്കൂടി ചായലായനിയെ ചംക്രമണം നടത്തിക്കുന്ന തരത്തിലുള്ളതും. എന്നാല്‍ ചായലായനിയും ചായം പിടിപ്പിക്കേണ്ട തുണിയും ഒരേസമയം ചലിപ്പിക്കുന്ന യന്ത്രങ്ങളാണ് ഏറ്റവും പുതിയവ.

വസ്ത്രം ചായലായനിയില്‍ക്കൂടി ചലിപ്പിക്കുന്നതിന് അടിസ്ഥാനപരമായി മൂന്നു മാര്‍ഗങ്ങളാണുള്ളത്. ചായം മുക്കേണ്ട നൂല്‍ക്കിഴികള്‍ ഉറപ്പിച്ച ചക്രത്തെ ചായലായനിയില്‍ക്കൂടി കറക്കുകയാണ് അവയിലൊന്ന്. രണ്ടാമത്തേത് ചായം മുക്കേണ്ട വസ്തുവിനെ ചായലായനിയില്‍ മുങ്ങിയിരിക്കുന്ന കുറേ റോളറുകളില്‍ക്കൂടി മുകളിലേക്കും താഴേക്കും വലിക്കുകയാണ്. ചലിക്കുന്നൊരു റോളറില്‍ ചുറ്റിയ തുണിയെ ചായലായനിയില്‍ മുങ്ങിയിരിക്കുന്ന ഒരു ഗൈഡ് റോളര്‍ വഴി മറ്റൊരു റോളറില്‍ ചുറ്റുകയാണ് മൂന്നാമത്തെ മാര്‍ഗം. ചായലായനി ചംക്രമണം നടത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അയഞ്ഞ നൂല്‍ക്കിഴികള്‍ സുഷിരങ്ങളുള്ളൊരു പാത്രത്തില്‍ വച്ചിട്ട് ചായം കടത്തിവിടുകയാണ് ഒരു മാര്‍ഗം. പ്രൊപ്പല്ലറുകളുടെ സഹായത്തോടെ ചായലായനി സംക്രമണം ചെയ്യുന്ന ഒരു ടാങ്കില്‍ നൂല്‍ക്കിഴികള്‍ താഴ്ത്തിവയ്ക്കുകയാണ് സാധാരണമായി ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗം.

നാരിന്റെ പ്രതലത്തില്‍ ചായത്തിന്റെ ഏകതാനതയുള്ള ഒരാവരണം ഉണ്ടാക്കുകയാണ് ചായംമുക്കല്‍ വിദഗ്ധന്റെ പ്രാഥമിക കര്‍ത്തവ്യം. ഇത് വിചാരിക്കുന്നത്ര എളുപ്പമല്ല. ഒന്നാമതായി പ്രതലത്തിന്റെ ഐകരൂപ്യമില്ലായ്മകാരണം നാരിന്റെ പല ഭാഗങ്ങള്‍ പല അളവില്‍ ചായം ആഗിരണം ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി പ്രതലം നിരന്നതാണെങ്കില്‍പ്പോലും ചായത്തിന് ഏകതാനതയോടെ പരക്കാനുള്ള കഴിവില്ലാതെയും വരാം. പക്ഷേ, വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന തരത്തിലുള്ള ചായങ്ങള്‍ക്ക് ഇങ്ങനെയൊരു ന്യൂനത ഉണ്ടാവാനിടയില്ല. തുണിയുടെ പ്രതലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ത്തന്നെ ചായം ആഗിരണം ചെയ്യപ്പെട്ടുതുടങ്ങുമെങ്കിലും ഈ പ്രക്രിയ ഒരു സമതുലിതാവസ്ഥയിലെത്താന്‍ കുറേസമയം വേണ്ടിവരും. താണ താപനിലയില്‍ ചായം ആഗിരണം ചെയ്യപ്പെടുന്ന വേഗത വളരെ കുറവായതുകൊണ്ട് ഉയര്‍ന്ന ഊഷ്മാവിലാണ് ചായംമുക്കല്‍ നടത്തുന്നത്. ചായലായനിയുടെ ചലനശേഷി വര്‍ധിപ്പിക്കാനും ഇതു സഹായിക്കും. ചായത്തിന്റെ ആഗിരണം ഏകതാനതയുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്ന വസ്തുക്കള്‍ ചേര്‍ക്കുന്നതും നല്ലതാണ്.

തുണിനാരുകള്‍ കെട്ടുകളായോ നെയ്തെടുത്ത രൂപത്തിലോ ചായം മുക്കേണ്ടിവരുമ്പോള്‍ ചായലായനിയുടെ ചലനാത്മകത കൂടുതല്‍ പ്രധാനപ്പെട്ടതായിത്തീരുന്നു. കാരണം ചലിക്കാതിരിക്കുന്ന ഭാഗത്തെ ചായം ആഗിരണം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ആ ഭാഗത്തെ ലായനിയില്‍ മാത്രം ചായത്തിന്റെ സാന്ദ്രത കുറയാനിടയാകുന്നു. അതുകൊണ്ട് ആ ഭാഗത്തെ തുണിയില്‍ മാത്രം ആവശ്യത്തിനു ചായം പിടിക്കാനിടയാകുന്നു. തുണിയില്‍ പിടിക്കുന്ന ചായത്തിന്റെ അളവ് അതിലൂടെയുള്ള ലായനീപ്രവാഹത്തിന്റെ പ്രതിലോമധര്‍മമായതുകൊണ്ട് ചായംമുക്കല്‍ യന്ത്രങ്ങളില്‍ ദ്രാവകപ്രവാഹം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുണ്ട്.

പാക്കേജ് ചായംമുക്കല്‍ പ്രക്രിയയില്‍ സുഷിരങ്ങളുള്ള സ്റ്റീല്‍ കുഴലിലോ സ്റ്റീല്‍ സ്പ്രിങ്ങിലോ ചുറ്റിയ സ്റ്റാപ്പിള്‍നാരുകളാണ് ചായം മുക്കാനുപയോഗിക്കുന്നത്. പീസ് ചായംമുക്കല്‍ പ്രക്രിയയില്‍ നെയ്തെടുത്ത തുണിയാണ് ചായം മുക്കുന്നത്. രണ്ടോ അതിലധികമോ തരം നാരുകള്‍ കൊണ്ടുണ്ടാക്കിയ തുണി അനുയോജ്യമായ ചായങ്ങളുടെ മിശ്രിതം ഉപയോഗിച്ച് ഒറ്റ നിറത്തില്‍ രൂപപ്പെടുത്തി എടുക്കുന്ന പ്രക്രിയയാണ് യൂണിയന്‍ ചായംമുക്കല്‍. ഏറ്റവും ലാഭകരമായ ഈ പ്രക്രിയ നടത്താന്‍ വിദഗ്ധ ചായംമുക്കല്‍ക്കാരനേ കഴിയൂ. മിശ്രിത തുണികളിലെ ഓരോതരം നൂലും വെവ്വേറെ ചായം മുക്കിയശേഷം നെയ്തെടുക്കുന്ന പ്രക്രിയയും നിലവിലുണ്ട്. പക്ഷേ അത് ചെലവേറിയതാണ്. തുണിയിലെ ഓരോതരം നാരിനും വേണ്ടി വെവ്വേറെ ചായംമുക്കുന്ന പതിവുണ്ട്. തുണി ചരടുപോലെ ചുരുക്കിയോ ജിഗ്ഗുകളില്‍ നിവര്‍ത്തിയോ ചായം മുക്കുന്ന രീതിയാണ് ബാച്ച് പ്രക്രിയ. അനുസ്യൂത പ്രക്രിയ ഉപയോഗിച്ചാല്‍ തുണിയില്‍ തുടര്‍ച്ചയായി വ്യത്യസ്തനിറങ്ങള്‍ പിടിപ്പിക്കാന്‍ കഴിയും.

ജലലായനി ഉപയോഗിച്ചുള്ള ചായംമുക്കല്‍ പ്രക്രിയയെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ ചായം ലായനിയില്‍നിന്നും തുണിയിലേക്ക് സഞ്ചരിക്കുന്നു. തുടര്‍ന്ന് ചായം തുണിയില്‍ ആഗിരണം ചെയ്യപ്പെടുന്നു. ഒടുവില്‍ തുണിയുടെ പ്രതലത്തില്‍ നിന്ന് ചായം ഉള്ളിലേക്ക് പരക്കുന്നു. കാര്‍ബണിക ചായങ്ങള്‍ തുണിയും ജലവും തമ്മില്‍ സമ്പര്‍ക്കത്തില്‍വരുന്ന പ്രതലത്തില്‍ സാന്ദ്രീകരിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ട് ചായം പ്രതലത്തില്‍ നിന്ന് തുണിയുടെ ഉള്ളിലേക്കു പരക്കുന്ന വേഗതയാണ് ചായം പിടിക്കലിന്റെ ഗതിവേഗം നിര്‍ണയിക്കുന്ന സുപ്രധാന ഘടകം. ചായം പ്രതലത്തില്‍നിന്ന് ഉള്ളിലേക്കു പരക്കുന്ന വേഗത, ചായതന്മാത്രകളുടെ വലുപ്പം, ഘടന എന്നിവയെയും അവയ്ക്ക് തുണിയുമായുള്ള സമ്പര്‍ക്കത്തിന്റെ തീവ്രതയെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരു സംശ്ലേഷിതനാരിന് ചായവുമായുള്ള സമ്പര്‍ക്കസാധ്യത വര്‍ധിപ്പിക്കാന്‍ ഉയര്‍ന്ന താപനിലയോ അനുയോജ്യമായ രാസവസ്തുവിന്റെ സാന്നിധ്യമോ ചെറിയ രാസരൂപാന്തരീകരണങ്ങളോ മതിയാകും.

ചായം തുണിയില്‍ പിടിപ്പിക്കാനും വൈവിധ്യമേറിയ സാഹചര്യങ്ങളില്‍ അതിനെ തുണിയില്‍ ഉറപ്പിച്ചുനിര്‍ത്താനും മൂന്നു വ്യത്യസ്ത മാര്‍ഗങ്ങളാണുള്ളത്: a. ചായവും തുണിയും തമ്മിലുള്ള ആകര്‍ഷണശക്തി പ്രയോജനപ്പെടുത്തി ചായം ലായനിയില്‍ നിന്നു നേരിട്ടു തുണിയില്‍ പിടിപ്പിക്കുക; b. ചായങ്ങള്‍ രാസപ്രവര്‍ത്തനങ്ങള്‍ വഴി തുണിയുമായി കോവാലന്റ് ബന്ധങ്ങളുണ്ടാക്കുക; c. തുണിക്കകത്ത് അലേയമായൊരു വര്‍ണവസ്തുവായി ചായം ഇരിക്കുക. തുണിയുടെ അടിസ്ഥാനഘടകവസ്തുവായ പോളിമര്‍ മൃദുവാകാന്‍ പോന്നത്ര ഉയര്‍ന്ന താപനിലയിലാണ് ചായംമുക്കല്‍ നടത്തേണ്ടത്. ഊഷ്മാവ് വളരെ ഉയര്‍ന്നുപോയാല്‍ ചായംപിടിക്കലിന്റെ ഗതിവേഗം കുറഞ്ഞുപോകും.

അയണീകരിക്കാത്ത ചായങ്ങള്‍ ജലത്തില്‍ അലേയമായിരിക്കും. അവ ശ്ലേഷ്മലരൂപത്തിലാക്കി സംശ്ലേഷിതനാരുകള്‍ നിറംപിടിപ്പിക്കാനുപയോഗിക്കുന്നു. അമ്ലചായങ്ങളെയും ക്ഷാരചായങ്ങളെയും പോലുള്ള അയോണിക ചായങ്ങളെ അയോണ്‍ വിനിമയം വഴി തുണിയില്‍ പിടിപ്പിക്കാന്‍ കഴിയും. യാന്ത്രികമായി തുണിക്കുള്ളില്‍ കുടുങ്ങിപ്പോകുന്ന അലേയ ചായവസ്തുക്കളാണ് വാറ്റുചായങ്ങള്‍, ആസോയിക് ചായങ്ങള്‍, സള്‍ഫര്‍ചായങ്ങള്‍ എന്നിവ. പ്രതിപ്രവര്‍ത്തനക്ഷമ ചായങ്ങള്‍ തുണിയുമായി കോവാലന്റ് ബന്ധനങ്ങളുണ്ടാകുന്നു.

സവിശേഷ നിറംപിടിപ്പിക്കല്‍ പ്രക്രിയകള്‍

1. ബാത്തിക് ചായംമുക്കല്‍. ജാവാക്കാര്‍ വികസിപ്പിച്ചെടുത്തൊരു സാങ്കേതിക വിദ്യയാണിത്. ഉരുകിയ മെഴുകുപയോഗിച്ച് ആദ്യം തുണിയില്‍ ഒരു ഡിസൈന്‍ പിടിപ്പിക്കുന്നു. ഈ മെഴുകു കട്ടിയായശേഷം തുണി ചായത്തില്‍ മുക്കണം. അപ്പോള്‍ മെഴുകുപിടിച്ച ഭാഗത്തൊഴികെ മറ്റെല്ലായിടത്തും ചായം പിടിക്കുന്നു. മെഴുകു ചുരണ്ടിക്കളയുകയാണ് അടുത്ത പടി. പല നിറങ്ങളുപയോഗിച്ച് ഈ പ്രക്രിയകള്‍ ആവര്‍ത്തിച്ചാല്‍ മനോഹരമായ പാറ്റേണുകള്‍ തുണിയില്‍ പിടിക്കുന്നതു കാണാന്‍ കഴിയും. വളരെ സാവകാശത്തില്‍മാത്രം ചെയ്യാന്‍ കഴിയുന്ന ചെലവേറിയൊരു ചായം മുക്കല്‍ രീതിയാണിത്. നോ: ബാത്തിക്

2. കടലാസ് നിറംപിടിപ്പിക്കല്‍. ദ്രവ രൂപത്തിലിരിക്കുന്ന പേപ്പര്‍പള്‍പ്പില്‍ ആവശ്യാനുസരണം നിറം ചേര്‍ക്കുകയാണ് സാധാരണ പതിവ്. ക്ഷാരചായങ്ങളാണ് പേപ്പറിന് ഏറ്റവും അനുയോജ്യം. പേപ്പര്‍പള്‍പ്പിലുള്ള സെല്ലുലോസല്ലാത്ത ഘടകങ്ങള്‍ക്ക് ക്ഷാരചായങ്ങളോടുചേര്‍ന്ന് മോര്‍ഡന്റുകളായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് അതിനു കാരണം. പള്‍പ്പിന്റെ പ്രകൃതിദത്തമായ ഇളംമഞ്ഞനിറം മാറ്റാന്‍ ന്യൂസ്പ്രിന്റായി ഉപയോഗിക്കുന്ന കടലാസില്‍ മീതൈന്‍ വയലറ്റാണ് ചേര്‍ക്കുന്നത്. മുന്തിയതരം കടലാസ് നിര്‍മിക്കുമ്പോള്‍ അമ്ലചായങ്ങളും ഉപയോഗിക്കാറുണ്ട്. ബ്ലോട്ടിങ് കടലാസുപോലെ ജലം ആഗിരണം ചെയ്യാന്‍ കഴിവുള്ളവയില്‍ പ്രതിപ്രവര്‍ത്തനക്ഷമതയുള്ള ചായങ്ങളാണു ചേര്‍ക്കുന്നത്. ബോണ്ടുപേപ്പറില്‍ വാറ്റുചായങ്ങളാണുപയോഗിക്കുന്നത്. വെള്ളക്കടലാസില്‍ ടൈറ്റാനിയംഡയോക്സൈഡ്, അള്‍ട്രാമറൈന്‍നീലം എന്നിവ ചേര്‍ക്കും.

3. തുകല്‍ ചായംപിടിപ്പിക്കല്‍. മോര്‍ഡന്റ് ചായങ്ങളും അമ്ലചായങ്ങളും നേരിട്ടുപിടിക്കുന്ന ചായങ്ങളും ഉപയോഗിച്ചാണ് തുകല്‍ നിറം പിടിപ്പിക്കുന്നത്. തടി കൊണ്ടുണ്ടാക്കിയ കറങ്ങുന്ന വലിയ പാത്രങ്ങളിലോ പാഡിലുകള്‍ ചവുട്ടി ചായലായനി ചംക്രമണം നടത്താന്‍ സൗകര്യമുള്ള വലിയ ടാങ്കുകളിലോ 45-50oC-ല്‍ ഈ പ്രക്രിയ നടത്തുന്നു. തുകലിന്റെ ഉപരിതലംമാത്രം ചായം പിടിപ്പിച്ചാല്‍ മതിയെങ്കില്‍ ചായലായനി തേച്ചുപിടിപ്പിക്കുയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്നതാണ് എളുപ്പം.

4. തടി നിറംപിടിപ്പിക്കല്‍. തടിയുടെ പ്രതലം മാത്രംനിറം പിടിപ്പിക്കേണ്ട ആവശ്യമേ വരാറുള്ളൂ. ജലത്തില്‍ ലയിക്കാത്ത ചായങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചാരായത്തിലോ ഈതറിലോ അരോമാറ്റിക ഹൈഡ്രോകാര്‍ബണുകളിലോ ലയിച്ച ചായവസ്തു തടിയുടെ പ്രതലത്തില്‍ തേച്ചുപിടിപ്പിക്കുകയാണു ചെയ്യുന്നത്.

5. പ്ലാസ്റ്റിക്കുകള്‍ നിറംപിടിപ്പിക്കല്‍. പ്ലാസ്റ്റിക്കുകളെ നിറം പിടിപ്പിക്കാനുപയോഗിക്കുന്ന അസംഖ്യം ചായങ്ങളുണ്ട്. അവ പ്ലാസ്റ്റിക് രൂപവത്കരണഘട്ടത്തില്‍ത്തന്നെ ലായനിയില്‍ ചേര്‍ക്കുകയാണു പതിവ്. പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തില്‍ ചായം തേച്ചുപിടിപ്പിക്കുന്ന പതിവില്ല.

6. ആഹാരപദാര്‍ഥങ്ങള്‍ നിറംപിടിപ്പിക്കല്‍. മഞ്ഞള്‍, കോച്ചിനീല്‍ തുടങ്ങിയ പ്രകൃതിജന്യചായങ്ങള്‍ ആഹാര പദാര്‍ഥങ്ങള്‍ നിറംപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. കോള്‍ടാര്‍ ചായങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ചുരുക്കം ചില ചായങ്ങളേ ആഹാരപദാര്‍ഥങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളു. പ്രത്യേക ശ്രദ്ധയോടെവേണം അവ നിര്‍മിക്കാന്‍. ഒരു ആഹാരപദാര്‍ഥത്തിന്റെ മൊത്തം ഭാരത്തിന്റെ മുവായിരത്തി അഞ്ഞൂറിലൊരുഭാഗം ചായം മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ.

7. രോമം (fur) ചായംപിടിപ്പിക്കല്‍. ക്ഷാരലായനി ഉപയോഗിച്ച് എണ്ണകളും കൊഴുപ്പുകളും നീക്കിയശേഷം ലവണലായനിയില്‍ മുക്കി മോര്‍ഡന്റും പിടിപ്പിക്കണം. എന്നിട്ട് ചായം തേച്ചുപിടിപ്പിക്കുകയാണു ചെയ്യുന്നത്. അനിലിന്‍ ബ്ലാക്കാണ് രോമം ചായംപിടിപ്പിക്കാനുപയോഗിക്കുന്ന പ്രധാന ചായം. ചായം തേച്ചുപിടിപ്പിച്ചശേഷം ഓക്സീകരണലായനിയില്‍ മുക്കി എടുക്കുമ്പോള്‍ ചായം ഇളകിപ്പോകാത്തവണ്ണം ഉറയ്ക്കുന്നു.

8. റബ്ബര്‍ നിറംപിടിപ്പിക്കല്‍. സള്‍ഫര്‍, ആക്സിലേറ്ററുകള്‍ എന്നിവയോടൊപ്പം അസംസ്കൃത റബ്ബറില്‍ ചായം കലര്‍ത്തുകയാണു പതിവ്. കാര്‍ബണ്‍തരികള്‍ റബ്ബറില്‍ ചേര്‍ക്കുന്നത് കറുപ്പുനിറം കിട്ടാന്‍ മാത്രമല്ല, ബലം വര്‍ധിപ്പിക്കാന്‍ കൂടിയാണ്. തിളക്കംകിട്ടാന്‍ റബ്ബറില്‍ ടൈറ്റാനിയംഡയോക്സൈഡ് ചേര്‍ക്കും. തിളക്കം ആവശ്യമില്ലെങ്കില്‍ അയണ്‍ ഓക്സൈഡ്, ആന്റിമണി സള്‍ഫൈഡ് എന്നിവയിലേതെങ്കിലും ചേര്‍ത്താല്‍ മതി.

9. മുടി ചായംപിടിപ്പിക്കല്‍. മൈലാഞ്ചി, അക്ഷോടം തുടങ്ങിയ ചെടികളുടെ നീരാണ് മുടി നിറംപിടിപ്പിക്കാന്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. മുടി നിറംപിടിപ്പിക്കല്‍ താണ താപനിലയില്‍ മാത്രം നടത്താന്‍ കഴിയുന്നൊരു പ്രക്രിയ ആയതുകൊണ്ട് ഏതാനും ചില ചായങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ. ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി ഓക്സീകാരിയായി ഉപയോഗിക്കുന്നു. നീല നിറത്തിലും വയലറ്റ് നിറത്തിലുമുള്ള ചായങ്ങള്‍, ലവണങ്ങള്‍, ഓപ്റ്റിക്കല്‍ ബ്ലീച്ചുകള്‍, സിട്രിക് അമ്ളം, മാലിക് അമ്ളം തുടങ്ങിയവ മുടി നിറംപിടിപ്പിക്കാന്‍ ആവശ്യമാണ്.

മുദ്രണം (Textile Printing). തുണികളില്‍ നിറമുള്ള രൂപമാതൃകകള്‍ സന്നിവേശിപ്പിക്കുന്ന മുദ്രണമെന്ന സാങ്കേതികവിദ്യയ്ക്ക് അത്യധികം വാണിജ്യപ്രാധാന്യമുണ്ട്. പ്രാചീനലോകത്തില്‍ ഇന്ത്യയായിരുന്നു ഈ രംഗത്ത് മുന്നിട്ടു നിന്നിരുന്നത്. ഇന്ത്യയില്‍നിന്നു ചൈനയിലേക്കും യൂറോപ്പിലേക്കും ഈ വിദ്യ വ്യാപിക്കുകയാണുണ്ടായത്. 17-ാം ശ.-ത്തില്‍ മുദ്രണം ചെയ്ത കാലിക്കോ ബ്രിട്ടനില്‍ നിര്‍മിക്കാനാരംഭിച്ചു. സാധാരണ അച്ചടിശാലയിലെ സാങ്കേതികവിദ്യയുമായി മുദ്രണത്തിനു സാമ്യമുണ്ട്. രൂപമാതൃകകള്‍ ബ്ലോക്കുകളായി നിര്‍മിച്ചെടുത്തിട്ട് അവയുടെ ഉന്തിയഭാഗങ്ങളില്‍ ചായം പുരട്ടുന്നു. ഇതിനെ തുണിയില്‍ പതിപ്പിച്ച് സുന്ദരമായ പാറ്റേണുകള്‍ ഉണ്ടാക്കാന്‍ കഴിയും. താരതമ്യേന ചുരുങ്ങിയ വേഗതയില്‍ മാത്രം നടക്കുന്ന ഈ പ്രക്രിയ വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ല. തുണിയില്‍ നിറമുള്ള പാറ്റേണുകള്‍ പിടിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം സ്റ്റെന്‍സിലിങ്ങാണ്. ഒരു സില്‍ക്ക് സ്ക്രീനില്‍ രൂപമാതൃക ആലേഖനം ചെയ്തശേഷം ആ ഭാഗം ഒഴികെയുള്ള ഭാഗത്ത് കോലരക്ക് പുരട്ടുന്നു. എന്നിട്ട് ചായം മുക്കേണ്ട തുണിയുടെ പുറത്ത് ഈ സ്ക്രീന്‍ വച്ചശേഷം കുഴമ്പുരൂപത്തിലുള്ള ചായം സ്ക്രീനില്‍ തേച്ചുപിടിപ്പിക്കുമ്പോള്‍ സ്ക്രീനിലൂടെ ഊറിവരുന്ന ചായം തുണിയില്‍ അനുയോജ്യമായ രൂപമാതൃക സൃഷ്ടിക്കുന്നു.

തുണികളില്‍ മുദ്രണം നടത്താനുള്ള ആധുനികമാര്‍ഗം വികസിപ്പിച്ചെടുത്തത് ബെല്‍ എന്ന ശാസ്ത്രജ്ഞനാണ്. കൊത്തുപണിചെയ്ത ചെമ്പുറോളറുകള്‍ യന്ത്രങ്ങളില്‍ വച്ച് കറക്കി മുദ്രണത്തിന്റെ വേഗത കൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കറങ്ങുന്ന റബ്ബര്‍ റോളറുകളുപയോഗിച്ചാണ് ചെമ്പുതകിടുകളില്‍ കുഴമ്പുരൂപത്തിലുള്ള ചായം എത്തിക്കുന്നത്. ചെമ്പുതകിടിന്റെ കൊത്തുപണിചെയ്യാത്ത ഭാഗത്തു പുരളുന്ന ചായം ചുരണ്ടിമാറ്റാന്‍ മുദ്രണയന്ത്രത്തില്‍ 'ഡോക്ടര്‍ ബ്ളേഡുകളു'ണ്ടായിരിക്കും. ആയിരക്കണക്കിനു മീറ്റര്‍ തുണി ഒരു ഡസനിലധികം വര്‍ണങ്ങളില്‍ വളരെ വേഗത്തില്‍ മുദ്രണം നടത്താന്‍ ആധുനിക യന്ത്രങ്ങള്‍ക്കു കഴിയും.

മുദ്രണരംഗത്തെ രണ്ടു പുതിയ മുന്നേറ്റങ്ങളാണ് സ്ക്രീന്‍ അച്ചടിയും റസിന്‍ പ്രയോഗിച്ച രാസവസ്തുക്കളുടെ ഉപയോഗവും. സ്റ്റെന്‍സിലിന്റെ വിപുലീകൃതമായൊരു രൂപമാണ് സ്ക്രീന്‍. സ്ക്രീനിനു ചെമ്പുതകിടിനെക്കാള്‍ വില വളരെ കുറവായതുകാരണം ഒട്ടനവധി നിറങ്ങള്‍ ഇടകലര്‍ന്ന പാറ്റേണുകള്‍ വളരെ കുറഞ്ഞ ചെലവില്‍ തുണിയില്‍ പിടിപ്പിക്കാന്‍ കഴിയും. ഫാഷന്‍ മാറുന്നതനുസരിച്ച് പഴയ പാറ്റേണുകളുള്ള സ്ക്രീനുകള്‍ വലിയ ധനനഷ്ടം കൂടാതെ ഉപേക്ഷിക്കാനും കഴിയും. റസിന്‍ പ്രയോഗിച്ച ചായവസ്തുക്കളുടെ ഉപയോഗം സ്ക്രീന്‍ മുദ്രണത്തിന്റെ സാധ്യതകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍