This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാന്‍സ്, ബ്രിട്ടണ്‍ (1913 - 2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്‍സ്, ബ്രിട്ടണ്‍ (1913 - 2010)

Chance, Britton

യു.എസ്. ജൈവഭൗതിക ശാസ്ത്രജ്ഞന്‍. എന്‍സൈമുകളുടെ ഭൗതിക ജൈവരസതന്ത്രപഠനത്തിന് മൗലികമായ പല സംഭാവനകളും നല്കിയത് ഇദ്ദേഹമാണ്. 1913 ജൂല. 24-ന് പെന്‍സില്‍വേനിയയിലെ വില്‍ക്സ് ബാറെ (Wilkes barre) യില്‍ ജനിച്ചു. പിതാവ് എഡ്വിന്‍. 1940-ല്‍ പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ നിന്ന് ഭൗതികരസതന്ത്രത്തില്‍ പിഎച്ച്.ഡി. ബിരുദം നേടി. തുടര്‍ന്ന് ജീവശാസ്ത്രത്തില്‍ പിഎച്ച്.ഡി., ഡി. എസ്സി. എന്നീ ബിരുദങ്ങള്‍ കേംബ്രിജ് സര്‍വകലാശാലയില്‍ നിന്നു ലഭിച്ചു. പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ ജോണ്‍സണ്‍ ഗവേഷണ ഫൗണ്ടേഷനില്‍ സേവനം ആരംഭിക്കുകയും 1949-ല്‍ ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഒഫ് മെഡിസിനില്‍ ജൈവ ഭൗതിക-ജൈവരസതന്ത്രവിഭാഗത്തിന്റെ തലവനായി. 1950-ല്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയില്‍ നിന്ന് പാള്‍ ലെവിസ് അവാര്‍ഡ് ലഭിച്ചു.

ഹീമോ പ്രോട്ടീന്‍ എന്‍സൈമുകളിലാണ് ചാന്‍സ് ബ്രിട്ടണ്‍ ആദ്യമായി ഗവേഷണം ആരംഭിച്ചത്. എന്‍സൈം-സബ്സ്ട്രേറ്റ് കോംപ്ലെക്സുകളെ ആദ്യമായി പ്രകാശവിദ്യുത് ഉപകരണങ്ങള്‍ (സ്പെക്ട്രം പ്രകാശമാപി-ഫ്ളൂറിമെട്രിക് ടെക്നിക്) ഉപയോഗിച്ച് ഊര്‍ജത്തിന്റെ തോത് വിശകലനം ചെയ്തു. കൂടാതെ അഡിനോസിന്‍ ട്രൈ ഫോസ്ഫേറ്റ് (ATP) ഉത്പാദനവുമായി ബന്ധപ്പെട്ട ജൈവപ്രതിക്രിയകള്‍ (മൈറ്റോകോണ്‍ഡ്രിയോണ്‍, പ്രകാശസംശ്ലേഷണം) പ്രകാശവിദ്യുത് പഠനങ്ങള്‍ക്ക് വിധേയമാക്കി.

1961-ല്‍ ജൈവരസതന്ത്ര ഇലക്ട്രോണിക്സില്‍ വില്യം ജെമാര്‍ലോക് അവാര്‍ഡ്, 1966-ല്‍ കെയ്ലി ഫ്രാങ്ക്ളിന്‍ മെഡലുകള്‍, ഹെയിന്‍കെന്‍, ഗെയ്ഡ്നര്‍ അവാര്‍ഡുകള്‍ (1970, 72) തുടങ്ങിയവ ചാന്‍സ് ബ്രിട്ടണ് ലഭിക്കുകയുണ്ടായി. 1975 മുതല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ പ്യൂര്‍ ആന്‍ഡ് അപ്ളൈഡ് ബയോഫിസിക്സിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. കൂടാതെ യു.എസ്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സ്, റോയല്‍ അക്കാദമി ഒഫ് സയന്‍സ്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സെല്‍ ബയോളജി എന്നിവയില്‍ അംഗത്വം ലഭിക്കുകയുണ്ടായി.

ഗവേഷണപഠനവുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ ധാരാളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചാന്‍സ് ബ്രിട്ടണ്‍ വികസിപ്പിച്ചെടുത്ത പ്രകാശവിദ്യുത് ഉപകരണങ്ങള്‍ക്ക് പ്രകാശ പ്രകീര്‍ണന (light scattering) പ്രശ്നങ്ങള്‍ അതിജീവിക്കുവാനുള്ള ശേഷി ഉണ്ടായിരുന്നു. ഇത് ഊര്‍ജകൈമാറ്റ(energy transfer)ത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തുവാന്‍ സഹായകമായി.

2010 ന. 16-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍