This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാന്ദ്രപഞ്ചാംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:59, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്രപഞ്ചാംഗം

Lunar Calendar

ചാന്ദ്രമാസങ്ങളെ അവലംബിച്ചു വര്‍ഷം കണക്കാക്കുന്ന പഞ്ചാംഗപദ്ധതി. ഇതില്‍ ഒന്നിടവിട്ട 30-ഉം 29-ഉം ദിവസങ്ങളോടുകൂടിയ 12 ചാന്ദ്രമാസങ്ങള്‍ ചേര്‍ന്ന ഒരു ചാന്ദ്രവര്‍ഷത്തിനു 354 ദിവസങ്ങള്‍ ഉണ്ടായിരിക്കും. ഈ രീതി പിന്തുടരുന്ന ഇസ്ലാമിക കലണ്ടറനുസരിച്ച് ഒരു വര്‍ഷത്തിന്റെ അവസാനമാസമായ 'ദുല്‍ഹജി'നു 30 ദിവസങ്ങളുണ്ടാകുമ്പോള്‍ ആ ആണ്ടിന് 355 ദിവസങ്ങളുണ്ടായിരിക്കും. മുപ്പതു വര്‍ഷത്തിന്റെ കാലയളവില്‍ 11 വര്‍ഷം 'ദുല്‍ഹജി'ന് 30 ദിവസവും ബാക്കി 19 വര്‍ഷം ആ മാസത്തിനു 29 ദിവസവും ഉണ്ടായിരിക്കും.

സൂര്യനെ അടിസ്ഥാനമാക്കി ദിവസമെന്ന കാലയളവ് ഉണ്ടായതുപോലെ ചന്ദ്രനെ അവലംബിച്ചു ചന്ദ്രമാസമെന്ന കാലയളവും സങ്കല്പിക്കപ്പെട്ടു. ഒരു കറുത്തവാവുകഴിഞ്ഞു ചന്ദ്രനെ കാണുന്ന ദിവസം മുതല്‍ അടുത്ത കറുത്തവാവുവരെയുള്ള കാലദൈര്‍ഘ്യമാണ് ഒരു മാസമായി അറേബ്യയിലും മറ്റുചിലയിടങ്ങളിലും പണ്ടുകാലം മുതല്‍ കണക്കാക്കിയിരുന്നത്. മറ്റു ചില രാജ്യങ്ങള്‍ അമാവാസി മുതല്‍ അടുത്ത അമാവാസി വരെയോ പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയോ കണക്കാക്കി. രീതി ഏതായാലും സാധാരണ ഗണനക്രിയയില്‍ ഈ കാലം 29 1/2 (29.53) ദിവസമായാണ് എടുക്കുന്നത്. ചാന്ദ്ര (Synodic) മാസമെന്ന പേരില്‍ ഈ കാലയളവ് അറിയപ്പെടുന്നു. ക്രമേണ ചാന്ദ്രവര്‍ഷവും സൗരവര്‍ഷവും (അഥവാ ഋതുചക്രവും) തമ്മിലുള്ള കാലയളവിലെ അന്തരം ഒരു ന്യൂനതയായി അനുഭവപ്പെട്ടു. ഒരു സൗരവര്‍ഷത്തില്‍ 365 1/4 ദിവസങ്ങളുള്ളപ്പോള്‍ ചാന്ദ്രവര്‍ഷത്തില്‍ സൗരവര്‍ഷത്തെ അപേക്ഷിച്ചു 11 1/4 ദിവസം കുറവാണല്ലോ. എങ്കിലും ചില ക്രൈസ്തവസഭകളും ഇസ്ലാം മത വിശ്വാസികളും മതപരമായ ആവശ്യങ്ങള്‍ക്ക് ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ചവര്‍ 84-ാം വയസ്സില്‍ ആഘോഷിക്കുന്ന ശതാഭിഷേകം കേരളക്കരയില്‍ സുപരിചിതമാണ്. ആ നിലയ്ക്ക് ചാന്ദ്രമാസങ്ങള്‍ രൂപംകൊടുക്കുന്ന വര്‍ഷത്തെക്കുറിച്ചുള്ള ആശയം കേരളീയരുടെ മനസ്സില്‍ വളരെ മുന്‍പുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ചാന്ദ്രവര്‍ഷവും ഋതുചക്രവും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ ചില രാജ്യക്കാര്‍ 5 വര്‍ഷത്തിനിടയ്ക്ക് രണ്ടു തവണ ഓരോ അന്തര്‍നിഹിതമാസം (Inter Calary Month) അഥവാ ഒരു പതിമൂന്നാം മാസം കൂട്ടിച്ചേര്‍ക്കുക പതിവാക്കി. മറ്റുചിലതാകട്ടെ എല്ലാ മാസത്തിനും 30 ദിവസം നല്കി. അങ്ങനെ 360 ദിവസങ്ങള്‍ ചേര്‍ന്ന സായനവര്‍ഷം ഉണ്ടായി. ചൈത്രം മുതല്‍ ഫല്‍ഗുനം വരെയുള്ള ഭാരതീയ വര്‍ഷഗണന ഈ വിഭാഗത്തില്‍പ്പെടുന്നു.

ചാന്ദ്രപഞ്ചാംഗപദ്ധതിയനുസരിച്ചാണ് ഹിജറ എന്ന വര്‍ഷം കണക്കുകൂട്ടുന്നത്. ഇസ്ലാംമത പ്രവാചകനായ മുഹമ്മദ്നബി മക്കയില്‍നിന്നു മദീനയിലേക്കു പലായനം ചെയ്തത് എ.ഡി. 622 ജൂല. 16-ന് ആയിരുന്നു. ആ ചരിത്രസംഭവത്തെ അനുസ്മരിച്ചുകൊണ്ട് ഉമ്മര്‍ ഒന്നാമന്‍ എന്ന ഖലീഫ ഹിജറ എന്ന വര്‍ഷം തുടങ്ങി. വര്‍ഷാരംഭം മുഹറം മാസത്തിലാണ്. ഒന്‍പതാമത്തെ മാസമായ റംസാന്‍ ഉപവാസവ്രതങ്ങള്‍ അനുഷ്ഠിക്കാനുള്ള മാസമാണ്. കറുത്തവാവിനുശേഷം ചന്ദ്രനെ ആദ്യമായി കണ്ടുകൊണ്ടാണ് വ്രതം തുടങ്ങുന്നത്. സിറിയ, ജോര്‍ദാന്‍, മൊറോക്കോ, അറബ് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ പ്രത്യേകിച്ചും, മുസ്ലിങ്ങള്‍ പൊതുവെയും ഗ്രിഗോറിയന്‍ കലണ്ടറിനോടൊപ്പം ചാന്ദ്രപഞ്ചാംഗവും ഉപയോഗിക്കുന്നു. മതപരമായ ആവശ്യങ്ങള്‍ക്കാണ് ചാന്ദ്രകലണ്ടര്‍ ഉപയോഗിക്കുന്നത്. ചാന്ദ്രമാസങ്ങളെ അവലംബിച്ചാണ് ജൂതകലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. ഓരോ 19 വര്‍ഷങ്ങളുടെ കാലയളവിലും 7 വര്‍ഷങ്ങള്‍ക്ക് ഓരോ വര്‍ഷത്തിനും പതിമൂന്നാമതൊരു മാസം കൂടി ഈ കലണ്ടറില്‍ ഉണ്ട്. ചൈനയിലും മതപരമായ ചടങ്ങുകള്‍ക്ക് ആധാരമാക്കുന്നത് ചാന്ദ്ര പഞ്ചാംഗമാണ്.

(പ്രൊഫ. കെ. ജയചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍