This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാനിങ്, വില്യം എലേറി (1780 - 1842)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാനിങ്, വില്യം എലേറി (1780 - 1842)

Channing, William Ellery

അമേരിക്കന്‍ ചിന്തകനും മതപരിഷ്കര്‍ത്താവും. ക്രിസ്തുമതത്തിന്റെ അടിസ്ഥാനപ്രമാണമായി കരുതപ്പെടുന്ന ദൈവത്തിന്റെ ത്രിത്വഭാവത്തെ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) അംഗീകരിക്കാതെ ദൈവം പിതാവ് മാത്രമാണെന്ന ഏകത്വം അംഗീകരിച്ചുകൊണ്ടുള്ള ഒരു ചിന്താപദ്ധതിക്ക് ഇദ്ദേഹം നേതൃത്വം നല്കി. ഇക്കാരണത്താല്‍ ഒരു അദ്വൈതവാദിയായും ഇദ്ദേഹത്തെ വിലയിരുത്താവുന്നതാണ്. 1780-ല്‍ റോഡ് ഐലന്‍ഡിലെ ന്യൂപോര്‍ട്ട് എന്ന സ്ഥലത്ത് ചാനിങ് ജനിച്ചു. 1798-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്നുള്ള രണ്ടുവര്‍ഷം ട്യൂട്ടര്‍ജോലിയില്‍ വ്യാപൃതനായി. ഇക്കാലത്ത് സ്വയം പഠനത്തിലും ഏര്‍പ്പെട്ടിരുന്ന ചാനിങ് മതസംബന്ധമായ വിഷയങ്ങളില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1801-ല്‍ തിയോളജി പഠിക്കാനായി വീണ്ടും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. 1803-ല്‍ ബോസ്റ്റണിലെ ചര്‍ച്ചിന്റെ വൈദികാധികാരിയായി സ്ഥാനമേറ്റു. 1842-ല്‍ വെര്‍മോണ്ടിലെ (Vermont) ബനിങ്ടണില്‍ (Benington) മരിക്കുന്നതുവരെ ഈ സ്ഥാനത്തു തുടര്‍ന്നിരുന്നു.

ചാനിങ് ഒരു തത്ത്വചിന്തയുടെയും ഉപജ്ഞാതാവ് ആയിരുന്നില്ല. എന്നാല്‍ 18-ാം ശ.-ത്തിന്റെ അവസാനത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും യു.എസ്സില്‍ പ്രത്യക്ഷപ്പെട്ട വിവിധചിന്താശകലങ്ങളെ സംയോജിപ്പിച്ച് വിലയിരുത്തി ആ കാലഘട്ടത്തെ ആശയസമ്പുഷ്ടമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മില്‍ട്ടണ്‍, നെപ്പോളിയന്‍, ഫെനിലോണ്‍ (Fenelon) എന്നിവരെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങള്‍ അന്താരാഷ്ട്രപ്രസിദ്ധങ്ങളാണ്. സമകാലീന അമേരിക്കന്‍ ജനതയ്ക്ക് 'പ്രബുദ്ധമായ' ഒരു മതവിശ്വാസം ആവിഷ്കരിച്ചുനല്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച 18-ാം ശ.-ത്തിന്റെ അവസാനത്തില്‍ പലവിധ അന്ധവിശ്വാസങ്ങളില്‍നിന്നും മനുഷ്യനു മോചനം നല്കിയിരുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട് ക്രിസ്തുമതത്തെ നവീകരിക്കാന്‍ ചാനിങ് പരിശ്രമിക്കുകയാണുണ്ടായത്. 'ദൈവം മനുഷ്യന് യുക്തിപരമായി ചിന്തിക്കുവാനുള്ള കഴിവ് നല്കിയിട്ടുണ്ട്; അത് മനുഷ്യന്‍ പ്രയോജനപ്പെടുത്തണം എന്നു ദൈവം ആഗ്രഹിക്കുന്നുണ്ട്' എന്നു തന്റെ സുവിശേഷ പ്രസംഗങ്ങളില്‍ ഇദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. മതഗ്രന്ഥങ്ങളുടെ അടിസ്ഥാനസ്വഭാവത്തെ ചാനിങ് ചോദ്യം ചെയ്തിരുന്നില്ല. ബൈബിള്‍ നിയമങ്ങളെ യുക്തിചിന്തയ്ക്ക് വിധേയമാക്കിവേണം സ്വീകരിക്കുവാന്‍ എന്ന് ഇദ്ദേഹം ഉപദേശിച്ചിരുന്നു. ഇത്തരത്തിലുള്ള യുക്തിചിന്തയുടെ ഫലമായിട്ടാണ് ദൈവത്തിന്റെ ത്രിത്വഭാവത്തെ അംഗീകരിക്കാതെ ഏകത്വത്തെ ഇദ്ദേഹം സ്വീകരിച്ചത്. നിഷ്ഠുര ശാസനങ്ങളില്‍ക്കൂടി ജനങ്ങളെ ഭരിക്കാന്‍ ശ്രമിക്കുന്ന ശക്തി, അത് ഏതായാലും, അത് എത്ര ശക്തിമത്തായാലും, അതിന്റെ മുന്നില്‍ തല കുനിക്കാന്‍ മനുഷ്യനു ബാധ്യതയില്ലായെന്ന് ഇദ്ദേഹം അസന്ദിഗ്ധമായി പ്രസ്താവിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍