This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാനല്‍ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാനല്‍ ദ്വീപുകള്‍

Channel Islands

ഇംഗ്ലീഷ് ചാനലിലെ ഒരു ദ്വീപസമൂഹം. ബ്രിട്ടന്റെ ഭാഗമായതും എന്നാല്‍ സ്വയംഭരണാവകാശമുള്ളതുമായ ഈ ദ്വീപസമൂഹം ഫ്രഞ്ചുതീരത്തുനിന്ന് 48 കി.മീറ്ററും ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുനിന്നും 12 കി.മീറ്ററും മാറി സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 194 ച.കി.മീ.; മുഖ്യഭാഷകള്‍: ഇംഗ്ലീഷ്, ഫ്രഞ്ച്; പ്രധാനപട്ടണങ്ങള്‍: സാന്ത് ഹെലിയര്‍ (ജേഴ്സി), സാന്ത് പീറ്റര്‍ പോര്‍ട്ട് (ഗേണ്‍സി), സാന്ത് ആന്‍ (ആല്‍ഡേണി). വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ജേഴ്സിദ്വീപാണ് ഏറ്റവും മുന്നില്‍. വിസ്തീര്‍ണം: 117 ച.കി.മീ.; മറ്റു പ്രധാന ദ്വീപുകള്‍: ഗേണ്‍സി (62 ച.കി.മീ.), ആല്‍ഡേണി (8. ച.കി.മീ.), സാര്‍ക്ക് (5 ച.കി.മീ.). ജനങ്ങളില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് മതവിഭാഗക്കാരാണ്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാത്ത ഇവിടത്തെ ഓരോദ്വീപിനും സ്വതന്ത്രമായ നിയമസഭകള്‍ ഉണ്ട്. ജേഴ്സിയിലെയും ഗേണ്‍സിയിലെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും, കമാന്‍ഡേഴ്സ്-ഇന്‍-ചീഫുമാണ് ബ്രിട്ടീഷ് ഭരണത്തിന്റെ ഇവിടത്തെ പ്രതിനിധികള്‍. നിയമസഭകളില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇവരെ നിയമിക്കുന്നത് ബ്രിട്ടീഷ് രാജവംശമാണ്. അതുപോലെതന്നെ ബ്രിട്ടീഷ് ഭരണകൂടം നിയമിക്കുന്ന 'ബെയ്ലിഫ്' ആണ് ജേഴ്സിയിലെയും ഗെണ്‍സിയിലെയും പ്രസിഡന്റുമാര്‍. ഇവിടത്തെ രാജകീയ കോടതികളുടെയും പ്രസിഡന്റുമാര്‍ ഇവരാണ്.

കാര്‍ഷികസമ്പദ്-വ്യവസ്ഥ നിലനില്ക്കുന്ന ചാനല്‍ ദ്വീപസമൂഹത്തിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്. മുഖ്യകാര്‍ഷിക വിഭവങ്ങള്‍ പച്ചക്കറികള്‍, ഫലങ്ങള്‍, പൂക്കള്‍ ഇവയാകുന്നു. പശുക്കളിലെ പ്രധാനയിനങ്ങളായ ജേഴ്സി, ഗേണ്‍സി എന്നിവയുടെ പാലിന്റെ അളവും ഗുണവും ലോക പ്രസിദ്ധമാണ്. ഇവിടത്തെ പ്രധാന കമ്പോളം ഗ്രേറ്റ് ബ്രിട്ടന്‍ ആണ്.

ഫ്രാന്‍സിലും പരിസര പ്രദേശങ്ങളിലും കാണുന്നതരത്തിലുള്ള പാലിയോസോയിക് കാലഘട്ടത്തിലുണ്ടായ ശിലകളാലാണ് ഈ ദ്വീപ് രൂപംകൊണ്ടിട്ടുള്ളത്. ഇവയില്‍ പ്രധാനം ഗ്രാനൈറ്റ് ഇനത്തില്‍പ്പെട്ട ആഗ്നേയശിലകളിലാണ്. ചാനല്‍ ദ്വീപുകളില്‍ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നു. മഴ പൊതുവേ കുറവാണ്. ശ.ശ. വാര്‍ഷിക വര്‍ഷപാതം 800-900 മി.മീ.; ശ.ശ. വാര്‍ഷിക താപനില: 11.5oC. ജനു. ഫെ. മാസങ്ങളിലാണ് തണുപ്പു കൂടുതല്‍. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം ജേഴ്സിയിലാണ് (148 മീ.) കിഴുക്കാംതൂക്കായ പരുക്കന്‍ പാറകളും, മണല്‍ നിറഞ്ഞ ഉള്‍ക്കടലുകളും ഇവിടത്തെ തീരപ്രദേശത്തിന്റെ പ്രത്യേകതയാണ്. ചെറുനദികളൊഴുകുന്ന താഴ്വരകള്‍ ധാരാളമായുള്ള ഈ പ്രദേശം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു.

933-ല്‍ നോര്‍മന്‍ഡി ഡച്ചിയുടെ അധീനതയിലായിരുന്ന ചാനല്‍ ദ്വീപുകള്‍ 1024-ലാണ് ഇംഗ്ലീഷ്ഭരണത്തിന്‍ കീഴിലായത്. 1940-45 വരെ ജര്‍മനിയുടേതായിരുന്ന ഇവിടം തുടര്‍ന്ന് വീണ്ടും ഇംഗ്ലീഷ് ഭരണത്തിന്‍ കീഴിലായി. ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും തദ്ദേശീയരാണ്. ഇവിടെ നിലനിന്നിരുന്ന നികുതിയിളവുകള്‍ ബ്രിട്ടന്‍, ബ്രിട്ടീഷ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റ പ്രവാഹത്തിനു കാരണമാവുകയും അങ്ങനെ ജനസംഖ്യാവര്‍ധനവിനിടയാക്കുകയും ചെയ്തു.

ചാനല്‍ ദ്വീപുകള്‍ ഇംഗ്ലണ്ടുമായും ഫ്രാന്‍സുമായും നാവിക-വ്യോമ ഗതാഗതത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. ജേഴ്സിയിലും, ഗേണ്‍സിയിലും, ആല്‍ഡേണിയിലും വിമാനത്താവളങ്ങള്‍ ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍