This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തുപ്പണിക്കര്‍, വെള്ളാട്ട് (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തുപ്പണിക്കര്‍, വെള്ളാട്ട് (17-ാം ശ.)

കഥകളിയിലെ കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ കുലഗുരു. കോട്ടയത്തു തമ്പുരാനും, തമ്പുരാന്റെ കളിയോഗത്തിലെ ഗുരുവായിരുന്ന ഇദ്ദേഹവും ചേര്‍ന്നു നടപ്പിലാക്കിയ സമ്പ്രദായമാണ് കല്ലടിക്കോടന്‍.

മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്തിനടുത്തുള്ള വെള്ളാട്ടുവീടാണ് തറവാട്. കൊ.വ. 8-ാം ശ.-ത്തില്‍ അവിടെ നിന്നും ഒരു ശാഖ പെരുമ്പടപ്പൂ രാജാവിന്റെ ആശ്രിതരായി തൃപ്പൂണിത്തുറയിലെത്തി. അതിലെ ഒരു കാരണവരായ ഇദ്ദേഹം മട്ടാഞ്ചേരി കോവിലകത്തു രാമനാട്ടം അഭ്യസിപ്പിച്ചുകൊണ്ടു കഴിയുകയായിരുന്നു. തന്റെ പരിഷ്കൃത കഥകളും അതിനായി ചിട്ടപ്പെടുത്തിയ ആട്ടങ്ങളും ചടങ്ങുകളും അഭ്യസിപ്പിക്കുന്നതിനായി, കോട്ടയത്തു തമ്പുരാന്‍, വെട്ടത്തു രാജാവിന്റെ അനുമതിയോടെ ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി കളിയോഗമുണ്ടാക്കി. ബകവധം ആണ് ആദ്യമായി അഭ്യസിച്ചത്.

നാട്ടില്‍ തിരിച്ചെത്തിയ പണിക്കര്‍ കുതിരവട്ടത്തുനായരുടെ അഭ്യര്‍ഥനയനുസരിച്ച്, പുലാപ്പറ്റയില്‍ കളിയോഗമുണ്ടാക്കി. എന്നാല്‍ സാമൂതിരിപക്ഷക്കാരനായ നായര്‍, തന്റെ അനുമതിയില്ലാതെ കളിയോഗമുണ്ടാക്കിയതില്‍ കൊച്ചി വലിയ തമ്പുരാന്‍ കുപിതനായി. പണിക്കര്‍ പെരുമ്പടപ്പുനാട്ടില്‍ കാലുകുത്തരുതെന്ന് തമ്പുരാന്‍ വിലക്കി. പലരും ആവശ്യപ്പെട്ടെങ്കിലും പണിക്കര്‍ക്കു ശിക്ഷയില്‍ നിന്നു ഇളവു ലഭിച്ചില്ല. തന്റെ പരദേവതയായ വേട്ടക്കാരന്റെ പ്രീതിക്കായി കിരാതം കഥ അവതരിപ്പിക്കുകയായിരുന്നു നായരുടെ ഉദ്ദേശ്യം. എന്നാല്‍ പണിക്കരുടെ പുതിയ രീതിയിലുള്ള ശിക്ഷണത്തെക്കുറിച്ചറിഞ്ഞ് കടത്തനാട്, കുറുമ്പ്രനാട്, വെട്ടത്തുറനാട്, പാലക്കാട്, പെരുമ്പടപ്പ് എന്നിവിടങ്ങളില്‍നിന്നും നിരവധിപേര്‍ പുലാപ്പറ്റയിലെത്തി കഥകളിയഭ്യസനം നടത്തി. അന്നു പുലാപ്പറ്റ കല്ലടിക്കോട് അംശത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. ഈ സ്ഥലനാമവുമായി ബന്ധപ്പെട്ട് അവിടെ അഭ്യസിപ്പിച്ചിരുന്ന സമ്പ്രദായം കല്ലടിക്കോടന്‍ എന്നറിയപ്പെട്ടു.

പൊതുവേ ആഹാര്യമോടിയിലാണ് രാജാവും പണിക്കരും ശ്രദ്ധിച്ചത്. തേച്ച വേഷങ്ങള്‍ക്കു ചുട്ടി ഏര്‍പ്പെടുത്തി. കൃഷ്ണനും ശ്രീരാമനും കൃഷ്ണനാട്ടത്തിലെ മുടിതന്നെ മതിയെന്നു വച്ചു. ബകന്‍, കാലകേയന്‍ തുടങ്ങിയ താടിവേഷങ്ങളുടെ കുറ്റിച്ചാമരത്തിന്റെ വ്യാസം വര്‍ധിപ്പിച്ചു. പട്ടുത്തരീയം ഏര്‍പ്പെടുത്തി. ഇതിനുപുറമേ തോടയം, തുടര്‍ന്നുള്ള വന്ദന ശ്ലോകം, പുറപ്പാട് എന്നിവ ആകര്‍ഷകമായി ചിട്ടപ്പെടുത്തി. പണിക്കര്‍, നാട്യത്തിനു അംഗിത്വവും നൃത്തനൃത്യങ്ങള്‍ക്ക് അംഗത്വവും കല്പിച്ചു. മുഖം, കൈ, മെയ്യ് എന്നിവയുടെ അഭ്യസനത്തില്‍ നിഷ്കര്‍ഷപുലര്‍ത്തി.

ബാലിയായിരുന്നു പണിക്കരുടെ പ്രധാന വേഷം. തിരുമാന്ധാംകുന്നു ഭഗവതിയെ ഉപാസനാമൂര്‍ത്തിയാക്കിയ ഈ കലാകാരനാണ് വെള്ളാട്ടുതറവാട്ടില്‍ നാലുപുരുഷാന്തരത്തോളം നീണ്ടുനിന്ന കളിയാശായ്മയ്ക്ക് തുടക്കം കുറിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍