This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തുപ്പണിക്കര്‍, നന്തിക്കര (? - 1874)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തുപ്പണിക്കര്‍, നന്തിക്കര (? - 1874)

കഥകളി നടന്‍. കൊച്ചി 'തഹസില്‍ദാര്‍' ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തുപ്പണിക്കര്‍ തഹസില്‍ദാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഇരിങ്ങാലക്കുടയിലെ നന്തിക്കര തറവാട്ടിലാണ് ജനനം. പിതാവില്‍നിന്ന് അക്ഷരാഭ്യാസം നേടിയ ശേഷം, തറവാട്ടു കളരിയില്‍നിന്ന് കായികാഭ്യാസവും കഥകളിയും പഠിച്ചു. ഇദ്ദേഹം ബാലനായിരിക്കുമ്പോള്‍ത്തന്നെ കാവുങ്ങല്‍ ഉണ്ണീരിപ്പണിക്കര്‍ കൂട്ടിക്കൊണ്ടുപോയി കഥകളി അഭ്യസിപ്പിച്ചു. പ്രസിദ്ധനായ ഇട്ടീരിപ്പണിക്കരില്‍നിന്നാണ് ഹനുമാന്റെ വേഷം പഠിച്ചത്.

കല്യാണസൗഗന്ധികത്തിലെ ഹനുമാന്‍, ബാലിവിജയത്തിലെ ബാലി, ബകവധത്തിലെ ആശാരി എന്നിവയാണ് ചാത്തുപ്പണിക്കരുടെ പ്രസിദ്ധ വേഷങ്ങള്‍. ഇരിങ്ങാലക്കുട ഉത്സവകാലത്ത് ഉരലില്‍ ഇരുന്ന് മുഖം കൊണ്ട് 'ആരിഹവരുന്നതിവനാരുമെതിരില്ലയോ' എന്ന പദം മുഴുവനായും അഭിനയിച്ചതുകണ്ട് സന്തോഷിച്ച മഹാരാജാവ് വീരശൃംഖല ഇദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. മഹാരാജാവ് ഇദ്ദേഹത്തിന്റെ കഥകളിയില്‍ പ്രീതനായി, തൃപ്പൂണിത്തുറ കോവിലകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംസ്കൃത വ്യുത്പത്തിയും കവിതാവാസനയും കാര്യപ്രാപ്തിയും കൈമുതലായുള്ള ഇദ്ദേഹത്തിന് രാജാവ് ദേവസ്വം വകുപ്പില്‍ ചെറിയൊരു ഉദ്യോഗം നല്കി. കൃത്യനിര്‍വഹണത്തിലെ അസാമാന്യപാടവം കണ്ട് തിരുമനസ്സ് പണിക്കരെ കൊച്ചി 'തഹസില്‍ദാരാ'ക്കി. വീരശൃംഖലയും വാളും ചങ്ങലവട്ടയും രാജാവില്‍നിന്ന് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനോനും, സുഭദ്രാഹരണം നാടകത്തിന്റെ കര്‍ത്താവായ തോട്ടയ്ക്കാട്ട് ഇക്കാവമ്മയും ഇദ്ദേഹത്തിന്റെ മക്കളാണ്. 1874-ല്‍ ചാത്തുപ്പണിക്കര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍