This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തുക്കുട്ടി മന്നാടിയാര്‍, ചമ്പത്തില്‍ (1857 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാത്തുക്കുട്ടി മന്നാടിയാര്‍, ചമ്പത്തില്‍ (1857 - 1905)

സംസ്കൃതനാടക വിവര്‍ത്തകനും കവിയും. 1857 മേയ്മാസത്തില്‍ പാലക്കാട്ടെ ചിറ്റൂരില്‍, ചമ്പത്തില്‍ കുടുംബത്തില്‍ കോനാത്തുവീട്ടില്‍, ചാമമേനോന്റെയും അമ്മുമന്നാടിശ്യാരുടെയും മകനായി ജനിച്ചു. അപ്പു എഴുത്തച്ഛനായിരുന്നു ആദ്യഗുരു. പിന്നീട് തൃശ്ശിവപേരൂരിലെ വെങ്കിടാദ്രിശാസ്ത്രികളുടെ കീഴില്‍ പഠനം നടത്തി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും വക്കീല്‍ പരീക്ഷകള്‍ പാസായി മുവാറ്റുപുഴയിലും തൃശ്ശിവപേരൂരിലും അഭിഭാഷകനായി ജോലി ചെയ്തിട്ടുണ്ട്.

രാമഭദ്രദീക്ഷിതര്‍ രചിച്ച ജാനകീപരിണയം എന്ന സംസ്കൃത നാടകമാണ് മന്നാടിയാര്‍ ആദ്യമായി വിവര്‍ത്തനം ചെയ്തത് (1889). എങ്കിലും ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത് ഭവഭൂതിയുടെ ഉത്തരരാമചരിതം വിവര്‍ത്തനമാണ് (1892). സഹൃദയര്‍ക്കു മറക്കാനാകാത്ത വിധം മധുരതരമായ ആ പരിഭാഷയ്ക്ക് മലയാളത്തിലുണ്ടായിട്ടുള്ള സംസ്കൃത നാടക വിവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ സ്ഥാനമുണ്ട്.

ഹാലാസ്യമഹാത്മ്യം കിളിപ്പാട്ടാണ് ഇദ്ദേഹത്തിന്റെ മറ്റൊരു വിവര്‍ത്തനം. പുഷ്പഗിരീശസ്തോത്രം എന്ന സ്വതന്ത്ര സംസ്കൃതകാവ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃശ്ശിവപേരൂരിനടുത്തുള്ള പൂങ്കുന്നിലെ ദേവനെ സ്തുതിക്കുന്ന രചനയാണിത്.

നല്ലൊരു ഗദ്യകാരനായിരുന്ന ഇദ്ദേഹം കുറേക്കാലം കേരള പാണിനിയുടെ പത്രാധിപരായിരുന്നിട്ടുണ്ട്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയ സമകാലികരോടൊപ്പം നിസ്തുലമായ സാഹിത്യസേവനം നടത്തിയിട്ടുണ്ട്. പ്രാസവാദത്തിന്റെ പരിസമാപ്തിയിലെ മന്നാടിയാരുടെ സംഭാവന സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.

സാമുദായിക പരിഷ്കര്‍ത്താവുകൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പുത്രനാണ് കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എ.ആര്‍. മേനോന്‍. 1905-ല്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍