This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാത്തനാര്‍ (? കാലം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:16, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാത്തനാര്‍ (? കാലം)

തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ മണിമേഖലയുടെ കര്‍ത്താവ്. മണിമേഖലയിലെ ഒരു പതികത്തില്‍ കൂലിവാണികന്‍ ചാത്തനാര്‍ ആണ് കര്‍ത്താവ് എന്നു വ്യക്തമാക്കിയിട്ടുണ്ട്. ചിലപ്പതികാരത്തില്‍ മധുരൈക്കൂലവാണികന്‍, ചീത്തലൈ ചാത്തനാര്‍, തണ്ടമിഴ്ചാത്തന്‍ എന്നീ പേരുകളാണ് പരാമര്‍ശിച്ചിട്ടുള്ളത്. കൂലവാണികന്‍ എന്നതിന് ധാന്യക്കച്ചവടക്കാരന്‍ എന്നാണര്‍ഥം. ചീത്തലൈ എന്നതു കവിയുടെ ജന്മദേശമാണെന്നു കരുതുന്നു.

ഇദ്ദേഹം സംഘസാഹിത്യകവിയായ ചാത്തനാര്‍ തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. മണിമേകലൈ കാട്ടും മനിത വാഴ്വു എന്ന ഗ്രന്ഥത്തില്‍ ഇതു രണ്ടും രണ്ടുപേരാണെന്ന് സ്വാമി ചിദംബരന്‍ അഭിപ്രായപ്പെടുന്നു. ചിലപ്പതികാരം കഥയുടെ തുടര്‍ച്ചയായ മണിമേഖല ബൗദ്ധതത്ത്വങ്ങളെ വാഴ്ത്തുന്ന കൃതിയാണ്. സംഘകവിയായ ചാത്തനാര്‍ ഒരു മതത്തിനോടും പ്രത്യേക ആഭിമുഖ്യം കാട്ടിയിട്ടില്ല. ഇക്കാരണത്താല്‍ സംഘകാലത്തിനുശേഷമാണ് മണിമേഖലാകര്‍ത്താവ് ജീവിച്ചിരുന്നതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

കോവലന്റെയും കണ്ണകിയുടെയും കാലത്ത് ജീവിച്ചിരുന്ന ഇദ്ദേഹം മധുരയുടെ അതിദേവത കണ്ണകിയോട് മുജ്ജന്മകഥ പറഞ്ഞപ്പോള്‍ നേരിട്ടു കേള്‍ക്കുകയുണ്ടായെന്നും വിശ്വസിച്ചുപോരുന്നു. ചെങ്കുട്ടുവന്‍, ഇളങ്കോവടികള്‍ എന്നിവരുടെ സമകാലികനായിരുന്നു ചാത്തനാര്‍ എന്നാണ് ചിലപ്പതികാര മതം. മണിമേഖലയുടെ അരങ്ങേറ്റം ഇളങ്കോവടികളുടെ മുന്നില്‍ വച്ചായിരുന്നു എന്നും ചെങ്കുട്ടുവസദസ്സില്‍ വച്ചായിരുന്നുവെന്നും അഭിപ്രായമുണ്ട്.

മണിമേഖലയില്‍ കര്‍മബന്ധം, പുനര്‍ജന്മം, ആത്മാവ്, ജീവകാരുണ്യം, പുണ്യപാപങ്ങള്‍, സ്വര്‍ഗ-നരകങ്ങള്‍, അന്നദാനം, ദൈവിക സംഭവങ്ങള്‍ മുതലായവ ഉടനീളം വിവരിക്കപ്പെട്ടിരിക്കുന്നതില്‍നിന്ന് ഇദ്ദേഹം ബുദ്ധമതാനുയായിരുന്നുവെന്ന് ഊഹിക്കാം. ഇദ്ദേഹത്തിന്റെ കാവ്യരചനാപാടവത്തിനും തമിഴ്, സംസ്കൃത സാഹിത്യങ്ങളിലുള്ള അഗാധജ്ഞാനത്തിനും നിദര്‍ശനമാണ് മണിമേഖല. നോ: മണിമേഖല

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍