This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാണകപ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:04, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചാണകപ്പുഴു

തെങ്ങിന്റെ പ്രധാന ക്ഷുദ്രകീടമായ കൊമ്പന്‍ചെല്ലിയുടെ (ഒറിക്ടസ് റൈനോസെറസ്) ലാര്‍വ (grub). കുണ്ടലപ്പുഴു എന്നും അറിയപ്പെടുന്നു. ചാണകപ്പുഴുവിനും പൂര്‍ണവളര്‍ച്ച പ്രാപിച്ച കൊമ്പന്‍ചെല്ലിക്കും തമ്മില്‍ കാഴ്ചയില്‍ യാതൊരു സാമ്യവുമില്ല. ചാണകക്കൂമ്പാരങ്ങള്‍, വളക്കുഴികള്‍, സസ്യാവശിഷ്ടശേഖരങ്ങള്‍ എന്നിവിടങ്ങളാണ് ഇവയുടെ ആവാസസ്ഥലങ്ങള്‍. ഇത്തരം ഇടങ്ങളിലാണ് പെണ്‍കൊമ്പന്‍ചെല്ലികള്‍ മുട്ടയിടുന്നത്. ഒരു പ്രാവശ്യം ഏകദേശം 50-150 മുട്ടകള്‍വരെയിടുന്നു. മുട്ടയ്ക്ക് വെളുപ്പുനിറവും ഗോളാകൃതിയുമാണുള്ളത്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ മുട്ടയില്‍നിന്ന് മഞ്ഞകലര്‍ന്ന വെളുപ്പുനിറമുള്ള പുഴുക്കള്‍ പുറത്തുവരുന്നു. ഇവ സാധാരണയായി 'ഇ' ആകൃതിയിലാണ് കാണപ്പെടുന്നത്. അഴുകിയ ജൈവവസ്തുക്കള്‍ ഭക്ഷിച്ച് വളര്‍ന്നു തുടങ്ങുമ്പോള്‍ പുഴുക്കള്‍ക്ക് വര്‍ണവ്യത്യാസം ഉണ്ടാകുന്നു. ക്രമേണ ഇവയ്ക്ക് ചാരനിറമാകും. മാംസളഘടനയുള്ള ഈ പുഴുക്കള്‍ എപ്പോഴും ആഹാരം കഴിച്ചുകൊണ്ടിരിക്കും. ഇവയ്ക്ക് വക്ഷീയപാദങ്ങള്‍ മാത്രമാണുള്ളത്. ഏകദേശം 70-190 ദിവസത്തെ വളര്‍ച്ച കൊണ്ട് ഇവ 7-12 സെ.മീ. നീളമുള്ള വലിയ പുഴുക്കളായി മാറുന്നു. ചിലപ്പോള്‍ തെങ്ങിന്‍തടയില്‍ കാണുന്ന പോടുകളിലും കൊമ്പന്‍ചെല്ലി മുട്ടയിടാറുണ്ട്. മുട്ട അവിടെവച്ചുതന്നെ വിവിധ അവസ്ഥകള്‍ പിന്നിട്ട് കൊമ്പന്‍ചെല്ലിയായിത്തീരുകയും ചെയ്യും.

ചാണകപ്പുഴുക്കളുടെ പ്യൂപ്പാഘട്ടം ഏകദേശം ഒരു മാസക്കാലം വരെ നീണ്ടുനില്ക്കുന്നു. ആവാസസ്ഥലങ്ങളിലുള്ള മണ്ണിനടിയില്‍ കുഴികളുണ്ടാക്കി അവിടെ കൊക്കൂണുകള്‍ക്കുള്ളിലാണ് പ്യൂപ്പകള്‍ കഴിഞ്ഞുകൂടുന്നത്. താപനില കൂടുമ്പോള്‍ ഇവ കൂടുതല്‍ ആഴത്തിലേക്കു മാറാറുണ്ട്. തുടര്‍ന്ന് പൂര്‍ണവളര്‍ച്ചയെത്തിയ കൊമ്പന്‍ചെല്ലി പുറത്തുവരുന്നു.

ചാണകപ്പുഴുവിന്റെ നിവാരണത്തിന് പ്രധാനമായി കൊമ്പന്‍ചെല്ലി മുട്ടയിടുന്ന ഭാഗങ്ങള്‍ കത്തിച്ചുകളയുകയും പുഴുവിന്റെ ആവാസസ്ഥലങ്ങളില്‍ കീടനാശിനികള്‍ തളിക്കുകയും വേണം. കാക്കയെപ്പോലുള്ള പക്ഷികള്‍ ഇവയെ ധാരാളമായി ഭക്ഷിക്കുകവഴിയും ഇവയുടെ എണ്ണം സാരമായി കുറയാറുണ്ട്. നോ: കൊമ്പന്‍ചെല്ലി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍