This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാണകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:06, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാണകം

കന്നുകാലികളുടെ വിസര്‍ജ്യവസ്തു. ഒരു നല്ല ജൈവവളം. ഇന്ത്യയില്‍ പുരാതനകാലം മുതല്‍തന്നെ കൃഷിക്കു വളമായി ചാണകം ധാരാളമായി ഉപയോഗിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള രാജ്യമാണ് ഇന്ത്യ. കന്നുകാലികളുടെ വലുപ്പം, അവയ്ക്കു നല്കുന്ന ആഹാരത്തിന്റെ അളവ് എന്നിവ ഇവയില്‍നിന്നു ലഭിക്കുന്ന ചാണകത്തിന്റെ അളവിനെ സ്വാധീനിക്കുന്നു. ദിനംപ്രതി 10-20 കി.ഗ്രാം. ചാണകം ഒരു കന്നുകാലിയില്‍നിന്ന് ലഭിക്കും. ചാണകത്തില്‍ നൈട്രജന്‍ (N = 0.3-0.4)., ഫോസ്ഫെറസ് പെന്റോക്സൈഡ് ((P2O5 == 0.10.2 ശ.മാ.), പൊട്ടാഷ് (K2O = = 0.10.3 ശ.മാ.), സിങ്ക്, ഇരുമ്പ്, മാങ്ഗനീസ്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

കന്നുകാലികളുടെ മൂത്രത്തില്‍ നൈട്രജന്റെയും പൊട്ടാഷിന്റെയും അളവ് ചാണകത്തിലുള്ളതിനെക്കാള്‍ അധികമാണ്. എന്നാല്‍ ഫോസ്ഫെറസ് പെന്റോക്സൈഡ് കുറവായിട്ടാണ് കാണപ്പെടുന്നത്. മണ്ണിന്റെ ഊര്‍വരത വര്‍ധിപ്പിക്കുവാനും വായുസഞ്ചാരം അധികമാക്കാനും ജലാംശം നിലനിര്‍ത്താനും ജൈവവളങ്ങള്‍ക്ക് കഴിയുന്നു. ചാണകപരിശോധനയിലൂടെ കാലികള്‍ക്കുണ്ടാകുന്ന ഉദരരോഗം നിര്‍ണയിക്കാന്‍ സാധിക്കുന്നു.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചാണകത്തിന്റെ പകുതിയിലേറെ ഉണക്കി ചാണകവറളികളാക്കി വിറകിനുപകരം ഉപയോഗിച്ചുവരികയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പം തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഇത് കൂടുതലായി കാണപ്പെടുന്നു. പഴയകാലത്ത് ലോഹപ്പണിക്കാരും തീ കത്തിക്കാനായി ചാണകവറളി ധാരാളമായി ഉപയോഗിച്ചിരുന്നു.

ചാണകത്തില്‍ നിന്നും പാചകത്തിന് ആവശ്യമായ ഇന്ധന (ഗോബര്‍ഗ്യാസ്) വാതകം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇന്ധനക്ഷാമം പരിഹരിക്കുവാന്‍ ഇത് സഹായിക്കുന്നു. ഗോബര്‍ഗ്യാസില്‍ മീഥേന്‍ (55-70 ശ.മാ.), കാര്‍ബണ്‍ ഡൈഓക്സൈഡ് (30-45 ശ.മാ) എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നേരിയ അളവില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ തുടങ്ങിയ വാതകങ്ങളും അടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ 1939 മുതല്‍ ബയോഗ്യാസ് നിര്‍മാണമാരംഭിച്ചു. ഖാദി ഗ്രാമവ്യവസായ കമ്മിഷനാണ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍ സഹായിക്കുന്നത്. രണ്ടു കന്നുകാലികളില്‍നിന്നു ലഭിക്കുന്ന ചാണകംകൊണ്ട് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഒരേസമയം ഇന്ധനവും കൂടുതല്‍ ഫലഭൂയിഷ്ഠമായ ചാണകക്കുഴമ്പും (slurry) പ്ലാന്റില്‍ നിന്ന് പുറത്തുവരുന്നു. ഈ ചാണകക്കുഴമ്പില്‍ സസ്യങ്ങള്‍ക്കുവേണ്ട പോഷകമൂലകങ്ങള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്്. വിളക്കു കത്തിക്കുന്നതിനും പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഗോബര്‍ഗ്യാസ് ഉപയോഗിച്ചുവരുന്നു. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചാണകം കമ്പോസ്റ്റു നിര്‍മാണത്തിനും ഉപയോഗിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന കീടമായ കൊമ്പന്‍ചെല്ലി ചാണകക്കൂമ്പാരങ്ങളിലാണ് മുട്ടയിടുന്നത്. ഇവയുടെ ലാര്‍വകളുടെ ഭക്ഷണം ചാണകമാണ്.

ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിന് ചാണകം ഉപയോഗിച്ചുവരുന്നു. പഞ്ചഗവ്യത്തിലെ ഒരു ഘടകം ചാണകമാണ്. ചാണകം ഉണക്കി പ്രത്യേകരീതിയില്‍ നീറ്റി ഭസ്മം ഉണ്ടാക്കുന്നു. പഞ്ചഗവ്യവും ഭസ്മവും താന്ത്രികപ്രാധാന്യമുള്ള പദാര്‍ഥങ്ങളാണ്. ചാണകം പരിശുദ്ധിയുടെ പ്രതീകമായി കല്പിച്ചുവരുന്നു. വീടുകളില്‍ ശുദ്ധിവരുത്തുവാനായി ചാണകം തളിക്കാറുണ്ട്. വീടിന്റെ തറ മെഴുകാനും ചാണകം ഉപയോഗിച്ചുവരുന്നു. പഴയകാലത്ത് ചാണകനീരില്‍ വസ്ത്രങ്ങള്‍ അലക്കാറുമുണ്ടായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%A3%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍