This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാഡ്വിക്, എഡ്വിന്‍ (1800 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാഡ്വിക്, എഡ്വിന്‍ (1800 - 90)

Chadwick, Edwin

ഇംഗ്ലീഷ് സാമൂഹിക പരിഷ്കര്‍ത്താവ്. 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ബ്രിട്ടനിലെ പൊതുജനാരോഗ്യനിലവാരം മെച്ചപ്പെടുത്താന്‍ നല്കിയ സംഭാവനകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 1800 ജനു. 24-ന് മാഞ്ചസ്റ്ററിനുസമീപം ലോങ്സൈറ്റില്‍ ജനിച്ചു. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം എഡ്വിന്‍ പൊതുരംഗത്തേക്കുകടന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ റിവ്യൂയില്‍ എഴുതിയ ലേഖനങ്ങളിലൂടെ ഇദ്ദേഹം ജെറെമി ബന്താമിന്റെ ശ്രദ്ധയ്ക്കു വിധേയനായി. തുടര്‍ന്നു ബന്താമിന്റെ സാഹിത്യകാര്യസഹായി യായി നിയമിതനായി. 1832 മുതല്‍ 46 വരെ പുവര്‍ കമ്മിഷനില്‍ സേവനമനുഷ്ഠിച്ചു. 1834-ല്‍ പുവര്‍ ലാ കമ്മിഷണേഴ്സിന്റെ സെക്രട്ടറിയായി. ഇദ്ദേഹവും നാസോവില്യം സീനിയറും ചേര്‍ന്ന് തയ്യാറാക്കിയ (1934) റിപ്പോര്‍ട്ടാണ് 'പുവര്‍ ലാ' എന്ന നിയമത്തിനു വഴിതെളിച്ചത്. തൊഴില്‍ശാലകളില്‍ പണിയെടുക്കുന്ന കുട്ടികളുടെ സേവനവ്യവസ്ഥകളെ സംബന്ധിച്ചുള്ള അന്വേഷണക്കമ്മിഷനിലും എഡ്വിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാനിറ്ററി കണ്ടിഷന്‍സ് ഒഫ് ദ ലേബറിങ് പോപ്പുലേഷന്‍ എന്ന റിപ്പോര്‍ട്ട് (1842) വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.

പുവര്‍ കമ്മിഷനും എഡ്വിനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്ന് 1846-ല്‍ 'പുവര്‍ ലാ കമ്മിഷന്‍' തന്നെ പിരിച്ചുവിട്ടു.

ലണ്ടനിലെ പൊതുജനാരോഗ്യനിലയങ്ങളെക്കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയ പഠനങ്ങളാണ് ബോര്‍ഡ് ഒഫ് ഹെല്‍ത്തിന്റെ രൂപവത്കരണത്തിനു വഴിതെളിച്ചത്. 1848 മുതല്‍ 54 വരെ ചാഡ്വിക് അതിന്റെ അധ്യക്ഷനായിരുന്നു. ടെന്‍ അവേഴ്സ് ആക്റ്റ് (1847), എംപ്ലോയേഴ്സ് ലയബിലിറ്റി ആക്റ്റ് (1880) എന്നീ നിയമങ്ങള്‍ക്ക് ആധാരമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു. ചേരിപരിഷ്കരണത്തിനും കോളറാ നിര്‍മാര്‍ജനത്തിനുംവേണ്ടി നടന്ന ബഹുജന പ്രക്ഷോഭങ്ങളില്‍ ഇദ്ദേഹം മുന്‍നിരക്കാരനായിരുന്നു. 1889-ല്‍ 'സര്‍' സ്ഥാനം ലഭിച്ച ഇദ്ദേഹം 1890 ജൂല. 6-ന് സറേയിലെ ഈസ്റ്റ് ഷീനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍