This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കോ, പി.റ്റി. (1915 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാക്കോ, പി.റ്റി. (1915 - 64)

പി.റ്റി.ചാക്കോ

1. കേരളത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും. 1915 ഏ. 9-ന് കോട്ടയം ജില്ലയില്‍ ചിറക്കടവില്‍ പുതിയപറമ്പില്‍ തോമസിന്റെയും പുല്ലേലില്‍ അന്നമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളജിലും, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിലും തിരുവനന്തപുരം ലാ കോളജിലും പഠിച്ച് 1936-ല്‍ ബിരുദവും 1938-ല്‍ നിയമബിരുദവും നേടി. തുടര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ട്, സ്വാതന്ത്യ്രസമരത്തില്‍ പങ്കുകൊണ്ടു. 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. നിരവധി തവണ അറസ്റ്റും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1941-ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി. കാത്തലിക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും, മീനച്ചില്‍ താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും (1943-46) കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും (1945) ആയിരുന്നു. മൂന്നുതവണ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആയി. 1948-ല്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂര്‍ നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പ് ആയിരുന്നു. തിരുവിതാംകൂര്‍-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറി ആയി. 1956-ല്‍ കോട്ടയം ജില്ലയില്‍ 41 ദിവസം നീണ്ടുനിന്ന പദയാത്ര നടത്തി. 1949-ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ മീനച്ചിലില്‍ നിന്നും ലോക്സഭാംഗമായി. 1953-ല്‍ അംഗത്വം രാജിവച്ചു. 1957-ല്‍ വാഴൂര്‍ നിന്നും കേരള നിയമസഭാംഗമായി. സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. വിമോചന സമരത്തില്‍ പങ്കെടുത്തു. 1960-ല്‍ മീനച്ചിലില്‍ നിന്നും നിയമസഭാംഗമായ ഇദ്ദേഹം പട്ടം താണുപിള്ളയുടെ സംയുക്ത മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി ആയി. 1964 ഫെ. 16-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചു. ഇതേത്തുടര്‍ന്ന് ചാക്കോയുടെ അനുയായികളായിരുന്ന പതിനഞ്ച് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേകവിഭാഗമായി മാറി. ഇതാണ് പില്ക്കാലത്ത് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. ഇപ്പോഴത്തെ (1995) പാര്‍ലമെന്റ് അംഗമായ പി.സി. തോമസ് പി.റ്റി. ചാക്കോയുടെ പുത്രനാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാഹിത്യപ്രവര്‍ത്തനങ്ങളിലും ചാക്കോ ഏര്‍പ്പെട്ടിരുന്നു. ആന്‍ ഓപ്പണ്‍ ലെറ്റര്‍ റ്റു സര്‍ സി.പി. (1945), കമ്യൂണിസം (1946) എന്നീ കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1964 ആഗ. 1-ന് കോഴിക്കോട്ട് അന്തരിച്ചു.

2. പണ്ഡിതനും പ്രബന്ധകര്‍ത്താവും. 1928 ജൂണ്‍ 28-ന് തൊടുപുഴയ്ക്കടുത്തുള്ള കാളിയാറിലെ കല്ലറയ്ക്കല്‍ കുടുംബത്തില്‍ ജനിച്ചു. ധനതത്ത്വശാസ്ത്രത്തില്‍ എം.എ. ബിരുദമെടുത്തശേഷം ഉപരിപഠനത്തിനായി വിദേശത്തുപോയി, ലുവെയന്‍, പാരിസ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും അവഗാഹം നേടി. ഇതിനിടെ ജര്‍മന്‍, ഫ്രഞ്ച്, ലത്തീന്‍, ഗ്രീക് തുടങ്ങിയ ഭാഷകളും പഠിച്ചു. നാട്ടിലെത്തി കലാശാലാധ്യാപകനായി സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയം, ധനതത്ത്വശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ വൈജ്ഞാനിക മണ്ഡലത്തിന് ചാക്കോ സംഭാവന ചെയ്തിട്ടുണ്ട്. ആധുനിക യൂറോപ്യന്‍ ചിന്തകന്മാര്‍, വിജ്ഞാനവും വീക്ഷണവും, അപഗ്രഥനങ്ങള്‍, അഭിമുഖങ്ങള്‍, പുരോഗതിയും വിലങ്ങുതടികളും, അധഃപതനത്തിനൊരു മുഖവുര, മതവും പുരോഗതിയും, സാംസ്കാരിക സ്വാതന്ത്യ്രം, ഹ്യൂമനിസം സാമൂഹ്യശാസ്ത്രത്തില്‍, ആത്മാവും ശരീരവും, മനുഷ്യന്റെ വിദ്യാഭ്യാസം എന്നിവയാണ് മുഖ്യകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍