This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കോ, ഐ.സി. (1876 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാക്കോ, ഐ.സി. (1876 - 1966)

സംസ്കൃതപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രജ്ഞനും. കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഇല്ലിപ്പറമ്പുകുടുംബത്തില്‍ കോരയുടെയും അന്നയുടെയും മകനായി 1876 ഡി. 25-ന് ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്നും ബി.എ. ബിരുദം നേടിയശേഷം കുറേക്കാലം ആലപ്പുഴ ലിയോ ഇംഗ്ലീഷ് സ്കൂളില്‍ ഹെഡ്മാസ്റ്ററായി. 1901-ല്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടുകൂടി ലണ്ടന്‍ സര്‍വകലാശാലയില്‍ചേര്‍ന്ന് ഫിസിക്സില്‍ ബി. എസ്സി. ഓണേഴ്സ് ബിരുദം നേടി. അവിടെവച്ച് എ.ആര്‍.എസ്.എം. (മൈനിങ് എന്‍ജിനീയറിങ്), എ.ആര്‍.സി.എസ്. (ഫിസിക്സ്) എന്നീ പരീക്ഷകളും പാസായി. 1906-ല്‍ മടങ്ങിയെത്തി, ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയില്‍ പ്രായോഗിക പരിശീലനം നേടിയശേഷം തിരുവിതാംകൂര്‍ ഭൂഗര്‍ഭ ശാസ്ത്രവകുപ്പില്‍ ഉദ്യോഗസ്ഥനായി. 1921-ല്‍ തിരുവിതാംകൂറിലെ വ്യവസായ ഡയറക്ടറായി നിയമിക്കപ്പെട്ടു. 1931-ല്‍ പെന്‍ഷന്‍പറ്റി പിരിയുന്നതുവരെയും ഇദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. കുറച്ചുകാലം നസ്രാണിദീപികയുടെ സഹപത്രാധിപരായും പ്രവര്‍ത്തിക്കുകയുണ്ടായി.

നിരന്തരമായ പരിശ്രമംകൊണ്ട് സംസ്കൃത സാഹിത്യത്തിലും വ്യാകരണത്തിലും തികഞ്ഞ വ്യുത്പത്തിനേടാന്‍ ചാക്കോയ്ക്കു കഴിഞ്ഞു. ഈ സംസ്കൃത വിദ്യാഭ്യാസമാണ് സാഹിത്യരചനയ്ക്കു ഇദ്ദേഹത്തിനു പ്രചോദനമരുളിയത്. ലത്തീന്‍, ഗ്രീക്ക്, സുറിയാനി, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകളിലും ചാക്കോയ്ക്ക് പരിജ്ഞാനം ഉണ്ടായിരുന്നു. അതുപോലെതന്നെ ഊര്‍ജതന്ത്രം, രസതന്ത്രം, പ്രകൃതിശാസ്ത്രം, ശബ്ദശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം എന്നിങ്ങനെ നാനാവിഷയങ്ങളില്‍ തികഞ്ഞ പാണ്ഡിത്യം നേടാനും ഇദ്ദേഹത്തിനുകഴിഞ്ഞു. പാണിനീയ പ്രദ്യോതം (വ്യാഖ്യാനം), ചില ശബ്ദങ്ങളും അവയുടെ രൂഢാര്‍ഥങ്ങളും (ഭാഷാശാസ്ത്രം), വാല്മീകിയുടെ ലോകത്തില്‍ (ലേഖന സമാഹാരം), ജീവിതസ്മരണകള്‍ (ആത്മകഥ), ക്രിസ്തുസഹസ്രനാമം (സംസ്കൃതസ്തോത്രം), പ്രകൃതിപാഠങ്ങള്‍, കൃഷിവിഷയങ്ങള്‍ (ശാസ്ത്രലേഖനങ്ങള്‍), സര്‍ തോമസ് മൂര്‍ (ജീവചരിത്രം) എന്നീ കൃതികള്‍ക്കു പുറമേ, ആനുകാലികങ്ങളില്‍ ഒട്ടേറെ പ്രൌഢലേഖനങ്ങളും ഉപന്യാസങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. പാണിനിയുടെ അഷ്ടാധ്യായിക്ക് മലയാളത്തില്‍ രചിച്ച ലളിതവും സുഗ്രഹവുമായ വ്യാഖ്യാനമാണ് പാണിനീയ പ്രദ്യോതം (1947). ഈ കൃതിക്ക് 1957-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1966 മേയ് 27-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍