This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചവ്വരി (ചൗവരി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:30, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചവ്വരി (ചൌവരി)

Sago

ഭക്ഷ്യയോഗ്യമായ ഒരിനം സ്റ്റാര്‍ച്ച്. ഈന്തിന്റെയും പനയുടെയും തടിയുടെ മജ്ജയില്‍നിന്നാണിത് ഉത്പാദിപ്പിക്കുന്നത്. സൈക്കസ് സെര്‍സിനാലിസ് (Cycas cercinalis), സൈക്കസ് റെവല്യൂട്ട (C.revoluta) തുടങ്ങിയ ഈന്ത് ഇനങ്ങളാണ് ചവ്വരിയുണ്ടാക്കാനുപയോഗിക്കുന്നത്. ജപ്പാനിലും ചൈനയിലും വിവിധയിനം ഈന്തുകളില്‍നിന്ന് ചവ്വരിയുണ്ടാക്കുന്നുണ്ട്. അരിന്‍ഗ സക്കാരിഫെറ (Arenga saccharifera) എന്ന പനയില്‍നിന്നും സാഗോ പാമുകളെന്ന് പരക്കെ അറിയപ്പെടുന്ന പാമെ (Palmae) സസ്യകുലത്തിലെ മെട്രോ സൈലോണ്‍ സാഗു(Metroxylon sagu)വില്‍നിന്നും ആണ് പ്രധാനമായും ചവ്വരിയുണ്ടാക്കുന്നത്. 500-600 പൗണ്ട് ചവ്വരി ഒരു പനയില്‍ നിന്നുകിട്ടും. ഈസ്റ്റിന്‍ഡീസിലും ന്യൂഗിനിയിലും കാണുന്ന ഈ രണ്ടിനം പനയില്‍നിന്നും ചവ്വരിയുണ്ടാക്കുന്നു. ആദ്യത്തെ ഇനം പത്തുമീ. വരെ ഉയരംവയ്ക്കുമെങ്കിലും രണ്ടാമത്തെയിനം 5-7 മീ. വരെയേ വളരാറുള്ളു. തെങ്ങിലേതുപോലെ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് കൂട്ടമായിട്ടാണ് ഇവയിലും ഇലകള്‍ കാണപ്പെടുന്നത്. പക്ഷേ, ഇവ വിശറിയുടെ ആകൃതിയിലുള്ള വലിയ ഇലകളായിരിക്കും; ഇലകളില്‍ മുള്ളുകളുമുണ്ട്.

15-20 വര്‍ഷം പ്രായമാകുമ്പോള്‍ സാഗോ പന പുഷ്പിക്കുകയും അതോടെ വൃക്ഷം നശിച്ചുപോവുകയും ചെയ്യുന്നു. വളരെയധികം പുഷ്പങ്ങളുണ്ടാകുമെങ്കിലും കായ്കളുടെ എണ്ണം കുറവായിരിക്കും. പ്രജനനം മിക്കവാറും വേരുകളിലെ സ്റ്റോളനുകള്‍ (stolons) മൂലമാണ് നടക്കുന്നത്.

ചവ്വരിയുണ്ടാക്കുന്നത് പനയുടെ തടിയിലെ മജ്ജയില്‍ നിന്നാണ്. കുലയ്ക്കാറായ പന വെട്ടി രണ്ടുമീറ്ററോളം നീളമുള്ള കഷണങ്ങളാക്കി മുറിക്കുന്നു. ഓരോ കഷണവും നെടുകെ പിളര്‍ന്ന് മാവുള്ള ഭാഗം (മജ്ജ) നീക്കിയെടുത്ത് ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ കലക്കി അരിച്ച് ഊറാന്‍ അനുവദിക്കുന്നു. ഊറിക്കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞ് നൂറ് ഉണക്കുന്നു. ഈ പൊടിയെ സാഗോ മീല്‍ (sago meal) എന്നുപറയുന്നു. സാധാരണ നാം ഉപയോഗിക്കാറുള്ളതും വിപണികളില്‍ സാധാരണമായതും ചെറിയ തരികളായ സാഗോ ആണ്. ഇത് ഗ്രാനുലേറ്റഡ് സാഗോ (granulated sago) എന്നറിയപ്പെടുന്നു. സാഗോ മീലിനെ വെള്ളത്തില്‍ കുതിര്‍ത്തു ചെറുദ്വാരമുള്ള അരിപ്പയില്‍ക്കൂടി ഞെക്കിക്കടത്തിയുണ്ടാക്കുന്ന തരികളെ വെയിലത്തോ 140oC-യില്‍ ഓവനിലോവച്ച് ഉണക്കിയെടുക്കുന്നു. ഇത് കടുപ്പമുള്ളതും അര്‍ധതാര്യവുമാണ്. ഓവനില്‍ ഉണക്കിയെടുക്കുന്ന ചവ്വരി ഏറെനാള്‍ കേടുകൂടാതെയിരിക്കും.

പ്രത്യേക ആകൃതിയോ വലുപ്പമോ ഇല്ലാത്ത, വെള്ളയോ ഇളംചുവപ്പോ നിറമുള്ള ചെറുതരികളാണ് സാഗോ മീല്‍. കോമണ്‍ ബ്രൌണ്‍ സാഗോ, ബോര്‍ണിയോ സാഗോ, പേള്‍ സാഗോ എന്നീ പേരുകളിലും ഗ്രാനുലേറ്റഡ് സാഗോ അറിയപ്പെടുന്നു. പൊതുവേ ഇവയ്ക്ക് വെള്ളനിറമാണെങ്കിലും ഒരു വശത്തിന് ഇളം തവിട്ടുനിറമുള്ളവയും ഉണ്ട്. ക്ലോറിന്‍ ചേര്‍ത്ത കക്ക ഉപയോഗിച്ച് മണികള്‍ നല്ല നിറമുള്ളതാക്കാറുണ്ട്.

ചവ്വരി ഒരു സാധാരണ സ്റ്റാര്‍ച്ച് ആണ്. സ്റ്റാര്‍ച്ചിന്റെ അതേ രാസസ്വഭാവമാണിതിനുള്ളത്. തണുത്ത വെള്ളത്തില്‍ അലേയമെങ്കിലും തിളയ്ക്കുന്ന വെള്ളത്തിലിട്ടാല്‍ ഉരുണ്ട ജലാറ്റിന്‍ കട്ടപോലെയായിത്തീരുന്നു. ദോഷഫലങ്ങളൊന്നും തന്നെയില്ലാത്തതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു പോഷകാഹാരമാണ് ചവ്വരി. എല്ലാ രോഗികള്‍ക്കും ഭക്ഷ്യയോഗ്യമാണിത്. പാലിലോ വെള്ളത്തിലോ വേവിച്ച് പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് കഴിക്കാം. പുഡ്ഡിങ്, കേക്കുകള്‍, ബ്രെഡ് ഇവയുണ്ടാക്കാനുപയോഗിക്കുന്നു. ചവ്വരിയുടെ രണ്ടരപൗണ്ട് ബ്രെഡ് ഒരാളുടെ ഒരു ദിവസത്തേക്കാവശ്യമായ മുഴുവന്‍ കലോറിയും നല്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍