This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചരസ്സ്

കഞ്ചാവ്ചെടി (ഇന്ത്യന്‍ ഹെംപ്, Cannabis Cativa)യില്‍ നിന്നെടുക്കുന്ന ഒരു ലഹരിദായകമരുന്ന്. ചരസ്സിനെ കൂടാതെ ഈ ചെടിയില്‍നിന്ന് കഞ്ചാവ്, ഭാംഗ് എന്നീ ലഹരിപദാര്‍ഥങ്ങള്‍കൂടി ഇന്ത്യയില്‍ തയാറാക്കുന്നുണ്ട്. ചരസ്സാണ് ഇവയില്‍ ഏറ്റവും ശക്തികാരകമായിട്ടുള്ളത്. ഇതേ പദാര്‍ഥം ഏഷ്യാമൈനര്‍, പശ്ചിമയൂറോപ്പ്, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളില്‍ 'ഹഷീഷ്' എന്നാണ് അറിയപ്പെടുന്നത്. നേപ്പാള്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇത് കൂടുതലും വരുന്നത്.

ഈ ചെടിയില്‍ ആണ്‍പെണ്‍പൂക്കള്‍ വെവ്വേറെ സസ്യങ്ങളില്‍ കാണപ്പെടുന്നു. പെണ്‍പൂക്കളാണ് ചരസ്സിന്റെ മുഖ്യ സ്രോതസ്സ്. പൂങ്കുല (flowering top) യില്‍ നിന്ന് സ്രവിക്കുന്ന കറ (resin) ശേഖരിച്ചെടുത്ത് ചരസ്സ് നിര്‍മിക്കുന്നു. ചെറിയ അളവില്‍ റെസീന്‍ ഇലയിലും കാണ്ഡത്തിലും കാണപ്പെടുന്നുണ്ട്. പെണ്‍ചെടി പൂത്തുകഴിഞ്ഞ് ഇലകള്‍ പഴുക്കുമ്പോള്‍ പൂങ്കുല വേര്‍പെടുത്തിയാണ് റെസീന്‍ ശേഖരിക്കുന്നത്. ഇത് ഉണക്കി കട്ടിയാകുമ്പോള്‍ ചരസ്സായി മാറുന്നു. ഇന്ത്യയില്‍ വളരുന്നയിനം ചെടികളില്‍നിന്ന് കാര്യമായ അളവില്‍ റെസീന്‍ കിട്ടുന്നില്ല.

ശുദ്ധമായ റെസീന് തവിട്ടുനിറമാണ്. ഇത് കത്തുമ്പോള്‍ വെളുത്ത ജ്വാലയുണ്ടായി ചാരമില്ലാതെ കത്തിത്തീരുന്നു. റെസീനിലടങ്ങിയിരിക്കുന്ന ലഹരിദായക രാസപദാര്‍ഥങ്ങള്‍ക്ക് കാനാബിനോയിഡ്സ് (cannabinoids) എന്നു പറയുന്നു. 1960-ലാണ് ഇതിലെ മുഖ്യ കാനാബിനോയിഡായ ടെട്രാഹൈഡ്രോകാനാബൈനോളുകള്‍ (Δ8-THC, Δ9-THC) കണ്ടുപിടിക്കപ്പെട്ടത്. മറ്റുള്ളവ യഥാക്രമം കാനാബൈനോള്‍ (cannabinol), കാനാബൈഡയോള്‍ (cannabidiol) കാനാബൈനോളിക് അമ്ലം (cannabionolic acid), കാനാബൈജറോള്‍ (cannabigerol), കാനാബൈസൈക്ലോള്‍ (cannabicyclol) എന്നിവയാണ്. THC യില്‍ നൈട്രജന്‍ അടങ്ങിയിട്ടില്ല. കഞ്ചാവില്‍ ഏകദേശം മൂന്ന് ശ.മാ. വരെ മാത്രമേ THC അടങ്ങിയിട്ടുള്ളൂ. എന്നാല്‍, ചരസ്സില്‍ ഏകദേശം 15 ശ.മാ. വരെ അടങ്ങിയിട്ടുണ്ട്. രണ്ട് മയക്കുമരുന്നുകളുടെയും തീവ്രതയിലുള്ള വ്യത്യാസത്തിനും കാരണം ഇതുതന്നെ. THC പൂങ്കുലകളിലുള്ള റെസീനിലാണ് അധികവും കാണപ്പെടുന്നത്. ഇത് മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും. കാനാബിനോയിഡുകളുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചരസ്സിന്റെ പുക ശരീരത്തിനുള്ളിലെത്തുമ്പോള്‍ മാത്രമാണ് THC കൂടുതല്‍ ശക്തികാരകമാകുന്നത്. ദ്രുതഗതിയില്‍ ഇതിന്റെ പ്രഭാവം പ്രധാനമായും കേന്ദ്രനാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ഇതുമൂലം താത്കാലികമായ ഒരു ഉന്മേഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും, ആഹാരഭ്രമം, ഉറക്കംതൂങ്ങല്‍ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും ഉദ്ദീപ്തമാകുന്നു. പെട്ടെന്ന് നാഡിമിടിപ്പ് വര്‍ധിക്കുകയും, നേത്രാവരണം ചുവക്കുകയും ചെയ്യുന്നു. ചരസ്സ് നിരന്തരമായി ഉപയോഗിക്കുന്നവര്‍ ദൃഷ്ടിശ്രവണ മതിവിഭ്രമങ്ങള്‍ക്ക് അടിമപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ചരസ്സ് ഉള്ളിലേക്ക് കഴിക്കുകയാണെങ്കില്‍ പ്രഭാവം താരതമ്യേന കുറഞ്ഞിരിക്കും.

കഞ്ചാവ്ചെടികള്‍ ഇപ്പോള്‍ ഗവണ്‍മെന്റിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണ് കൃഷിചെയ്തുവരുന്നത്. ചരസ്സുള്‍പ്പെടെ ഇതില്‍ നിന്നെടുക്കുന്ന എല്ലാ ലഹരിയുത്പന്നങ്ങളും ഇന്ത്യയുള്‍പ്പെടെ എല്ലാ രാഷ്ട്രങ്ങളും നിരോധിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍