This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരല്‍

Gravel

രണ്ട് മി.മീ.-ല്‍ക്കൂടുതല്‍ വ്യാസമുള്ളതും മാഗ്മ ഘനീഭവിച്ചല്ലാതെ ഉണ്ടാകുന്നതും മുറുക്കമില്ലാത്തതുമായ പാറക്കഷണങ്ങളുടെ വലുപ്പമനുസരിച്ച് അവയ്ക്ക് പ്രത്യേക സാങ്കേതിക സംജ്ഞയുണ്ട്. 2-64 മി.മീ. വ്യാസമുള്ള പെബിള്‍ (Pebble), 65-256 മി.മീ. വ്യാസമുള്ള കോബിള്‍ (Cobble), അതിനെക്കാള്‍ വലുപ്പമുള്ള ബോള്‍ഡര്‍.

പാറക്കഷണങ്ങള്‍ നദികളുടെയും മഞ്ഞുകട്ടകളുടെയും ഒഴുക്കില്‍പ്പെട്ടു സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഉരസലാണ് ചരല്‍ത്തരികളെ മിനുസപ്പെടുത്തുന്നത്. കടല്‍ക്കരയില്‍ കാണപ്പെടുന്ന ചരലാണ് ബീച്ച് ഗ്രാവല്‍. വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാത്ത സ്ഥലങ്ങളിലും ധാരാളം ചരല്‍ത്തിട്ടകള്‍ കാണാം. ഇത് കടല്‍ച്ചരലാണ്. ഈ ചരല്‍ത്തിട്ടകള്‍ വളരെ വിസ്തൃതമായിരിക്കും. ഒരു കാലത്ത് സമുദ്രം ഇവിടെവരെ എത്തിയിരുന്നു വെന്നതിനു തെളിവാണ് ഇവ.

ചരല്‍ത്തരികളുടെ വലുപ്പത്തിന്റെ വിതരണത്തില്‍ നിന്നാണ് അവയുടെ ജനനത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ കഴിയുന്നത്. നദികളുടെയും മഞ്ഞുകട്ടകളുടെയും പ്രവര്‍ത്തനഫലമായുണ്ടാകുന്ന ചരലുകളുടെ വലുപ്പം ഒരിക്കലും ഒരുപോലെയായിരിക്കുകയില്ല. എന്നാല്‍ സമുദ്രജന്യമായ ചരലുകളുടെ വലുപ്പം ഏതാണ്ട് ഒരു പോലെയാകുന്നു. ചരലുകളുടെ ആകൃതി, വക്രത, ആന്തരികഘടന (texture) എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ അവയുടെ ഉദ്ഭവത്തിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നു.

ചരലുകളുടെ ഗോളാകാരത്തിന്റെ പരിണാമത്തില്‍നിന്ന് ഇവ എത്രദൂരം സഞ്ചരിച്ചെന്നും ഏത് പ്രകൃതിശക്തിയാണ് ഇവയെ ഒഴുക്കിക്കൊണ്ടുവന്നതെന്നും ഗ്രഹിക്കാന്‍ കഴിയും. ചരല്‍ത്തരികളുടെ ആകൃതി മിക്കപ്പോഴും മാതൃശിലകളുടെ പൊട്ടല്‍ (fracture), ചേര്‍പ്പ് (joint), പിളര്‍പ്പ് (cleavage) എന്നിവയില്‍നിന്നും സ്വായത്തമായതായിരിക്കും.

ചരലുകള്‍ കോണ്‍ക്രീറ്റ് ഉണ്ടാക്കുവാനാണ് സാധാരണ ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിലെ ചരല്‍ത്തട്ടുകളില്‍ ലോഹ ധാതു നിക്ഷേപങ്ങളും കണ്ടുവരുന്നു; പ്രത്യേകിച്ച് ടിന്നിന്റെ മുഖ്യ അയിരായ കാസിറ്ററൈറ്റ് (SnO2).

ചരല്‍നിക്ഷേപങ്ങള്‍ക്കിടയിലുള്ള ശൂന്യസ്ഥലങ്ങള്‍ വോയ്ഡ് (void) എന്നറിയപ്പെടുന്നു. ഈ വോയ്ഡുകളില്‍ അടിഞ്ഞുകയറുന്ന ചെളിയും മണലും മറ്റും ചരല്‍ത്തരികളെ ഇറുക്കിച്ചേര്‍ക്കുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന അവസാദശിലയാണ് കണ്‍ഗ്ളോമറേറ്റ് (conglomerate). കണ്‍ഗ്ളോമറേറ്റിനെ നിര്‍വചിക്കുമ്പോള്‍ അവയിലെ തരികള്‍ ഉരുണ്ടുതന്നെയായിരിക്കണമെന്നു ഭൂവിജ്ഞാനികള്‍ നിഷ്കര്‍ഷിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%B0%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍