This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരകസംഹിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചരകസംഹിത

ഏറ്റവും പുരാതനമായ ആയുര്‍വേദഗ്രന്ഥം. പുനര്‍വസു ആത്രേയന്റെ ഉപദേശങ്ങളെ ശിഷ്യനായ അഗ്നിവേശന്‍ സ്വീകരിച്ച് സംഹിതയാക്കി. അഗ്നിവേശസംഹിതയിലെ വിട്ടുപോയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചരകന്‍ ഇതിനെ പ്രതിസംസ്കരിച്ചു. തുടര്‍ന്ന് കുറേക്കൂടി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പൂര്‍ണമാക്കി. അഗ്നിവേശ സംഹിതയുടെ പരിഷ്കൃതരൂപമാണ് ഇന്നത്തെ ചരകസംഹിത. ചരകത്തില്‍ കായചികിത്സാസ്ഥാനത്തിനാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. ബ്രാഹ്മണങ്ങളുടെയും ഉപനിഷത്തുകളുടെയും കാലത്തെ രചനാരീതിയാണ് ഈ ഗ്രന്ഥത്തില്‍ കാണുന്നത്. വൈദിക ധാരണകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടാണ്, സംസ്കൃത ഭാഷയിലെഴുതപ്പെട്ട ചരകം ജീവിതത്തെ വീക്ഷിക്കുന്നത്.

ചരകത്തില്‍ എട്ടു സ്ഥാനങ്ങളും നൂറ്റിഇരുപത് അധ്യായങ്ങളുമുണ്ട് (സൂത്രസ്ഥാനം-30 അധ്യായങ്ങള്‍, നിദാനസ്ഥാനം-8, വിമാനസ്ഥാനം-8, ശരീരസ്ഥാനം-8, ഇന്ദ്രിയസ്ഥാനം-12, ചികിത്സാസ്ഥാനം-30, കല്പസ്ഥാനം-12, സിദ്ധിസ്ഥാനം-12). വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളത്. സൂത്രസ്ഥാനത്തെ 7 ചതുഷ്കങ്ങളായി (ഭേഷജ ചതുഷ്കം, സ്വാസ്ഥ്യചതുഷ്കം, നിര്‍ദേശ ചതുഷ്കം, ഉപകല്പനാ ചതുഷ്കം, രോഗചതുഷ്കം, യോജനാചതുഷ്കം, അന്നപാനചതുഷ്കം) വിഭജിച്ചിരിക്കുന്നു. അവസാനത്തെ രണ്ടധ്യായങ്ങള്‍ വൈദ്യഗുണങ്ങളെ വിവരിക്കുന്നു. ഹേതുലിംഗ ഔഷധസംബന്ധമായ വിവരങ്ങളാണ് പൊതുവായി സൂത്രസ്ഥാനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നിദാനസ്ഥാനത്തില്‍ രോഗങ്ങളെപ്പറ്റിയും വിമാനസ്ഥാനത്തില്‍ ത്രിദോഷങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെക്കുറിച്ചും വിസ്തരിക്കുന്നു. കായചികിത്സയെക്കുറിച്ച് ശരീരസ്ഥാനത്തിലും മരണലക്ഷണങ്ങളെപ്പറ്റി ഇന്ദ്രിയസ്ഥാനത്തിലും വിവരിച്ചിരിക്കുന്നു. രസായനചികിത്സ, വാജീകരണ ചികിത്സ, അന്നപാനവിധികള്‍ എന്നിവ ചികിത്സാസ്ഥാനത്തിലും വമന വിരേചന ഔഷധനിര്‍മാണ വിധികള്‍ കല്പസ്ഥാനത്തിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. എട്ടാമത്തെ സ്ഥാനമായ സിദ്ധിസ്ഥാനത്തില്‍ പഞ്ചകര്‍മങ്ങളുമായി ബന്ധപ്പെട്ട തകരാറുകളും അവയ്ക്കുള്ള ചികിത്സയും അടങ്ങിയിരിക്കുന്നു.

ചരകത്തിന്റെ ഏറ്റവും പഴയ വ്യാഖ്യാനമായ ചരകന്യാസം രാജാസാഹസാങ്കന്റെ ആസ്ഥാനവൈദ്യനായിരുന്ന ഭട്ടാരഹരിശ്ചന്ദ്രന്റേതാണ്. വാഗ്ഭടശിഷ്യനായ ജജ്ജടന്റെ നിരന്തരപദവ്യാഖ്യാ, സ്വാമികുമാരന്റെ ചരകപഞ്ചിക, ചക്രപാണിദത്തന്റെ ആയുര്‍വേദദീപിക അഥവാ ചരകതാത്പര്യം, ശിവദാസസേനന്റെ തത്ത്വചന്ദ്രിക, കവിരാജ് ഗംഗാധര്‍ജിയുടെ ജല്പകല്പനതരു, യോഗീന്ദ്രനാഥജിസെന്നിന്റെ ചരകോപസ്കാരം എന്നീ വ്യാഖ്യാനങ്ങള്‍ പ്രസിദ്ധങ്ങളാണ്. വളരെക്കാലം മുന്‍പുതന്നെ ചരകം അറബി, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1897-ല്‍ എ.സി. കവിരത്ന ചരകം ഇംഗ്ലീഷിലേക്ക് പരിഭാഷ നടത്തി. ടി.സി. പരമേശ്വരന്‍ മൂസ്സത് മലയാളഭാഷയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.

ചരകത്തില്‍ മൃഗങ്ങള്‍ക്ക് ചികിത്സ ചെയ്തിരുന്നതിന്റെ സൂചനകളും ഉണ്ട്. വാഗ്ഭടന്റെ അഷ്ടാംഗഹൃദയത്തിന്റെ മുഖ്യ ആധാരം ഈ മൂലഗ്രന്ഥം തന്നെ. ഇപ്രകാരം ചരകത്തില്‍നിന്ന് അക്കാലത്തെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വിശദമായ രൂപം കിട്ടുന്നു. ചരകസംഹിതയ്ക്ക് ആയുര്‍വേദ സാഹിത്യത്തില്‍ ഒരു സുപ്രധാന സ്ഥാനമുണ്ട്. നോ: ചരകന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍