This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമ്പു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചമ്പു

ഗദ്യവും പദ്യവും ഇടകലര്‍ന്ന കാവ്യം. 'ഗദ്യപദ്യമയീകാചിച്ചമ്പൂരിത്യഭിധീയതേ' എന്ന് ആചാര്യദണ്ഡി കാവ്യാദര്‍ശത്തില്‍ പ്രസ്താവിക്കുന്നു. ചമ്പുവിന് 'പ്രബന്ധം' എന്നും പേരുണ്ട്. സംസ്കൃതാലങ്കാരികന്മാര്‍ കാവ്യത്തെ ദൃശ്യമെന്നും ശ്രാവ്യമെന്നും രണ്ടായി വിഭജിക്കുന്നു. അഭിനയിക്കാനും കണ്ടുരസിക്കാനുമുള്ളതാണ് ദൃശ്യകാവ്യങ്ങള്‍. വായിക്കാനും കേള്‍ക്കാനുമുള്ളതാണ് ശ്രാവ്യകാവ്യങ്ങള്‍. ശ്രാവ്യകാവ്യത്തെ ഗദ്യം, പദ്യം, മിശ്രം എന്നിങ്ങനെ വീണ്ടും വിഭജിക്കുന്നുണ്ട്. പാദ വിഭജനമില്ലാത്ത പദസംഘാതമാണ് ഗദ്യം. വൃത്തഗന്ധി, ചൂര്‍ണം, ഉത്കാലികാഭിപ്രായം എന്നിങ്ങനെ മൂന്നുതരത്തില്‍ ഗദ്യങ്ങളുണ്ടെന്നു വാമനന്‍ രേഖപ്പെടുത്തുന്നു. പദ്യം നാലു പാദങ്ങളോടുകൂടിയതാണ്. ഗദ്യവും പദ്യവും കൂടിച്ചേര്‍ന്നതാണ് മിശ്രം അഥവാ ചമ്പു.

സംസ്കൃതത്തില്‍. എ.ഡി. 10-ാം ശ.-ത്തിനു മുന്‍പുള്ള ഒരു ചമ്പുവും കണ്ടുകിട്ടിയിട്ടില്ല. ചമ്പുക്കളുടെ ഉത്പത്തിക്കു ബീജാവാപം ചെയ്തത്, കഥാഭാഗം ഗദ്യത്തിലും നീതിവാക്യം പദ്യത്തിലും നിബന്ധിച്ചിട്ടുള്ള പഞ്ചതന്ത്രം ആയിരിക്കുമെന്ന് അഭിപ്രായമുണ്ട്. കണ്ടുകിട്ടിയിട്ടുള്ള കൃതികളില്‍ ഏറ്റവും പ്രാചീനം ത്രിവിക്രമഭട്ടന്‍ (10-ാം ശ.) രചിച്ച നളചമ്പു ആണ്. സോമദേവസൂരിയുടെ (10-ാം ശ.) യശസ്തിലകചമ്പു, ഭോജന്റെ (11-ാം ശ.) രാമായണചമ്പു, അനന്തഭട്ടന്റെ (16-ാം ശ.) ഭരതചമ്പു, വെങ്കടാധ്വരിയുടെ (17-ാം ശ.) വിശ്വഗുണാദര്‍ശചമ്പു എന്നിവയാണ് സംസ്കൃത സാഹിത്യത്തിലെ പ്രധാനപ്പെട്ട ചമ്പുകൃതികള്‍. കേരളീയ കവികളുടെ സംസ്കൃത ചമ്പുക്കളില്‍, ദിവാകരകവിയുടെ അമോഘരാഘവം (1299), കോഴിക്കോട് മാനവേദരാജാവിന്റെ പൂര്‍വ ഭാരതചമ്പു (1943), മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെ (16-ാം ശ.) ഭാരതരാമായണാദി പ്രബന്ധങ്ങള്‍, രാമപാണിവാദന്റെ ഭാഗവതംചമ്പു എന്നിവ പ്രാതഃസ്മരണീയങ്ങളാണ്. ഇടവട്ടിക്കാട്ടു നാരായണന്‍ നമ്പൂതിരി, അശ്വതിതിരുനാള്‍ ഇളയതമ്പുരാന്‍, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ തുടങ്ങി നിരവധിപേര്‍ സംസ്കൃത ചമ്പൂപ്രസ്ഥാനത്തെ പോഷിപ്പിച്ചവരാണ്.

ദമയന്തീകഥ എന്നുകൂടി പേരുള്ള നളചമ്പു പുരാണപ്രസിദ്ധമായ നളകഥ ഇതിവൃത്തമാക്കുന്നു. സോമദേവസൂരിയുടെ യശസ്തിലകം അവന്തി രാജാവായ യശോധരന്റെ ചരിത്രത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ്. ഭോജചമ്പു അഥവാ രാമായണചമ്പു വാല്മീകിരാമായണത്തെയാണ് ഉപജീവിക്കുന്നത്. ഭാരതചമ്പുവിന്റെ കര്‍ത്താവായ അനന്തഭട്ടന്‍ ചമ്പൂസാമ്രാജ്യത്തിലെ യുവരാജ പദത്തിനര്‍ഹനാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. കാവ്യഗുണം കൊണ്ട് സംസ്കൃതചമ്പുക്കളുടെ കൂട്ടത്തില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന കൃതിയാണ്, വെങ്കടാധ്വരിയുടെ വിശ്വഗുണാദര്‍ശചമ്പു.

വിശ്വേശ്വരപുത്രനായ ദിവാകരന്റെ അമോഘരാഘവമാണ് കേരളീയ സംസ്കൃതചമ്പുക്കളില്‍ ഏറ്റവും പ്രാചീനമായത്. രാമായണത്തിലെ ബാലകാണ്ഡകഥയാണ് ഇതിലെ പ്രതിപാദ്യം. കോഴിക്കോട്ടു മാനവേദരാജാവ് രചിച്ച പൂര്‍വഭാരതചമ്പു അഥവാ മാനവേദചമ്പു അനന്തഭട്ടനോട് കവിക്കുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിച്ച കൃതിയാണ്. ചന്ദ്രോത്പത്തി മുതല്‍ ധൃതരാഷ്ട്രാദികളുടെ ഉദ്ഭവംവരെയുള്ള മഹാഭാരതകഥയാണ് ഇതിന്റെ രചനയ്ക്ക് അവലംബമായിരിക്കുന്നത്. ഭാരതം, രാമായണം, സുഭദ്രാഹരണം, മത്സ്യാവതാരം, പാഞ്ചാലീസ്വയംവരം, നളായനീചരിതം എന്നീ പ്രബന്ധങ്ങളും നിരനുനാസികം, രാജസൂയം, ദൂതവാക്യം, സ്വാഹാസുധാകരം എന്നീ കൃതികളുമാണ് മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെ രചനകള്‍. മഹിഷമംഗലം ശങ്കരന്‍ നമ്പൂതിരിയുടെ ഹനുമദപദാനം ചമ്പു, മഹിഷമംഗലം നാരായണന്‍ നമ്പൂതിരിയുടെ ഉത്തമരാമചരിതം ചമ്പു, നെല്ലിക്കാട്ട് ഈശ്വരവാര്യരുടെ ബാണയുദ്ധം, ലക്ഷണാസ്വയംവരം, വിപ്രപത്ന്യാനുഗ്രഹലീല എന്നിവ. ഇളയിടം നാരായണന്‍ നമ്പൂതിരിയുടെ ഉഷാപരിണയം ചമ്പു, എടവെട്ടിക്കാട്ടു നാരായണന്‍ നമ്പൂതിരിയുടെ രുക്മിണീസ്വയംവരം, ചോളകവിയായ സീതാരാമന്റെ ബാലരാമവിജയചമ്പു തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ്.

ചാക്യാന്മാരും പാഠകക്കാരും ചമ്പൂപ്രബന്ധങ്ങള്‍ അരങ്ങില്‍ പറഞ്ഞുവന്നിരുന്നു. ഭട്ടതിരിയുടെ പ്രബന്ധങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രചാരം.

ഭാഷാചമ്പുക്കള്‍. സംസ്കൃതഭാഷയില്‍ വളര്‍ന്നു പന്തലിച്ച ചമ്പൂ പ്രസ്ഥാനത്തെ അനുകരിച്ചുകൊണ്ടാണ് മലയാളത്തില്‍ ചമ്പൂ കൃതികള്‍ എഴുതപ്പെട്ടത്. മണിപ്രവാളസാഹിത്യത്തില്‍ ആദ്യകാല ചമ്പുക്കള്‍ ജന്മമെടുത്തു. അവ പ്രധാനമായും നായികാവര്‍ണനമാണ് ഇതിവൃത്തമായി സ്വീകരിച്ചത്. 10-ാം ശ.-ത്തില്‍ത്തന്നെ മലയാളത്തില്‍ ചമ്പുക്കള്‍ ഉണ്ടായി എന്നു കരുതപ്പെടുന്നുണ്ടെങ്കിലും 13-ാം ശ.-ത്തിനു മുന്‍പുള്ള ഒരു ചമ്പുവും കണ്ടുകിട്ടിയിട്ടില്ല.

ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് പ്രാചീന മലയാളചമ്പുക്കള്‍. ഉത്തര കേരളത്തിലെ തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂര്‍ ക്ഷേത്രത്തിലെ നര്‍ത്തകിയായ ഉണ്ണിയച്ചിയെ കാണാന്‍ ഒരു ഗന്ധര്‍വന്‍ ഭൂമിയിലേക്കുവരുന്നതും, ഭൂമിയിലെത്തി അവളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രഹിച്ച് അവളുടെ ഗൃഹംതേടി അണയുന്നതുമാണ് ഉണ്ണിയച്ചീരിതത്തിലെ പ്രതിപാദ്യം. ഉണ്ണിയപ്പിള്ളയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയുടെ രൂപലാവണ്യത്തില്‍ ആകൃഷ്ടനായ ദേവേന്ദ്രന്‍ അവളുടെ വാസസ്ഥാനം അന്വേഷിച്ചുചെല്ലുന്നതും പല കാഴ്ചകളും കണ്ടുമടങ്ങിപ്പോകുന്നതുമാണ്, അപൂര്‍ണമായ ഉണ്ണിച്ചിരുതേവീചരിതത്തില്‍ വിവരിക്കുന്നത്. ദാമോദരച്ചാക്യാര്‍ (14-ാം ശ.) രചിച്ച ഉണ്ണിയാടീചരിതത്തിലെ പ്രമേയം, ഉണ്ണിയാടിയുടെ മധുരസംഗീതംകേട്ട് കാമപരവശനായ ചന്ദ്രന്‍ രണ്ടു ഗന്ധര്‍വന്മാരെ അവളുടെ സമീപത്തേക്കു അയയ്ക്കുന്നതും, അവര്‍ ഉണ്ണിയാടിയെ കണ്ടശേഷം മടങ്ങിയെത്തി വിവരങ്ങള്‍ ചന്ദ്രനെ ധരിപ്പിക്കുന്നതുമാണ്. ഈ കൃതിയും അപൂര്‍ണമാണ്. കേരളീയ ജീവിതത്തിന്റെ നാനാമുഖങ്ങളും ഈ ചമ്പുക്കളില്‍ പ്രതിഫലിക്കുന്നുണ്ട്. നായികായവര്‍ണനകളിലൂടെ അവ്യവസ്ഥിതമായ സാമൂഹിക നീതിയുടെയും ലൈംഗികമായ അരാജകത്വത്തിന്റെയും ചിത്രങ്ങളും ഇവയില്‍ തെളിയുന്നു.

മധ്യകാല ചമ്പുകള്‍. 14-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ 16-ാം ശ.-ത്തിന്റെ പകുതിവരെയുള്ള കാലഘട്ടത്തിലാണ് ഭാഷാചമ്പൂപ്രസ്ഥാനം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത്. മണിപ്രവാളത്തിന്റെ സുവര്‍ണദശകൂടി ആയിരുന്ന ഇക്കാലത്ത് മുന്നൂറിലധികം ചമ്പുകൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവ 'മധ്യകാല ചമ്പുക്കള്‍' എന്നാണറിയപ്പെടുന്നത്. മധ്യകാലചമ്പുക്കളെല്ലാം പൊതുവില്‍ പുരാണ പ്രസിദ്ധമായ ഇതിവൃത്തം സ്വീകരിച്ചിട്ടുള്ളവയാണ്.

സ്ത്രീസൗന്ദര്യപ്രതിപാദനത്തിലും ദേശവര്‍ണനകളിലും താത്പര്യം പ്രകടിപ്പിച്ചിരുന്ന മുന്‍കാല ചമ്പൂരചനാരീതിയില്‍നിന്നു വ്യത്യസ്തമായി പുരാണേതിഹാസങ്ങളെ ഇതിവൃത്തമാക്കി ഭാഷയില്‍ ഉണ്ടാകുന്ന ആദ്യത്തെ ചമ്പൂകൃതി, പുനം നമ്പൂതിരിയുടെ (15-ാം ശ.) ഭാഷാരാമായണചമ്പു ആണ്. വാല്മീകീരാമായണ കഥയെ അടിസ്ഥാനമാക്കുന്ന ഇരുപതു പ്രബന്ധങ്ങളാണ് ഇതിലുള്ളത്. സാഹിത്യമേന്മയുടെ കാര്യത്തില്‍ ഭാഷാരാമായണചമ്പു മറ്റു ചമ്പുക്കളെയെല്ലാം അതിശയിക്കുന്നു. പുനത്തിന്റെ ഭാവാവിഷ്കാരനൈപുണിയും വര്‍ണനാപാടവവും പ്രദര്‍ശിപ്പിക്കുന്നവയാണ് ഇതിലെ എല്ലാ ഭാഗങ്ങളും. ശ്രീരാമാംഗുലീയകം ഹനുമാനില്‍നിന്നു സ്വീകരിച്ചപ്പോള്‍ സീതാദേവിക്കുണ്ടായ സന്തോഷാധിക്യം പ്രകടമാക്കുന്ന രംഗം ഇതിനു ദൃഷ്ടാന്തമാണ്.

'മുഗ്ദ്ധാമെല്ലെന്നെടുത്താള്‍, തിരുമുടിയിലണിഞ്ഞാള്‍,മറന്നും മുകര്‍ന്നാള്‍,

മുത്താര്‍മല്‍കൊങ്കമൊട്ടിന്‍ മുകളിലുടനുടന്‍ വച്ചുഗാഢം പുണര്‍ന്നാള്‍;

ചിത്രം, ചിത്രം! തദാനീം കുലയുവതികുലംമൌലിമേല്‍ വച്ചുചൂടും

പുത്തന്‍ പൂണ്‍പിന്നു രാമാഭരണമഖില ഗാത്രേഷു പൂണ്‍പായ് ചമഞ്ഞൂ.'

പദ്യരചനകളെന്നപോലെ ഗദ്യരചനകളും അത്യന്തം ശ്രദ്ധേയമാണ്. താടകയെ കവി വര്‍ണിക്കുന്നതിപ്രകാരമാണ്: 'വട്ടം പെരികിന പൊട്ടക്കിണറോടു പെട്ടെന്നൊരു പടവെട്ടിപ്പടുപരിവട്ടം കെട്ടിന നേത്രദ്വയമതിനുള്ളു. ചുവന്നു മറിഞ്ഞതില്‍ മധ്യേ കണ്‍മണി രണ്ടുപിരണ്ടു ഭയങ്കരമായ നിരീക്ഷണമയ്യോ പാവം! കാലമഹാനലകടുകനല്‍പോലെ, കാകോളദ്രവവിഭവംപോലെ യമഭടനെറിയും ഘനശിലപോലെ, കല്പാന്താര്‍ക്കനുദിക്കും പോലെ.'

രാമായണചമ്പുവിനോളംതന്നെ പഴക്കമുള്ള കൃതിയാണ് ഗൌരീചരിതം. അജ്ഞാതകര്‍ത്തൃകമായ ഈ കൃതിയില്‍ ദേവീമാഹാത്മ്യാന്തര്‍ഗതമായ സുംഭനിസുംഭവധമാണ് പ്രതിപാദിച്ചിരിക്കുന്നത്.

ഇദംപ്രഥമമായി മുദ്രിതമായ ഭാഷാചമ്പൂകൃതി മഴമംഗലത്തിന്റെ (16-ാം ശ.) നൈഷധമാണ്. 1893-ല്‍ ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ ഇതു പ്രസിദ്ധീകരിച്ചു. മഹിഷമംഗലം അഥവാ മഴമംഗലം നാരായണന്‍ നമ്പൂതിരിയാണ് കര്‍ത്താവ്. മഹാഭാരതാന്തര്‍ഗതമായ നളോപാഖ്യാനമാണ് ഇതിലെ ഇതിവൃത്തം. കാവ്യാരംഭത്തിലെ വന്ദന ശ്ളോകം പ്രസിദ്ധമാണ്.

'അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ!വേദമാകുന്ന ശാഖി-

ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്നപൂന്തേന്‍കുഴമ്പേ!

ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമന സുകൃതോപാത്ത സൗഭാഗ്യലക്ഷ്മീ-

സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീവിശ്വനാഥേ!'

ഭാഷാചമ്പുക്കളില്‍ പുനത്തിന്റെ രാമായണം കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്നത് മഴമംഗലത്തിന്റെ നൈഷധമാണ്.

അജ്ഞാതകര്‍ത്തൃകങ്ങളായ മൂന്നു ചമ്പുക്കളാണ് രാജരത്നാവലീയം, ബാണയുദ്ധം, കൊടിയവിരഹം എന്നിവ. ഇവയിലെ സംഭോഗശൃംഗാരത്തിന്റെയും മറ്റും വര്‍ണന സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്.

മലയാളത്തിലെ ചമ്പൂകാരന്മാരില്‍ പിന്നീടു പരിഗണന അര്‍ഹിക്കുന്ന കവി നീലകണ്ഠന്‍ (16-ാം ശ.) ആണ്. തളിപ്പറമ്പ്, തൃപ്പൂണിത്തുറ, തൃശ്ശിവപേരൂര്‍ എന്നീ മഹാക്ഷേത്രങ്ങളെ ആധാരമാക്കി ഇദ്ദേഹം രചിച്ച ചമ്പുക്കളാണ് യഥാക്രമം ചെല്ലൂര്‍നാഥോദയം, നാരായണീയം, തെങ്കൈലനാഥോദയം എന്നിവ. മേല്പറഞ്ഞ ക്ഷേത്രങ്ങളെപ്പറ്റിയുള്ള ഐതിഹ്യങ്ങളാണ് ഇവ അവലംബമാക്കുന്നത്. സൂര്യവംശജാതനായ ശതസോമരാജാവ് പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തില്‍ അഗസ്ത്യമഹര്‍ഷിയെക്കൊണ്ട് ശിവലിംഗം പ്രതിഷ്ഠിപ്പിച്ച കഥയാണ് ചെല്ലൂര്‍നാഥോദയത്തിലെ പ്രതിപാദ്യം. ഭാഗവതത്തിലെ സന്താനഗോപാലം കഥയും പൂര്‍ണത്രയീശപുരിയിലെ ഹരിബിംബപ്രതിഷ്ഠയും ഇണക്കിച്ചേര്‍ത്താണ് നാരായണീയത്തില്‍ വര്‍ണിക്കുന്നത്. തൃശ്ശിവപേരൂര്‍ വടക്കുന്നാഥന്റെ മാഹാത്മ്യാതിശയങ്ങളെ പ്രകീര്‍ത്തിക്കുകയാണ് തെങ്കൈലനാഥോദയത്തില്‍.

മധ്യകാലചമ്പുക്കളില്‍ പരാമര്‍ശമര്‍ഹിക്കുന്നവയായി വേറെയും കൃതികളുണ്ട്. അജ്ഞാതകര്‍ത്തൃകങ്ങളായ രുക്മിണീസ്വയംവരം, സ്യമന്തകം, പാരിജാതഹരണം, രാമാര്‍ജുനീയം, ശ്രീമതീസ്വയംവരം, ദക്ഷയാഗം, കാമദഹനം, പാര്‍വതീസ്വയംവരം, ത്രിപുരദഹനം, പ്രഹ്ളാദചരിതം, കുചേലവൃത്തം, ശര്യാതിചരിതം, ഉമാതപസ്സ്, ഗജേന്ദ്രമോക്ഷം എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.

സ്വരൂപം. ആശിസ്സ്, നമസ്ക്രിയ, വസ്തുനിര്‍ദേശം എന്നിങ്ങനെ മൂന്നുതരം കാവ്യമുഖങ്ങളാണ് ചമ്പുകാരന്മാര്‍ സ്വീകരിച്ചു കാണുന്നത്. സംസ്കൃതചമ്പുക്കള്‍ ഏറിയകൂറും ആശിസ്സോ നമസ്ക്രിയയോകൊണ്ടു തുടങ്ങുമ്പോള്‍ ഭാഷാ ചമ്പുക്കള്‍, സംസ്കൃത നാടകങ്ങളിലെപ്പോലെ കഥാസൂചന നല്കിക്കൊണ്ടാരംഭിക്കുന്നു. എന്നാല്‍ അച്ചീചരിതങ്ങള്‍, ഉഷാകല്യാണം, ഗൌരീപരിണയം എന്നിവയുടെ ആരംഭത്തില്‍ കഥാസൂചന നല്കിക്കാണുന്നില്ല. ഇഷ്ടദേവതാവന്ദനത്തിനുശേഷം രംഗത്ത് തോഴനെ കണ്ടതുമൂലമുണ്ടായ സന്തോഷാധിക്യം കഥയിലെ ഏതെങ്കിലും പാത്രത്തിനുണ്ടായ സന്തോഷത്തോടു സാദൃശ്യപ്പെടുത്തി കഥാപ്രവേശം നടത്തുന്നു. ഒരു പൊതുതത്ത്വം പറഞ്ഞിട്ട് കഥയുടെ അവസാനഭാഗവുമായി ബന്ധിപ്പിക്കുന്ന പതിവും ഉണ്ട്. ആശിസ്സ്, നമസ്ക്രിയ എന്നിവ ചെയ്യുന്ന പദ്യത്തില്‍ ഉപമാനരൂപേണ കഥാഭാഗത്തെ ഘടിപ്പിക്കുക മറ്റൊരു മാര്‍ഗമായി സ്വീകരിക്കുന്നു. പാഠകകഥാമാലിക എന്ന പ്രാചീനഗ്രന്ഥത്തില്‍, വൈഷ്ണവേതിവൃത്തങ്ങളടങ്ങുന്ന ചമ്പുക്കളില്‍ 'പദ്മനാഭം ഭജേഥാഃ' എന്നും ശിവപരങ്ങളായ ചമ്പുക്കളില്‍ 'ചന്ദ്രചൂഡം ഭജേഥാഃ' എന്നും അവസാനിക്കുന്ന പദ്യങ്ങള്‍കൊണ്ടാണ് കൃതി ആരംഭിക്കേണ്ടതെന്ന് വ്യവസ്ഥപ്പെടുത്തുന്നുണ്ട്. ഭാഷാചമ്പുകള്‍ അധികപങ്കും അലങ്കാരപ്രയോഗത്തിലും വര്‍ണനയിലുമാണ് ശ്രദ്ധ ചെലുത്തുന്നത്. എങ്കിലും കാവ്യഗുണത്തില്‍ മെച്ചപ്പെട്ടവയാണ് മലയാളചമ്പുക്കള്‍. സംസ്കൃതപദപ്രാചുര്യം പലപ്പോഴും രസാസ്വാദനത്തിനു തടസം സൃഷ്ടിക്കുന്നു. ചില ഭാഷാചമ്പുക്കളില്‍ ദ്രാവിഡവൃത്തനിബദ്ധമായ ഗദ്യംകൂടി ഉള്‍പ്പെടുത്തിക്കാണുന്നുണ്ട്. തരംഗിണിവൃത്തത്തോട് സാദൃശ്യമുള്ള വൃത്തമാണ് ഈ ഗദ്യത്തില്‍ കാണുന്നത്. മിക്ക ചമ്പുക്കളിലും ശൃംഗാരം, വീരം എന്നീ രസങ്ങള്‍ക്കാണ് പ്രാധാന്യം. ഭക്തിയും ചില ചമ്പുക്കളില്‍ അംഗിയായി സ്വീകരിച്ചിട്ടുള്ളതു കാണാം. മിക്ക കൃതികളിലും പൂര്‍വസൂരികളുടെ ഗദ്യപദ്യങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുള്ളതും ശ്രദ്ധയര്‍ഹിക്കുന്നു.

സമുദായവിമര്‍ശം. സംസ്കൃതചമ്പുക്കളെ അപേക്ഷിച്ച് ഭാഷാചമ്പുക്കളില്‍ കാണുന്ന സവിശേഷത അവയിലുള്ള സമുദായ വിമര്‍ശനമാകുന്നു. സമകാലവിമര്‍ശം നടത്തുന്ന ആദ്യത്തെ ഭാഷാകാവ്യരൂപവും ചമ്പു തന്നെ. സംസ്കൃത ചമ്പുകാരന്മാരില്‍ പലരും തങ്ങളുടെ ഇതിവൃത്തത്തെ അതിമനോഹരമായി വികസിപ്പിക്കാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ ഭാഷാ ചമ്പുകാരന്മാരാകട്ടെ, അതതു കാലത്തെ ജീവിതാചാരക്രമങ്ങളെ ഹാസ്യത്തിന്റെ ഭാഷയില്‍ വിമര്‍ശനത്തിനു വിധേയമാക്കുന്നു. പില്ക്കാല ചമ്പുക്കളില്‍ ഈ വിമര്‍ശനം കൂടുതല്‍ രൂക്ഷമാവുന്നുണ്ട്. 'ഓന്തും ചുണ്ടെലി ചേരത്തടിയന്‍ വാലുമെറുമ്പും മായൂരശിഖാഞാഞ്ഞൂലിത്തരമൊക്കത്തക്കവറുത്തു പൊടിച്ചച്ചുടലഭസ്മം മേളിച്ചമ്പൊടു മഷിയുണ്ടാക്കി' നടക്കുന്ന മന്ത്രവാദികളും, 'ഊശാന്താടി പെരുക്കാലെന്നിവ പോലുമൊഴിപ്പാന്‍' മരുന്നുമായി വരുന്ന മുറിവൈദ്യന്മാരും 'പരലും പലകയുമഗ്രേവച്ചും ഗണപതിവച്ചും കലിദിനമൊത്തു വരുത്തിപ്പാര്‍ക്കുന്നപ്പോള്‍ വിപരീതത്തൊടു വരുന്നതുകണ്ടു മനസ്സും കെട്ടുചിരങ്ങും നുള്ളി' നില്ക്കുന്ന ജ്യോത്സ്യന്മാരും (രാമായണചമ്പു) ഈ വിമര്‍ശശരങ്ങള്‍ക്കു പാത്രീഭവിക്കുന്നു. ചാക്യാന്മാരുടെ കൂത്തു പറച്ചിലില്‍ നിന്നാകാം ചമ്പൂകാരന്മാര്‍ക്ക് പരിഹാസ വിമര്‍ശനത്തിനുള്ള സാധ്യത ബോധ്യമായത്. ഈ വിഷയത്തില്‍ കുഞ്ചന്‍നമ്പ്യാര്‍ക്കു മാര്‍ഗദര്‍ശനം ലഭിച്ചതും ചമ്പുക്കളില്‍ നിന്നാകാം.

ആധുനികഭാഷാചമ്പുക്കള്‍. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍, പൂര്‍വകാല സാഹിത്യരൂപങ്ങളെ പുനരുദ്ധരിക്കുവാന്‍ നടന്ന ശ്രമങ്ങളുടെ ഭാഗമായി ചമ്പുപ്രസ്ഥാനത്തിനും ഒരുണര്‍വ് ലഭിക്കുകയുണ്ടായി. ആധുനിക ചമ്പൂകാരന്മാരില്‍ പ്രഥമഗണനീയന്‍ ഗ്രാമത്തില്‍ രാമവര്‍മ കോയിത്തമ്പുരാനാണ് (1853-1915). അദ്ദേഹത്തിന്റെ ചമ്പൂകൃതിയാണ് മീനകേതനചരിതം. അറേബ്യന്‍ രാത്രികളിലെ ഒരു കഥ ആയില്യംതിരുനാള്‍ (1860-80) മീനകേതനചരിതം എന്ന പേരില്‍ മലയാളത്തിലാക്കിയതിനെ അവലംബമാക്കിയാണ് ഈ ചമ്പു രചിച്ചിട്ടുള്ളത്. വിശേഷിച്ചു സാഹിത്യഗുണമൊന്നും അവകാശപ്പെടാനില്ലെങ്കിലും ആധുനിക ചമ്പൂപ്രസ്ഥാനത്തിലെ ആദ്യത്തെ കൃതി എന്ന നിലയില്‍ മീനകേതനചരിതം ശ്രദ്ധയര്‍ഹിക്കുന്നു. ചങ്ങനാശേരി രവിവര്‍മകോയിത്തമ്പുരാന്റെ (1862-1900) കൃതികളാണ് ഉഷാകല്യാണവും ഗൌരീപരിണയവും. മഹാകവി ഉള്ളൂരിന്റെ (1877-1949) സുജാതോദ്വാഹം, കവിതിലകന്‍ പി. ശങ്കരന്‍നമ്പ്യാരുടെ (1892-1954) പാലാഴിമഥനം, കിളിമാനൂര്‍ ഇത്തമ്മര്‍ മൂത്തകോയിത്തമ്പുരാന്റെ ശ്രീമൂലരാജഷഷ്ടിപൂര്‍ത്തി, സര്‍ദാര്‍ കെ.എം. പണിക്കരുടെ (1894-1963) ഹൈദര്‍ നായിക്കന്‍, വാരനാട്ടു കെ.പി. ശാസ്ത്രിയുടെ (1895-1958) ശ്രീചിത്രാഭിഷേകം എന്നിവയാണ് ആധുനിക ചമ്പുക്കളില്‍ പ്രധാനപ്പെട്ടവ. ഇവയില്‍ സുജാതോദ്വാഹം, ഹൈദര്‍ നായിക്കന്‍ എന്നിവ ചരിത്രപരമായ ഇതിവൃത്തങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള ചമ്പുക്കളാണ്.

സംസ്കൃതചമ്പുക്കളുടെ വിവര്‍ത്തനത്തില്‍ ഏറ്റവുമധികം സേവനമര്‍പ്പിച്ച കവിയാണ് ചുനക്കര ഉണ്ണിക്കൃഷ്ണവാരിയര്‍. അദ്ദേഹം മേല്പുത്തൂരിന്റെ എല്ലാ ചമ്പുക്കളും അശ്വതിതിരുനാള്‍ ഇളയതമ്പുരാന്റെ രണ്ടു ചമ്പുക്കളും അനന്തഭട്ടന്റെ ഭാരതം ചമ്പുവും കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ കംസവധം ചമ്പുവും മലയാളത്തിലാക്കുകയുണ്ടായി.

20-ാം ശ.-ത്തിന്റെ വളര്‍ച്ചയോടൊപ്പം ഭാഷയിലെ ചമ്പൂപ്രസ്ഥാനവും ക്ഷയോന്മുഖമായിക്കൊണ്ടിരുന്നു. കാവ്യഗുണംകൊണ്ട് അത്യുച്ചകോടിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്ന മധ്യകാല ചമ്പുക്കളോടു കിടപിടിക്കാന്‍തക്ക മേന്മയുള്ള കൃതികള്‍ പിന്നീട് ഉണ്ടാകാതിരുന്നതാണ് ഈ അപചയത്തിന് ഒരു കാരണം. മറ്റൊന്ന്, സംസ്കൃത ഭാഷയിലുള്ള അനഭിജ്ഞത ചമ്പുക്കളുമായി അകലം പുലര്‍ത്താന്‍ സഹൃദയരെ പ്രേരിപ്പിച്ചു എന്നതാണ്. പാഠകവും കൂത്തും നാശഗര്‍ത്തത്തില്‍ പതിച്ചതോടെ അവ മുഖേനയുള്ള ചമ്പൂപ്രചാരവും നിലച്ചു. ചമ്പുക്കളിലേതിനെക്കാള്‍ ശക്തവും രൂക്ഷവും ആസ്വാദ്യവുമായ നര്‍മപരിഹാസവിമര്‍ശനങ്ങള്‍, കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ക്കഥകളിലൂടെ സാധാരണജനങ്ങള്‍ക്കു ലഭ്യമായതും ചമ്പുക്കളുടെ പ്രചാരത്തിനും നിലനില്പിനും മങ്ങലേല്പിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍