This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമ്പാനീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചമ്പാനീര്‍

ഗുജറാത്തിലെ പുരാതനനഗരവും ഒരു വലിയകോട്ടയും. ഇന്ത്യയുടെ പ. സ്ഥിതിചെയ്യുന്ന ഈ രജപുത്രനഗരം അഹമദാബാദിന് തെ. കിഴക്കായി സ്ഥിതിചെയ്യുന്നു. 8-ാം ശ.-ത്തില്‍ ഗുജറാത്ത് ഭരിച്ചിരുന്ന ഹിന്ദുരാജാവായ വന്‍രാജിന്റെ മന്ത്രി ചമ്പ സ്ഥാപിച്ചതാണ് ഈ നഗരം. 13-ാം ശ. വരെ ഇവിടം ഭരിച്ചിരുന്നത് ത്വാര്‍ (Tuar) വംശജരാണ്. രജപുത്രഛോഹാന്മാര്‍ 15-ാം ശ.-ത്തിന്റെ അന്ത്യംവരെ (1484) ഇവിടം ഭരിച്ചു.

ഡല്‍ഹി സുല്‍ത്താനായ അലാവുദീന്‍ കില്‍ജി (ഭ.കാ. 1296-1316) 1297-ല്‍ ഗുജറാത്ത് ആക്രമിച്ച് തന്റെ ഗവര്‍ണറെ അവിടെ നിയമിച്ചു. 1391-ല്‍ ഗവര്‍ണറായ സഫര്‍ഖാന്‍ സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും തുടര്‍ന്നുവന്ന അഹമ്മദ്ഷാ (1411-41) യഥാര്‍ഥ സ്വതന്ത്രരാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ഇസ്ലാംമതം പ്രചരിപ്പിക്കുന്നതിന് ഗുജറാത്തിലെ രുദ്രമഹാലയ ക്ഷേത്രമുള്‍പ്പെടെയുള്ള ധാരാളം ഹിന്ദുപുണ്യസങ്കേതങ്ങള്‍ നശിപ്പിച്ച് മുസ്ലിം പള്ളികള്‍ നിര്‍മിച്ചതായി കരുതപ്പെടുന്നു. ഇതില്‍ പ്രതിഷേധിച്ച് രൂപവത്കരിച്ച ഒരു ഹിന്ദുമുന്നണിയില്‍ (1416) ചമ്പാനീറിലെ രാജാവായ ട്രിമ്പക്ദാസും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നുവന്ന മുഹമ്മദ്ഷാ (1443-51) 1449-ല്‍ ചമ്പാനീര്‍ ആക്രമിച്ചു. ചമ്പാനീര്‍ രാജാവ് ഗംഗാദാസ് മാള്‍വയിലെ സുല്‍ത്താനായ മുഹമ്മദ്കില്‍ജി (1436-69)യുടെ സഹായം നേടിയതോടുകൂടി മുഹമ്മദ്ഷായ്ക്കു പിന്‍തിരിയേണ്ടിവന്നു. മുഹമ്മദ്ബെഗാറ (1458-1511) 1479-80-കളില്‍ ചമ്പാനീര്‍ ആക്രമിച്ചു. ചമ്പാനീര്‍ രാജാവ് ജയസിംഹന്‍, മുഹമ്മദിന്റെ റാസുലാബാദിലെ ഗവര്‍ണറായ മാലിക്സുധനെ തോല്പിച്ചു. 1482-ല്‍ വീണ്ടും ഇദ്ദേഹം ചമ്പാനീര്‍ ആക്രമിച്ചു. രണ്ടുവര്‍ഷത്തെ പോരാട്ടത്തിനുശേഷം 1484 ന. 21-നു ചമ്പാനീറും മറ്റൊരു കോട്ടയായ പാവഗാറും ഗുജറാത്തിന്റെ അധീനതയിലായി. അവസാനത്തെ രാജാവായ ജയസിംഹനും മന്ത്രിമാരും ഇസ്ലാംമതം സ്വീകരിക്കാത്തതിനാല്‍ അവരെ വധിച്ചതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ഇസ്ലാംമതം സ്വീകരിച്ച് നിസാംമുല്‍മുല്‍ക് എന്ന പേരു സ്വീകരിച്ചു. ചമ്പാനീറിന്റെ പേര് മുഹമ്മദാബാദ് എന്നാക്കുകയും സുല്‍ത്താന്റെ പ്രധാനപ്പെട്ട വാസസ്ഥലങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു. ചമ്പാനീറിലെ വിജയത്തോടെ മുഹമ്മദ് ബെഗാറ എന്ന പേരു സ്വീകരിച്ചു. മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണ്‍ (1507-56) 1535 ആഗ. 5-നു ചമ്പാനീര്‍ പിടിച്ചെടുത്തു. സ്ഥിരമായ സംവിധാനം ഉണ്ടാക്കാത്തതിനാല്‍ 1543-ല്‍ ഗുജറാത്ത് സുല്‍ത്താന്‍ മുഹമ്മദ് III ചമ്പാനീര്‍ തിരിച്ചുപിടിച്ച് തന്റെ ഉദ്യോഗസ്ഥന്മാരെ അവിടെ നിയമിച്ചു. മറാത്താരാജാവായ ബാജിറാവുവിന്റെ കാലത്ത് റാവുവിന്റെ ഉദ്യോഗസ്ഥനായ കന്ദാജി ചമ്പാനീര്‍ അധീനതയിലാക്കി. ഇസ്ലാം സൗധങ്ങളും ജുമാമസ്ജിദും ചമ്പാനീരില്‍ പ്രസിദ്ധങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍