This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമ്പക്കുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചമ്പക്കുളം

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലുള്ള ഒരു വില്ലേജ്. പമ്പാനദിയുടെ തീരപ്രദേശത്താണ് ഇത്. ചമ്പക്കുളം വികസനബ്ളോക്കിന്റെ പരിധിയില്‍പ്പെടുന്ന ഇതേപേരിലുള്ള പഞ്ചായത്തിന്റെ ആസ്ഥാനവും ഇതുതന്നെ. പൊങ്ങ, ആറ്റുവാത്തല, പുന്നക്കുന്നത്തുശേരി, തെക്കേക്കര, അമിച്ചകരി, പുല്ലങ്ങടി, കണ്ടങ്കരി എന്നീ ഏഴുകരകള്‍ ചേര്‍ന്ന ചമ്പക്കുളം വില്ലേജിന് 2296.52 ഹെക്ടര്‍ വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 17,369 (2001)

ചമ്പക്കുളം വള്ളംകളി

ചമ്പക്കുളം മൂലംവള്ളംകളിയാണ് ഈ ഗ്രാമത്തിന്റെ പ്രസിദ്ധിക്കുകാരണം. മിഥുനത്തിലെ മൂലംനാളില്‍ ഇവിടെ പമ്പയാറ്റില്‍ നടക്കുന്ന വള്ളംകളി കാണാന്‍ വിദേശികളുള്‍പ്പെടെ ധാരാളം പേര്‍ എത്തിച്ചേരുന്നു. ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒരൈതിഹ്യം ചമ്പക്കുളം വള്ളംകളിക്കുണ്ട്. ഐതിഹ്യമിതാണ്: അമ്പലപ്പുഴക്ഷേത്രം നിര്‍മിച്ച ചെമ്പകശ്ശേരി പൂരാടംതിരുനാള്‍ രാജാവ് (ജനനം കൊ.വ. 741) പ്രതിഷ്ഠാസമയത്തിനുമുന്‍പ് വിഗ്രഹം ലക്ഷണമൊത്തതല്ലെന്നു കണ്ടെത്തി. 'തെക്കുംകൂര്‍' രാജ്യത്തിലെ കുറിച്ചി ക്ഷേത്രത്തിലുള്ള മനോഹരമായ ഒരു വിഗ്രഹത്തെക്കുറിച്ച് അറിവുകിട്ടിയ രാജാവ്, ആ വിഗ്രഹം എങ്ങനെയും ഇവിടെ എത്തിക്കാന്‍ ഒരു സംഘം ഭൃത്യന്മാരെ നിയോഗിച്ചു. രാജാവിന്റെ ഇംഗിതംപോലെ കുറിച്ചിയിലെ വിഗ്രഹവുമായി തിരിച്ചുവന്ന ഭൃത്യസംഘം സിറിയന്‍ കത്തോലിക്കാകുടുംബമായ 'മാപ്പിളശ്ശേരി'യിലാണ് വിഗ്രഹം ഒരു രാത്രിയിലേക്ക് സൂക്ഷിച്ചത്. ചെമ്പകശ്ശേരി രാജാവ് വിഗ്രഹത്തെ പൂജിച്ച് അടുത്ത ദിവസം പ്രഭാതത്തില്‍ അത് അനവധി ജലവാഹനങ്ങളുടെ അകമ്പടിയോടെ സാഘോഷം അമ്പലപ്പുഴയില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഒരു മിഥുനമാസം മൂലംനാളിലായിരുന്നു വിഗ്രഹവുമായി അമ്പലപ്പുഴയ്ക്കു പോയത്. ഈ സംഭവത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും ഇതേ ദിവസം ആര്‍ഭാടപൂര്‍വം വള്ളംകളിമത്സരം നടത്തുന്നു. ചുണ്ടന്‍, ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ തുടങ്ങിയ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സര്‍വമതവിഭാഗങ്ങളിലുംപെട്ടവര്‍ പങ്കെടുക്കുന്ന കുട്ടനാട്ടിലെ ഒരു ദേശീയോത്സവമായി ഇത് മാറിക്കഴിഞ്ഞു. ആലപ്പുഴ ജില്ലാകളക്ടര്‍ ചെയര്‍മാനും കുട്ടനാട് തഹസില്‍ദാര്‍ കണ്‍വീനറുമായുള്ള ഒരു പ്രാദേശിക സമിതിയുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പഞ്ചായത്തുകമ്മിറ്റിയും ജലമേളയ്ക്ക് സാമ്പത്തിക സഹായം നല്കുന്നു. വിജയികള്‍ക്ക് വിവിധ ട്രോഫികള്‍ സമ്മാനമായി ലഭിക്കും.

ചമ്പക്കുളത്തെ കല്ലൂര്‍ക്കാട് സിറിയന്‍ കത്തോലിക്കാപ്പള്ളിക്കാണ് ജലോത്സവത്തിനുവേണ്ട കൊടിയും കയറും നല്കുവാനുള്ള അവകാശം. വിഗ്രഹഘോഷയാത്രയെ പള്ളി അധികൃതര്‍ ഏറെ സഹായിച്ചതിനാലാണ് ഈ അവകാശം അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചത്. കല്ലൂര്‍ക്കാട് പള്ളിയുടെ നവീകരണത്തിനായി ചെമ്പകശ്ശേരി രാജാവ് ധനസഹായം ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ ദേവാലയത്തിന് കരമൊഴിവായി വസ്തുക്കളും നല്കിയിരുന്നു. തുലാമാസത്തിലെ (ഒ.-ന.) രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച് എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഇവിടത്തെ പെരുനാളാഘോഷം പ്രസിദ്ധമാണ്. മൂന്നു ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡിന്റെ ഹൈസ്കൂളും പള്ളിവക ഹൈസ്കൂളും വില്ലേജിലുണ്ട്.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍