This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചഫേക്കര്‍ സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചഫേക്കര്‍ സഹോദരന്മാര്‍

ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലെ ആദ്യകാല വിപ്ലവകാരികള്‍. ദാമോദര്‍ ചഫേക്കര്‍ (1870-98), ബാലകൃഷ്ണ ചഫേക്കര്‍ (1873-99), വാസുദേവ് ചഫേക്കര്‍ (1879-99) എന്നിവരാണ് ചഫേക്കര്‍ സഹോരന്മാര്‍ എന്നപേരില്‍ അറിയപ്പെടുന്നത്. കൊങ്കണിലെ ചഫേക്കര്‍ അഥവാ ചിത്പവന്‍ ബ്രാഹ്മണകുടുംബത്തില്‍പ്പെട്ട ഇവര്‍ പൂണെയിലെ ചിഞ്ചാവാദില്‍ ജനിച്ചു. പിതാവ് ഹരിപന്ത് പൂജാരി. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഇവര്‍ പിതാവിനെ പൂജാസമയങ്ങളില്‍ കീര്‍ത്തനങ്ങള്‍പാടി സഹായിച്ചിരുന്നു. യാഥാസ്ഥിതികരായ ഇവര്‍ അന്നത്തെ സാമൂഹിക പരിഷ്കാരങ്ങള്‍ക്കെതിരായിരുന്നു. 19-ാം ശ.-ത്തിന്റെ അവസാന ഘട്ടത്തില്‍ മുംബൈയില്‍ ഹിന്ദുമുസ്ലിം വിപ്ലവം ഉണ്ടായി. തുടര്‍ന്ന് ഇവര്‍ ഹിന്ദുമത സംരക്ഷണാര്‍ഥം ഒരു സംഘടന രൂപവത്കരിച്ചു. അന്നത്തെ യുവാക്കളെ കായികമായും, സൈനികമായും പരിശീലനം കൊടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍ സജ്ജരാക്കി. സാമൂഹിക പരിഷ്കര്‍ത്താക്കളെ ആക്രമിക്കുക, ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിമയില്‍ ടാറൊഴിക്കുക തുടങ്ങിയ പരിപാടികളാണ് ഇവര്‍ ചെയ്തത്. കൂടാതെ ഗണപതി മേളകളില്‍ പങ്കെടുക്കുകയും ശിവാജിയെക്കുറിച്ച് പുകഴ്ത്തിപ്പാടുകയും ചെയ്തു.

1896-ല്‍ മുംബൈയില്‍ പ്ളേഗ് ഉണ്ടായപ്പോള്‍ റാന്‍ഡേയെ പ്രത്യേക പ്ളേഗ് ആഫീസറായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ചു. 1897 ജൂണ്‍ 22-ന് ബ്രിട്ടീഷ് രാജ്ഞിയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് ഗണേഷ്ഖിണ്ഡിലെ ഗവണ്‍മെന്റ് കെട്ടിടത്തില്‍ റാന്‍ഡേയും, ലെഫ്. ആയറെസ്റ്റും അതിഥികളായി എത്തി. തിരിച്ചുപോകുന്നവഴി ദാമോദര്‍ കാറിനുള്ളില്‍ കടന്ന് റാന്‍ഡേയെയും, ബാലകൃഷ്ണ ആയറെസ്റ്റിനെയും വെടിവച്ചുകൊന്നു. മുംബൈയില്‍വച്ച് 1897 ഒ.-ല്‍ ഗണേഷ്ശങ്കര്‍ ദ്രാവിഡിന്റെ അറിവോടുകൂടി ദാമോദറെ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയും 1898 ഏ. 18-നു തൂക്കിക്കൊല്ലുകയും ചെയ്തു. നൈസാമിന്റെ നാട്ടില്‍ അഭയം പ്രാപിച്ച ബാലകൃഷ്ണയെ 1899 മേയ് 12-നു തൂക്കിക്കൊന്നു. ഗണേഷ്ശങ്കര്‍ ദ്രാവിഡിന്റെ വഞ്ചന മനസ്സിലാക്കിയ വാസുദേവ് അദ്ദേഹത്തെ 1899 ഫെ. 9-നു വെടിവച്ചുകൊന്നു. 1899 മേയ് 8-ന് വാസുദേവിനെയും തൂക്കിലേറ്റി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍