This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രോത്സവം (15-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രോത്സവം (15-ാം ശ.)

മലയാളകാവ്യം. മണിപ്രവാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതി. 15-ാം ശ.-ത്തില്‍ വിരചിതമായ ഈ കാവ്യത്തിന്റെ കര്‍ത്താവ് ഒരു കേരളീയ ബ്രാഹ്മണനാണെന്നു മാത്രമേ അറിയുന്നുള്ളൂ. ചന്ദ്രികാ മഹോത്സവം, മേദിനീ ചന്ദ്രികോത്സവം എന്നും ഈ കൃതിക്കു പേരുകളുണ്ട്. മേദിനീവെണ്ണിലാവ് എന്ന വാരാംഗന ചന്ദ്രോത്സവം കൊണ്ടാടുന്നതാണ് കാവ്യത്തിലെ പ്രതിപാദ്യം. മരതക പര്‍വതത്തില്‍ മധുവിധു ആഘോഷിക്കുന്ന ഗന്ധര്‍വ ദമ്പതികള്‍ക്ക് ഭൂമിയില്‍ നിന്നുള്ള ദിവ്യമായ ഒരു പരിമളം അനുഭവപ്പെടുകയും അത് ഏതോ പുഷ്പത്തിന്റേതാണെന്നു ധരിച്ചുവശായ പ്രേയസിയുടെ ആഗ്രഹപ്രകാരം ഗന്ധര്‍വന്‍ പുഷ്പമന്വേഷിച്ച് ഭൂമിയിലെത്തുകയും ചെയ്തു. തൃശൂരിനടുത്തുള്ള ചിറ്റിലപ്പള്ളി എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന ഗന്ധര്‍വന്‍, മേദിനീവെണ്ണിലാവ് നടത്തുന്ന ചന്ദ്രോത്സവവേദിയില്‍ കത്തിക്കൊണ്ടിരിക്കുന്ന ദീപത്തില്‍നിന്നാണു പരിമളമുയരുന്നതെന്നു മനസ്സിലാക്കി. ആറു ദിവസത്തെ ആഘോഷങ്ങളില്‍ മുഴുകിക്കഴിഞ്ഞ ഗന്ധര്‍വന്‍ മടങ്ങിയെത്തി പ്രേയസിയോട് ഉത്സവവിശേഷങ്ങള്‍ വര്‍ണിക്കുന്ന രീതിയിലാണ് കാവ്യരചന നടത്തിയിരിക്കുന്നത്.

അഞ്ചു ഭാഗങ്ങളും അഞ്ഞൂറ്റി എഴുപതോളം ശ്ളോകങ്ങളുമുള്ള ചന്ദ്രോത്സവം കേരളത്തിന്റെ മഹിമ പുകഴ്ത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. നായികാമാതൃവര്‍ണനയാണ് ഒന്നാം ഭാഗത്തില്‍ മുഖ്യം. മേദിനീവെണ്ണിലാവിന്റെ ജനനബാല്യയൌവനങ്ങള്‍ രണ്ടാം ഭാഗത്തില്‍ വിവരിക്കുന്നു. മൂന്നാംഭാഗത്തില്‍ ശ്രീമംഗലഭവനം, സ്ത്രീസമാജം തുടങ്ങിയ കാര്യങ്ങളാണ് വര്‍ണിക്കുന്നതെങ്കില്‍ നാലാം ഭാഗത്തില്‍ ചന്ദ്രോത്സവത്തിനെത്തുന്ന സ്ത്രീപുരുഷന്മാരുടെ വരവ് ചിത്രീകരിക്കുകയാണ്. അവസാനഭാഗത്തില്‍ സദസ്യരെ വര്‍ണിച്ചശേഷം സമാപനച്ചടങ്ങുകള്‍ വിവരിക്കുന്നു.

ഓടനാട്, കണ്ടിയൂര്‍, മതിലകം, പാലയൂര്‍, കോഴിക്കോട് തുട ങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഉത്സവത്തില്‍ പങ്കുകൊള്ളാനെത്തുന്ന വാരാംഗനമാര്‍ മാരലേഖ, മാനവീമേനക, മാരചേമന്തിക, കനകാവലി, കൊടുങ്ങല്ലൂര്‍ ആനന്ദനീവി, തേന്മാതവി, നന്ദിപുലത്ത് ഇട്ടി, കുറ്റിപ്പുറത്ത് ഉണ്ണിച്ചിരുതേവി, ചേരിക്കുളത്ത് ഉണ്ണിച്ചിരുത, ചന്ത്രത്തില്‍ ഉണ്ണിയച്ചി, പുഷ്പലേഖ തുടങ്ങി നിരവധി പേരുണ്ട്. ഇവര്‍ക്കോരോരുത്തര്‍ക്കും കവികളുടെ അകമ്പടിയുണ്ട്. മേനാവ് ഉപയോഗിക്കാന്‍ അധികാരമില്ലാത്തതുകൊണ്ട് 'യുവജനമുതുകെന്നും പൊന്‍മണിത്തണ്ടുമേറി'യാണ് പലരും വരുന്നത്. പുനം, ശങ്കരകവി, രാഘവകവി തുടങ്ങി സ്ത്രീലമ്പടന്മാരായ കവികള്‍ ദേവദാസികളോടൊപ്പം ആഗതരാകുന്നുണ്ട്.

അഞ്ചു കക്ഷ്യകളുള്ള വെണ്‍മാടത്തില്‍ ഓരോ കക്ഷ്യയിലിരുന്ന് കാമദേവന്റെ പഞ്ചബാണങ്ങളിലോരോന്നുകൊണ്ട് ഓരോ ദിവസവും അഞ്ചുതവണ അര്‍ച്ചന നടത്തുന്നതാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഉത്സവത്തിന്റെ അവസാനത്തില്‍ സന്തുഷ്ടനായ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ട് മേദിനീവെണ്ണിലാവിനെ അനുഗ്രഹിക്കുന്നു. രോഹിണി അവള്‍ക്കു മുക്താഹാരം നല്കുന്നുമുണ്ട്.

ചന്ദ്രോത്സവത്തില്‍ വര്‍ണിക്കപ്പെടുന്ന ഗണികകളും വേശ്യകളും മറ്റും പതിനാല്, പതിനഞ്ച് ശതകങ്ങളില്‍ പല കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന ഉര്‍വശീകുലജാതകളാണെന്നും, കാവ്യം ഒരു പരിഹാസകവനമാണെന്നും പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നുണ്ട്. ഭാഷാ സംസ്കൃത പദങ്ങളുടെയും ശബ്ദാര്‍ഥങ്ങളുടെയും അലങ്കാര പ്രയോഗങ്ങളുടെയും സമഞ്ജസമായ മേളനത്താല്‍ അനുഗൃഹീതമായ ചന്ദ്രോത്സവം മണിപ്രവാളകാവ്യങ്ങളുടെ എല്ലാ സ്വഭാവവിശേഷങ്ങളും പ്രകടമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍