This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രിക കുമാരതുംഗ (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രിക കുമാരതുംഗ (1945 - )

ശ്രീലങ്കയിലെ ആദ്യത്തെ വനിതാപ്രസിഡന്റ്. മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിമാരായ സോളമന്‍ ബന്ദാരനായകയുടെയും സിരിമാവോ ബന്ദാരനായകയുടെയും പുത്രിയായി ചന്ദ്രിക 1945 ജൂണ്‍ 29-നു ജനിച്ചു. സെന്റ് ബ്രിജിറ്റ് കോണ്‍വെന്റിലെ വിദ്യാഭ്യാസത്തിനുശേഷം പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദമെടുത്തു. പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ തന്നെയായിരുന്നു ചന്ദ്രിക. സിംഹള, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ ഇവര്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിസിറ്റിങ് ലക്ചറര്‍ ആയിരുന്നു. 1978-ല്‍ കമ്യൂണിസ്റ്റ് നേതാവും, സിംഹള ചലച്ചിത്രതാരവുമായ വിജയ കുമാരതുംഗയെ വിവാഹം കഴിച്ചു. വിജയ രണ്ടു പ്രാവശ്യം ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടി (SLFP) ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഈ പാര്‍ട്ടിവിട്ട് രണ്ടുപേരും ശ്രീലങ്കാ മഹാജനപക്ഷ എന്ന പാര്‍ട്ടി (1984) രൂപവത്കരിച്ചു. വിജയയുടെ ചലച്ചിത്രരംഗത്തെ വളര്‍ച്ച ഈ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായി. എന്നാല്‍ ജനതാവിമുക്തി പെരുമുന എന്ന ഇടതുപക്ഷ തീവ്രവാദികക്ഷി വിജയയെ 1988-ല്‍ വധിച്ചു. ഇതിനെത്തുടര്‍ന്ന് ചന്ദ്രിക രണ്ടുകൊല്ലം ലണ്ടനില്‍ താമസിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കോമണ്‍വെല്‍ത്ത് സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയായി ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ചന്ദ്രിക ബഹുജന നിധാസ് പക്ഷ എന്ന പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും വിജയിച്ചില്ല. 1992-ല്‍ ചന്ദ്രിക ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടിയിലേക്ക് മടങ്ങി. 1993-മാ.-ല്‍ നടന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചന്ദ്രിക പ്രവിശ്യാ മുഖ്യമന്ത്രിയായി. തുടര്‍ന്ന് ഭരണകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ (യു.എന്‍.പി.) പരാജയപ്പെടുത്തി തെക്കന്‍ പ്രവിശ്യാ സമിതി തെരഞ്ഞെടുപ്പിലും വിജയിച്ചു; പാര്‍ട്ടിയുടെ ഉപനേതാവായി. ശ്രീലങ്ക പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ (1994 ആഗ.) ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടി ഉള്‍പ്പെട്ട പ്രതിപക്ഷസഖ്യമായ പീപ്പിള്‍സ് അലയന്‍സിന്റെ നേതാവായി. ഭരണകക്ഷിയായ യു.എന്‍.പി.യെ പരാജയപ്പെടുത്തി ചന്ദ്രിക 1994 ആഗ. 19-നു ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1994 ന.-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ചന്ദ്രിക 2005 നവംബര്‍ വരെ ശ്രീലങ്കയിലെ നാലാമത്തെ പ്രസിഡന്റായി ആ പദവി അലങ്കരിച്ചു. ഇതിനിടെ 1999-ലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ (ഡി. 18) തമിഴ്പുലികള്‍ നടത്തിയ വധശ്രമത്തില്‍നിന്നും ഇവര്‍ രക്ഷപ്പെടുകയുണ്ടായി. 2001-ല്‍ യു.എന്‍.പി. രാഷ്ട്രീയമായ തിരിച്ചടി നേരിട്ടപ്പോള്‍ ഇടതുസംഘടനയായ ജനതാവിമുക്തി പോരാമുന(ജെ.വി.പി.)യുമായി സഖ്യം ചേര്‍ന്ന് പുതിയ മുന്നണിയായ യു.പി.എഫ്.എ. രൂപീകരിച്ചതിലും മഹീന്ദ്ര രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതിലും ചന്ദ്രിക കുമാരതുംഗ നിര്‍ണായകപങ്കുവഹിച്ചിരുന്നു. പ്രസിഡന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് (2005) തത്സ്ഥാനത്തുനിന്നും വിരമിച്ച ചന്ദ്രിക നിലവില്‍ കൌണ്‍സില്‍ ഒഫ് വുമണ്‍ വേള്‍ഡ് ലീഡേഴ്സ് തുടങ്ങിയ രാജ്യാന്തര സംഘടനകളില്‍ സജീവമായി. മെഡിക്കല്‍ രംഗത്ത് സേവനമനുഷ്ഠിക്കുന്ന യശോധര കുമാരതുംഗയും വിമുക്തി കുമാരതുംഗയുമാണ് മക്കള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍