This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഹാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രഹാസം

വാള്‍. ചന്ദ്രനെപ്പോലെ വെളുവെളെ തിളങ്ങുന്നത് എന്നു പദാര്‍ഥം. രാവണന്റെ വാള്‍ എന്നു സവിശേഷാര്‍ഥം. വാല്മീകീരാമായണത്തില്‍ ഉത്തരകാണ്ഡത്തില്‍ അഗസ്ത്യന്‍ മുതലായ മഹര്‍ഷിമാര്‍ ശ്രീരാമനെ കാണാന്‍ വന്ന് രാവണന്റെ ജനനം, തപസ്, ദിഗ്വിജയം മുതലായ അപദാനങ്ങള്‍ വര്‍ണിച്ചു കേള്‍പ്പിക്കുന്നു. ദിഗ്വിജയാവസരത്തിലാണ് രാവണന്‍ കൈലാസോദ്ധാരണം നടത്തിയത്. തത്കാലം കോപഭാവമഭിനയിച്ച് അകന്നിരുന്ന പാര്‍വതിയുടെ പുനഃസമാഗമത്തിന് കൈലാസോദ്ധാരണം കാരണമായതില്‍ ശിവന്‍ പ്രസാദിച്ച് രാവണന്‍ എന്ന പേരും ചന്ദ്രഹാസവും നല്കുന്നു (വാ.രാ.ഉ. സര്‍ഗം. 16 ശ്ളോ. 32, 33). ചന്ദ്രഹാസം ദിവ്യസിദ്ധിയുള്ള ഒന്നാകയാല്‍ ഒരിക്കലും അപമാനിക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് രാവണന്റെ കൈയില്‍ നിന്നു ശിവനിലേക്കുതന്നെ തിരിച്ചുവരുന്നതാണ് എന്നും താക്കീത് ചെയ്യുന്നുണ്ട്. രാവണന്റെ ശത്രുവിജയത്തിന് ചന്ദ്രഹാസം വളരെ സഹായകമായിരുന്നു. ചന്ദ്രഹാസം ശിവന്റെ അടുക്കലേക്ക് തിരിച്ചുപോയതായി സൂചനയില്ല.

(പ്രൊഫ. എ.വി. ശങ്കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍