This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖര കംബര്‍ (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രശേഖര കംബര്‍ (1938 - )

കന്നഡ സാഹിത്യകാരന്‍. ഫോക്ലോര്‍ രംഗത്താണ് അധികവും പ്രവര്‍ത്തിച്ചത്. ചലച്ചിത്ര സംവിധായകന്‍കൂടിയായ ഇദ്ദേഹം കന്നഡ സാഹിത്യത്തില്‍ എം.എ. ബിരുദമെടുത്തശേഷം 1975-ല്‍ പിഎച്ച്.ഡി. നേടി. ഷിക്കാഗോ സര്‍വകലാശാലയില്‍ ഇദ്ദേഹം കുറേക്കാലം ഗസ്റ്റ് ലക്ചററായിരുന്നു.

കന്നഡ കവിതയ്ക്കും നാടകത്തിനും ഇദ്ദേഹം മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. മുഗുള, ഹെലാതേന കേല, തകരരി നവരു, സവിരധനെരാലു എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. നാടോടി വൃത്തങ്ങളില്‍ ഗ്രാമീണവും നാഗരികവുമായ ബിംബങ്ങള്‍ ഇണക്കിച്ചേര്‍ത്തു രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കവിതകള്‍ കന്നഡ നവ്യ കവിതയോടുള്ള മൌലികമായ പ്രതികരണം എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

ചന്ദ്രശേഖര കംബര്‍

കര്‍ണാടകത്തിലെ ലിംഗദേവതാ സങ്കല്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളെ അധികരിച്ച് രചിച്ചിട്ടുള്ള ജോകുമാരസ്വാമി (1973) ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ നാടകം. ഇതിനു കന്നഡ സാഹിത്യ അക്കാദമിയുടെ മികച്ച നാടകത്തിനുള്ള ശ്രീമതി കമലാദേവി ചതോപാധ്യായ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെമ്പട്ടിസ കണ്ണു, നാര്‍സിസ്സസ്, ഋശ്യശൃംഗ, ചലേഷ, ജൈസിദനായക എന്നിവയാണ് മറ്റു നാടകങ്ങള്‍. കിട്ടികതെ, നായ്കതെ, കഡുകൂഡരെ എന്നീ ബാലനാടകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. കരിമായി എന്ന നോവലിലൂടെ നോവല്‍ രചനയിലുള്ള തന്റെ മികവും ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്.

കന്നഡ ഫോക്ലോര്‍ പഠന സമാഹരണരംഗങ്ങളില്‍ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതാണ്. ഉത്തരകര്‍ണാടകത്തിലെ നാടോടിനാടകങ്ങളെക്കുറിച്ചും ബയലാട്ട എന്ന നാടോടിക്കലാരൂപത്തെക്കുറിച്ചും ഇദ്ദേഹം നടത്തിയിട്ടുള്ള പഠനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സംഖ്യാബാല്യ (നാടോടി നാടകം, 1965), മറ്റാഡോലിംഗവെ (നാടോടിപ്പാട്ടുകള്‍, 1972), ബെഡാരാ ഹുഡുഗ മട്ടുഗിലി (നാടോടിക്കഥകള്‍, 1979), കാസിഗൊണ്ടു ശെതു (നാടോടിക്കഥകള്‍, 1979) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യസമാഹാരങ്ങള്‍. കന്നഡ സാഹിത്യപരിഷത്തിന്റെ ഫോക്ലോര്‍ ഡിക്ഷ്ണറിയുടെ എഡിറ്റര്‍ എന്ന നിലയില്‍ അനുഷ്ഠിച്ച സേവനം നിസ്തുലമാണ്.

രണ്ട് കഥാചിത്രങ്ങളും രണ്ട് ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍