This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖരന്‍, കെ. (1921 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രശേഖരന്‍, കെ. (1921 - 2006)

കെ. ചന്ദ്രശേഖരന്‍

കേരളത്തിലെ ജനതാദള്‍ കക്ഷി നേതാവ്. 1921 സെപ്. 22-ന് തൃശൂരില്‍ കെ. രാമവര്‍മയുടെയും കുഞ്ഞിക്കാവമ്മയുടെയും പുത്രനായി ജനിച്ചു. തൃശൂരും എറണാകുളത്തും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമബിരുദം നേടിയശേഷം കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും അഭിഭാഷകനായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇദ്ദേഹം 1944-ല്‍ നാഗ്പൂരില്‍വച്ചുനടന്ന അഖിലേന്ത്യാ വിദ്യാര്‍ഥി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം 1957-ലും 1960-ലും ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍ നിന്നും കേരള നിയമസഭാംഗമായി. 1960-ല്‍ ഇദ്ദേഹം പട്ടം താണുപിള്ളയുടെ സംയുക്ത മന്ത്രിസഭയില്‍ റവന്യൂ-നിയമ വകുപ്പു മന്ത്രിയായി. 1963-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. 1963 മുതല്‍ സംയുക്ത സോഷ്യലിസ്റ്റു പാട്ടിയില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ 1966 വരെ അതിന്റെ   സംസ്ഥാന ചെയര്‍മാന്‍ ആയിരുന്നു. 1967-ലും 1970-ലും ഇദ്ദേഹം രാജ്യസഭാംഗമായി. ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇദ്ദേഹം 1977-ലും 80-ലും 82-ലും 87-ലും വടകര നിന്നു കേരള നിയമസഭാംഗമായി. ജനതാപാര്‍ട്ടിയുടെ സംസ്ഥാന ചെയര്‍മാന്‍ ആയിരുന്നിട്ടുണ്ട്. എട്ടാം കേരള നിയമസഭയില്‍ (1987-91) ജനതാപാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായിരുന്നു. 1987-ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1991-ല്‍ വടകരനിന്നും വീണ്ടും നിയമസഭാംഗമായി.

കണ്ണൂര്‍ ജില്ലാ വികസന സമിതി അംഗം (1957-64), റബ്ബര്‍ ബോര്‍ഡ് അംഗം (1968-71), കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം (1964-72), കേരള മൗണ്ടനീയറിങ് അസോസിയേഷന്‍ അംഗം എന്നീ നിലകളിലും കെ. ചന്ദ്രശേഖരന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 ആഗ. 15-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍