This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖരന്‍, എം.ആര്‍. (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:07, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രശേഖരന്‍, എം.ആര്‍. (1929 - )

മലയാള സാഹിത്യകാരന്‍. തൃശൂരിനടുത്ത് പോട്ടോര് എന്ന ഗ്രാമത്തില്‍ രാമന്‍ വൈദ്യരുടെയും ദേവകിയുടെയും പുത്രനായി 1929 ഡി. 26-നു ചന്ദ്രശേഖരന്‍ ജനിച്ചു. തിരൂര്‍ സെന്റ് തോമസ് സ്കൂള്‍, തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1960-ല്‍ മലയാള സാഹിത്യത്തില്‍ എം.എ. ബിരുദം നേടി. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തില്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ച നവജീവന്റെയും മാതൃഭൂമിയുടെയും സഹപത്രാധിപരായി കുറേനാള്‍ ജോലിചെയ്തശേഷം കൊടകര നാഷണല്‍ ഹൈസ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 1956-ല്‍ കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ ലക്ചറര്‍ ആയി നിയമിതനായി. 1965-ല്‍ പയ്യന്നൂര്‍ കോളജിലെ സീനിയര്‍ ലക്ചറര്‍ ആയി ഉദ്യോഗം സ്വീകരിച്ചു. പിന്നീട് അവിടെ പ്രിന്‍സിപ്പലായി. കേരളസാഹിത്യ സമിതിയുടെ സ്ഥാപകാംഗം, കേരള സാഹിത്യ അക്കാദമി അംഗം, കോഴിക്കോട് സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരൂപണങ്ങളും വിവര്‍ത്തനങ്ങളുമായി നിരവധി കൃതികള്‍ ചന്ദ്രശേഖരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഘുനിരൂപണങ്ങള്‍, നിരൂപകന്റെ രാജ്യഭാരം, നാം ജീവിക്കുന്ന ഈ ലോകം, ഉഴുതുമറിച്ച പുതുമണ്ണ്, ഡോണിലെ കൊയ്ത്ത്, പടിവാതില്‍ക്കല്‍, ജെംഗിസ്ഖാന്‍, തിമൂര്‍, കൊക്കോറോ മാനത്തേക്കുനോക്കുമ്പോള്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. കവിതാനിരൂപണത്തിലെന്നപോലെ നോവല്‍, കഥ എന്നിവയുടെ വിമര്‍ശനത്തിലും ഇദ്ദേഹം ശ്രദ്ധേയനാണ്. മാര്‍ക്സിയന്‍ വീക്ഷണഗതി തന്റെ നിരീക്ഷണങ്ങള്‍ക്ക് ഉപോത്ബലകമായി ഇദ്ദേഹം സ്വീകരിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍