This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രശേഖരന്‍നായര്‍, എന്‍. (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:06, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദ്രശേഖരന്‍നായര്‍, എന്‍. (1923 - )

ഹിന്ദിഭാഷാപണ്ഡിതനും ഗ്രന്ഥകാരനും. 1923 ഡി. 29-ന് ശാസ്താംകോട്ടയിലെ പനയംവിള കിഴക്കതില്‍ വീട്ടില്‍, എന്‍. നീലകണ്ഠപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു. വിവിധ ഹൈസ്കൂളുകളില്‍ ഹിന്ദി പണ്ഡിറ്റ് ആയി സേവനമനുഷ്ഠിച്ചശേഷം 1951-ല്‍ എന്‍.എസ്.എസ്. കോളജില്‍ അധ്യാപകനായി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എം.എ.യും ബിഹാര്‍ വിശ്വവിദ്യാലയത്തില്‍ നിന്ന് പിഎച്ച്.ഡിയും നേടിയിട്ടുള്ള ഇദ്ദേഹം തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ ഹിന്ദി പ്രൊഫസറും വകുപ്പധ്യക്ഷനുമായിരിക്കെ 1984-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ഹിന്ദി സാഹിത്യത്തിനു നല്കിയ സംഭാവനകളെ പുരസ്കരിച്ച് അഖില ഭാരതീയ സംസ്കൃത സാഹിത്യസമ്മേളന്‍ (മഹാരാഷ്ട്ര ശാഖ) 1968-ല്‍ ഡോക്ടര്‍ ഒഫ് ലിറ്ററേച്ചര്‍, മാസ്റ്റര്‍ ഒഫ് എഡ്യൂക്കേഷന്‍ എന്നീ ബിരുദങ്ങള്‍ ഇദ്ദേഹത്തിനു നല്കുകയുണ്ടായി. കേരള ഹിന്ദി സാഹിത്യ പരിഷത് പ്രസിഡന്റായും, ഒറ്റപ്പാലം ഗാന്ധിവിജ്ഞാന ഭവനം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ചന്ദ്രശേഖരന്‍നായര്‍ ഹിന്ദിയിലും മലയാളത്തിലുമായി മുപ്പത്തഞ്ചു കൃതികള്‍ രചിച്ചിട്ടുണ്ട്. ദ്വിവേണി, കുരുക്ഷേത്ര് ജാഗ്താ ഹൈ, യുഗസംഗമ്, സേവാശ്രമ്, ദേവയാനി (നാടകങ്ങള്‍), ഹാര്‍ കീ ജീത്, പ്രൊഫസര്‍ ഔര്‍ റസോയിയ (ചെറുകഥകള്‍), ഹിമാലയ് ഗരജ് രഹാ ഹൈ (ഖണ്ഡകാവ്യം), നിബന്ധമഞ്ജുഷ, ഭാരതീയ സാഹിത്യ, ഭാരതീയ സാഹിത്യ ഔര്‍ കലായേം (പഠനങ്ങള്‍), ചിരഞ്ജീവി (കവിതകള്‍), അതീത് കേ ദിന്‍, മഹര്‍ഷി വിദ്യാധിരാജ തീര്‍ഥപാദ് (ജീവചരിത്രം), ഹിന്ദി ഔര്‍ മലയാളം കേ (ദോ) സിംബോളിക് (പ്രതീകവാദി) കവി എന്നിവയാണ് ഹിന്ദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന കൃതികള്‍. ദ്വിവേണി, കുരുക്ഷേത്രം ഉണരുന്നു, യുഗസംഗമം, ദേവയാനി, ചതുരംഗം, ഭഗവാന്‍ ബുദ്ധന്‍ (നാടകങ്ങള്‍), മഹാത്മാഗാന്ധി (ജീവചരിത്രം), സീതമ്മ (നോവല്‍) എന്നിവ മലയാളകൃതികളില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്കുപുറമേ, ഇദ്ദേഹം പല ഗ്രന്ഥങ്ങള്‍ എഡിറ്റു ചെയ്യുകയും, ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്കും മറിച്ചും, ചില ഗ്രന്ഥങ്ങള്‍ തര്‍ജിമ ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേവയാനിക്ക് 1972-ലും പ്രൊഫസര്‍ ഔര്‍ റസോയിയയ്ക്ക് 1974-ലും കേന്ദ്ര വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പിന്റെ അവാര്‍ഡു ലഭിക്കുകയുണ്ടായി. സ്വാതന്ത്യ്രാനന്തരകാലത്ത് ദക്ഷിണേന്ത്യയിലുണ്ടായ ഏറ്റവും നല്ല ഹിന്ദി പുസ്തകമായി ഹൈദരാബാദിലെ ഹിന്ദി പ്രതിഷ്ഠാന്‍ 1979-ല്‍ ഇദ്ദേഹത്തിന്റെ കുരുക്ഷേത്ര് ജാഗത് ഹൈ തിരഞ്ഞെടുക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍